തുടര്‍ചലനങ്ങള്‍ സൃഷ്ടിച്ച് തരൂര്‍; തരംഗം തടയാന്‍ നേതൃത്വം


അനിഷ് ജേക്കബ്

3 min read
Read later
Print
Share

അച്ചടക്കനടപടിക്കെണിയില്‍ വീഴാതിരിക്കാന്‍ സൂക്ഷിച്ചാണ് തരൂരിന്റെയും നീക്കം. കോണ്‍ഗ്രസ് നയങ്ങള്‍ക്കെതിരേ അദ്ദേഹമൊന്നും സംസാരിക്കുന്നില്ല. സംഘപരിവാറിനെതിരായ നിലപാടുകളിലൂന്നിയാണ് പ്രസംഗം.

കണ്ണൂർ ജവഹർലാൽ നെഹ്‌റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ നെഹ്‌റു സ്മാരക പ്രഭാഷണത്തിന് ശശിതരൂർ എത്തിയപ്പോൾ. ഫോട്ടോ - സി. സുനിൽകുമാർ, മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ ഇടംതേടി ശശി തരൂരിന്റെ പര്യടനം സജീവമാകുമ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അത് ചലനം സൃഷ്ടിച്ചുതുടങ്ങി. തരൂരിനെതിരേ മുതിര്‍ന്ന നേതാക്കളിലേറെപ്പേരും നിലകൊള്ളുമ്പോള്‍, പുതുതലമുറയാണ് അദ്ദേഹം സൃഷ്ടിക്കുന്ന തരംഗത്തില്‍ ആകൃഷ്ടരാകുന്നത്. അപ്രതീക്ഷിതമായി കൈവരുന്ന പിന്തുണ ഊര്‍ജമാക്കി മാറ്റാനാണ് തരൂര്‍ ക്യാമ്പിന്റെ ശ്രമം.

പ്രമുഖരെ സന്ദര്‍ശിച്ച് സംസ്ഥാനത്ത് ചുവടുറപ്പിക്കുന്നതിന്റെ സൂചന നല്‍കുന്ന തരൂര്‍ തലശ്ശേരി ബിഷപ്പിനെയും മറ്റും കണ്ടു. എന്‍.എസ്.എസ്. പരിപാടിയില്‍കൂടി പങ്കെടുക്കുന്നതിലൂടെ ആദ്യഘട്ടം വിജയകരമാകുമെന്നാണ് തരൂര്‍ ക്യാമ്പിന്റെ വിശ്വാസം. സംഘപരിവാറിനെതിരായ നിലപാടുകളില്‍ നേരത്തേതന്നെ തരൂരിനോട് ആഭിമുഖ്യമുള്ള മുസ്ലിം ലീഗ് നേതൃത്വവുമായി ബന്ധം ഊട്ടിയുറപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

സംസ്ഥാനനേതൃത്വത്തില്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുന്ന നേതാവ് വേണമെന്ന പ്രചാരണമാണ് അദ്ദേഹത്തോടൊപ്പമുള്ളവര്‍ നടത്തുന്നത്. പ്രതിപക്ഷപ്രവര്‍ത്തനം പോരെന്നാണ് അവരുടെ പക്ഷം. അച്ചടക്കനടപടിക്കെണിയില്‍ വീഴാതിരിക്കാന്‍ സൂക്ഷിച്ചാണ് തരൂരിന്റെയും നീക്കം. കോണ്‍ഗ്രസ് നയങ്ങള്‍ക്കെതിരേ അദ്ദേഹമൊന്നും സംസാരിക്കുന്നില്ല. സംഘപരിവാറിനെതിരായ നിലപാടുകളിലൂന്നിയാണ് പ്രസംഗം.

ഇതേസമയം, മുതിര്‍ന്നനേതാക്കളുടെ നിലപാട് അദ്ദഹത്തിന് തീര്‍ത്തും എതിരാണ്. പാര്‍ട്ടിയോട് ആലോചിക്കാതെ സംസ്ഥാനപര്യടനം നടത്തുന്നതും മുന്നണിയുടെ ആകെ നേതാവാകാന്‍ നോക്കുന്നതും വിഭാഗീയതയല്ലാതെ മറ്റെന്താണെന്നാണ് അവരുടെ ചോദ്യം.

തരൂരിന്റെ വരവിനെ എ ഗ്രൂപ്പ് ആദ്യം എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്തിരുന്നില്ല. ഔദ്യോഗിക നേതൃപദവികളില്‍ എ ഗ്രൂപ്പ് ഇല്ലാത്തതിനാല്‍ തത്കാലം നിസ്സംഗതയാണ് നല്ലതെന്ന ചിന്തയിലായിരുന്നു അവര്‍. എന്നാല്‍, എ ഗ്രൂപ്പിന്റെ തട്ടകമായ കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് തരൂരിനായി പരിപാടി സംഘടിപ്പിച്ചത് എ ഗ്രൂപ്പിനെ സംശയത്തിന്റെ നിഴലിലാക്കി. പരിപാടി സംഘടിപ്പിച്ചയാള്‍ ഉമ്മന്‍ ചാണ്ടിയുടെ ഉറ്റ അനുയായിയുടെ മകനായതിനാല്‍ സംശയം ബലപ്പെട്ടു. എന്നാല്‍, എ ഗ്രൂപ്പിന്റെ ആശീര്‍വാദത്തോടെയല്ല പരിപാടിയെന്ന് വിശദീകരിച്ച് എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തുവന്നു.

തരൂരിനുമുമ്പില്‍ ഒട്ടേറെ ചോദ്യങ്ങള്‍

തുടക്കത്തിലുണ്ടാകുന്ന ചലനങ്ങള്‍ക്കപ്പുറം തരൂരിന് എത്രദൂരം സഞ്ചരിക്കാനാകുമെന്ന ചോദ്യം ഉയരുന്നുണ്ട്. പ്രത്യേകിച്ചും സംഘടനാപരമായ പിന്തുണയില്ലാതെ. സംസ്ഥാന വിഷയങ്ങളില്‍ അദ്ദേഹത്തിന് എത്രത്തോളം സജീവമാകാനാകും ? പ്രക്ഷോഭങ്ങളിലും പ്രതിപക്ഷപ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന് പങ്കുചേരാനാകുമോ ? വിശ്വപൗരനായി നില്‍ക്കുന്ന തരൂരിന് അടിത്തട്ടിലെ പ്രവര്‍ത്തനത്തിന് എത്രത്തോളം സമയം കിട്ടും ? ഇത്തരം ചോദ്യങ്ങള്‍ ഒട്ടേറെയാണ്. എന്നാല്‍, കോണ്‍ഗ്രസ് നേതൃനിരയിലേക്ക് ഉയര്‍ന്നുവരാന്‍ ഇതിനൊന്നിനും ഉത്തരം കണ്ടെത്തേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ കീഴ്‌വഴക്കങ്ങള്‍ പറഞ്ഞുതരുന്നത്.

ശശി തരൂര്‍ വിഷയം; ചര്‍ച്ചകള്‍ക്ക് താരിഖ് നാളെ കേരളത്തില്‍

ന്യൂഡല്‍ഹി: ശശി തരൂര്‍ കേരളരാഷ്ട്രീയത്തില്‍ സജീവമാകുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുയര്‍ന്ന പ്രശ്‌നങ്ങള്‍ കെ.പി.സി.സി. പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം.

ഇപ്പോഴത്തേത് ചെറിയ പ്രശ്‌നമാണെന്നും അത് സംസ്ഥാനത്തുതന്നെ പരിഹരിക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. പ്രശ്‌നപരിഹാരചര്‍ച്ചകള്‍ക്കായി താരിഖ് വെള്ളിയാഴ്ച കോഴിക്കോട്ടെത്തും. തരൂര്‍ മൂന്നുതവണ എം.പി.യായ വ്യക്തിയാണെന്നും അദ്ദേഹം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നയാളാണെന്നും തരൂരിന്റെ നീക്കം പാര്‍ട്ടിവിരുദ്ധം എന്നു കരുതുന്നില്ലെന്നും താരിഖ് കൂട്ടിച്ചേര്‍ത്തു.

തരൂരും പ്രധാനപിന്തുണക്കാരനായ എം.കെ. രാഘവന്‍ എം.പി.യും അടക്കമുള്ള നേതാക്കളുമായി താരിഖ് കൂടിക്കാഴ്ച നടത്തും. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവരുമായും സംസാരിക്കും.

വിഭാഗീയത നടത്തുന്നില്ല: ആരെയും ഭയമില്ല -തരൂര്‍

കണ്ണൂര്‍: പാര്‍ട്ടിയില്‍ വിഭാഗീയപ്രവര്‍ത്തനം നടത്തുന്നില്ലെന്ന് ശശി തരൂര്‍ എം.പി. വിഭാഗീയത അനുവദിക്കില്ലെന്ന് പറയുന്നവര്‍ താന്‍ ചെയ്ത വിഭാഗീയപ്രവര്‍ത്തനമെന്താണെന്ന് പറയണം. കോണ്‍ഗ്രസിനെതിരായി എന്തെങ്കിലും പറഞ്ഞോയെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം ചോദിച്ചു. തലശ്ശേരി അതിരൂപത ആസ്ഥാനത്ത് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങള്‍ ബലൂണ്‍ ഊതിവീര്‍പ്പിക്കാന്‍ വന്നതല്ലല്ലോയെന്നു ചിരിച്ചുകൊണ്ട് ചോദിച്ചാണ് അദ്ദേഹം സംസാരിച്ചുതുടങ്ങിയത്. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശങ്ങള്‍ വേദനയുണ്ടാക്കി. എനിക്ക് ആരോടും എതിര്‍പ്പില്ല. ആരെയും ഭയമില്ല. ആരോടും പരാതിയുമില്ല. പ്രതിപക്ഷനേതാവുമായി ചര്‍ച്ചനടത്താന്‍ തയ്യാറാണ്. ബുധനാഴ്ച തരൂരിന് കണ്ണൂരിലും ആവേശകരമായ വരവേല്പ് ലഭിച്ചു. കെ.പി.സി.സി. പ്രസിഡന്റിന്റെ ജില്ലയാണെന്നത് വരവിന് പ്രാധാന്യവും കൂട്ടി. സാന്നിധ്യം ശരിക്കുമറിയിച്ചും ചര്‍ച്ചയാക്കിയുമാണ് തരൂര്‍ മടങ്ങിയത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലടക്കം സ്വീകരണമുണ്ടായി. ഡി.സി.സി. പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി എന്നിവരൊക്കെ എം.കെ.രാഘവന്‍ എം.പി.യെ കൂടാതെ മുഴുവന്‍ സമയവും തരൂരിനൊപ്പമുണ്ടായിരുന്നു. സണ്ണി ജോസഫ് എം.എല്‍.എ.യും കൂടെയുണ്ടായിരുന്നു. ജവാഹര്‍ ലൈബ്രറിയില്‍ നെഹ്രുസ്മാരക പ്രഭാഷണവും തരൂര്‍ നടത്തി.

Content Highlights: Shashi Tharoor Congress Kannur

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Kottamurikkal

1 min

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം കരുവന്നൂര്‍ ബാങ്കിന് സഹായം- ഗോപി കോട്ടമുറിക്കല്‍

Oct 1, 2023


mv govindan

1 min

തൃശ്ശൂരില്‍ ED സുരേഷ് ഗോപിക്ക് മത്സരിക്കാന്‍ കളമൊരുക്കുന്നു, ആസൂത്രിത നീക്കം - എം.വി ഗോവിന്ദന്‍

Oct 1, 2023


PK Kunhalikutty

1 min

കേന്ദ്ര ഏജന്‍സികള്‍ വ്യാപകമായി അന്വേഷണം നടത്തുന്നത് സഹകരണ മേഖലയെ തളര്‍ത്തും-പി.കെ.കുഞ്ഞാലിക്കുട്ടി

Sep 30, 2023

Most Commented