ശശി തരൂർ, മാണി സി. കാപ്പൻ | ഫോട്ടോ: മാതൃഭൂമി
പാലാ: ‘അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തുനിന്ന് മത്സരിച്ച് പ്രധാനമന്ത്രിയോ പ്രതിപക്ഷ നേതാവോ ആകാം. അതല്ലെങ്കിൽ പാലായിലോ പൂഞ്ഞാറിലോ നിയമസഭയിലേക്ക് മത്സരിച്ച് മുഖ്യമന്ത്രിയാകാം.’-ശശി തരൂരിനെ വേദിയിലിരുത്തി എം.ജി. സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് ഇങ്ങനെ പറഞ്ഞപ്പോൾ സദസ്സിൽനിന്ന് കൈയടി ഉയർന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ മനസ്സിലുള്ളസ്വപ്നമുഖ്യമന്ത്രിയെന്ന് ഡോ. സിറിയക് തോമസ് പരാമർശിച്ചപ്പോൾ, ഡോ. ശശി തരൂർ പുഞ്ചിരിയോടെ ഇരുകൈകളുംകൊണ്ട് സ്വന്തം കണ്ണുകൾ തൊട്ടുതൊഴുതു. ശനിയാഴ്ച പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ, കെ.എം.ചാണ്ടി സ്മാരകപ്രഭാഷണത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു ഡോ. സിറിയക് തോമസ്. കെ.എം.ചാണ്ടി ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ഇത് രാഷ്ട്രീയ പരിപാടിയായിരുന്നില്ല. എന്നിട്ടും ശശി തരൂരിന്റെ പേരിലുയർന്ന രാഷ്ട്രീയ വിവാദങ്ങളിൽ കൃത്യമായി ചെന്നുകൊള്ളുന്നതായിരുന്നു സിറിയക് തോമസിന്റെ വാക്കുകൾ.
കേരളത്തിലെ ജനങ്ങൾ തരൂർ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നെന്ന് ഡോ. സിറിയക് തോമസ് പറഞ്ഞു. മൂന്നുദിവസത്തെ തരൂരിന്റെ മധ്യകേരളത്തിലെ സന്ദർശനത്തെ അശ്വമേധം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന, കേരളത്തിലെ ജനങ്ങളുടെ മനസ്സ് വായിച്ചെടുക്കുന്നതുകൊണ്ടാണ് ഇത് പറയുന്നത്. ഇപ്പോഴത്തെ തരൂർ തരംഗം ഇതിന്റെ സാക്ഷ്യമാണ്. ബുദ്ധിയും വിവരവും കൂടിപ്പോയതിന്റെ പേരിൽ പ്രൊഫ. കെ.എം.ചാണ്ടിക്ക് കോൺഗ്രസിൽ എതിർപ്പുണ്ടായിരുന്നു. ഇക്കാര്യം തരൂരിനെ ഓർമിപ്പിക്കാനാണ് ഈ ചടങ്ങിലേക്ക് ക്ഷണിച്ചത്. പണ്ടും കോൺഗ്രസിൽ ഇതൊക്കെയുണ്ടായിരുന്നു. ദുഃഖിക്കേണ്ട എല്ലാം മാറിവരും-സിറിയക് തോമസ് പറഞ്ഞു. കെ.എം.ചാണ്ടി അനുസ്മരണപ്രഭാഷണം നടത്തിയ ശശി തരൂർ പക്ഷേ, രാഷ്ട്രീയം പറഞ്ഞില്ല. കെ.എം.ചാണ്ടിയുടെ മക്കളായ കെ.സി.തോമസ്, കെ.സി.ചാണ്ടി, കെ.സി.സിബി., കെ.സി.ജോർജ്, കെ.സി.ജോസഫ് എന്നിവരും എത്തിയിരുന്നു.
വിവാദങ്ങൾ എന്തിനെന്ന് മനസ്സിലാകുന്നില്ല- തരൂർ
കാഞ്ഞിരപ്പള്ളി: ‘ബിഷപ്പ് ഹൗസുകൾ സന്ദർശിക്കുന്നതിൽ രാഷ്ട്രീയമില്ല, അവരെന്നെ ക്ഷണിക്കുന്നു, ഞാൻ ചെല്ലുന്നു. എല്ലാവരുമായി ബന്ധം സ്ഥാപിക്കാനും നിലനിർത്താനും താത്പര്യമുണ്ട്,’-ശശി തരൂർ എം.പി. പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ്പ് ഹൗസിൽ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവരെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു തരൂർ.
‘എന്റെ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ എന്തിനെന്ന് മനസ്സിലാകുന്നില്ല. ഞാൻ കോൺഗ്രസ് എം.പി.യാണ്. മുമ്പും പല സ്ഥലങ്ങളിലും പോയിരുന്നു. അന്നൊന്നും വിവാദമുണ്ടായിട്ടില്ല. ഇത്തവണ എന്തുകൊണ്ടാണ് വിവാദമുണ്ടാക്കുന്നതെന്ന് അവരോടാണ് ചോദിക്കേണ്ടത്. ഞാൻ ആർക്കുമെതിരേ ഒന്നും സംസാരിക്കുന്നില്ല. ഇതുവരെ പാർട്ടിക്ക് എതിരായോ, കോൺഗ്രസിന്റെ ലൈൻവിട്ടോ ഒന്നും പറഞ്ഞിട്ടില്ല. എന്നെ പേടിക്കുന്നതിന്റെ കാരണവും മനസ്സിലാകുന്നില്ല. എല്ലാ കാര്യങ്ങളും പാർട്ടി ആവശ്യപ്പെട്ടിട്ട് ചെയ്യുന്നതാണ്. പാർട്ടിയുടെ പ്രധാനപ്പെട്ട ഭാഗമാണ് യൂത്ത് കോൺഗ്രസ്. അവരെ പ്രോത്സാഹിപ്പിക്കാൻ ഇഷ്ടമാണ്. അവർ ക്ഷണിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത് എങ്ങനെ സംഘടനയ്ക്ക് വിരുദ്ധമാകും. താത്പര്യമുള്ളവർ കേൾക്കട്ടെ, ഇഷ്ടക്കേടുള്ളവർ മാറിനിൽക്കട്ടെ,’-ശശി തരൂർ പറഞ്ഞു.
ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ശശി തരൂർ കാഞ്ഞിരപ്പള്ളി ബിഷപ്പ് ഹൗസിലെത്തിയത്. പ്രൊഫഷണൽ കോൺഗ്രസ് ജില്ലാ ചാപ്റ്റർ പ്രസിഡന്റ് ഡോ. വിനു ജെ.ജോർജ് ഒപ്പമുണ്ടായിരുന്നു. രൂപതാ വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, പ്രൊക്യുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ എന്നിവർചേർന്ന് സ്വീകരിച്ചു. പിന്നീട് പാലാ ബിഷപ്പ് ഹൗസിലെത്തിയ തരൂരിനെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, മുൻ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, വികാരി ജനറാൾമാരായ ഫാ. ജോസഫ് തടത്തിൽ, ഫാ. ജോസഫ് മലേപ്പറമ്പിൽ, ഫാ. സെബാസ്റ്റ്യൻ വേട്ടാനത്ത് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

തരൂരിന്റെ സന്ദർശനം വിവാദമാക്കി, തരംഗമാക്കി
കോട്ടയം: കോഴിക്കോട്ടേതിനുപിന്നാലെ കോൺഗ്രസ് ജില്ലാ നേതൃത്വം എതിർപ്പുന്നയിച്ച് വിവാദമാക്കിയതോടെ തരൂരിന്റെ കോട്ടയം ജില്ലയിലെ പരിപാടികളും തരംഗമായി. ഡി.സി.സി.യെ അറിയിക്കാത്തത് അച്ചടക്കലംഘനമാണെന്നുപറഞ്ഞ് ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് പരിപാടികൾ ബഹിഷ്കരിച്ചതും എ.ഐ.സി.സി.ക്ക് പരാതി നൽകിയതുമാണ് വിവാദം ശക്തിപ്പെടുത്തിയത്.
തരൂർ പാർട്ടി ചട്ടക്കൂടിന് വിധേയമായല്ല നീങ്ങുന്നതെന്നും ഡി.സി.സി. പ്രസിഡൻറ് പരാതി അറിയിച്ചിട്ടുണ്ടെന്നും അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻകൂടി നിലപാടെടുത്തതോടെ വിവാദം മുറുകി. ജില്ലയിൽ തരൂരിനെ പിന്തുണയ്ക്കുന്ന യൂത്ത് കോൺഗ്രസ് വിഭാഗത്തിനും പരോക്ഷമായി പിന്തുണയ്ക്കുന്ന പാർട്ടിയിലെ എ ഗ്രൂപ്പുകാർക്കും ഇതെല്ലാം ആവേശം പകർന്നു.
എന്നാൽ, പത്തനംതിട്ട ഡി.സി.സി. പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഞായറാഴ്ച ജില്ലയിൽ നടക്കാനിരിക്കുന്ന തരൂരിന്റെ പരിപാടിയെപ്പറ്റി കരുതലോടെയാണ് പ്രതികരിച്ചത്. തരൂരിൽനിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ല. വേറെ പരിപാടിയുള്ളതിനാൽ താൻ പങ്കെടുക്കുന്നില്ലെന്നുപറഞ്ഞ എ ഗ്രൂപ്പുകാരനായ ഡി.സി.സി. പ്രസിഡന്റ് പരിപാടിയെ വിമർശിക്കാനോ എതിർപ്പ് രേഖപ്പെടുത്താനോ തയ്യാറായില്ല.
സഭാനേതൃത്വവുമായി നല്ല ബന്ധം
ബിഷപ്പ് ഹൗസുകളിലെ സന്ദർശനം അവർ ക്ഷണിച്ചിട്ടാണെന്ന് കാഞ്ഞിരപ്പള്ളിയിൽ തരൂർ പറഞ്ഞതും ശ്രദ്ധേയമായി. ബഫർസോൺ, വിഴിഞ്ഞം, റബ്ബർ ഉൾപ്പെടെ കാർഷികമേഖലയിലെ പ്രശ്നങ്ങൾ, ഭൂമിപ്രശ്നങ്ങൾ എന്നിവ ബിഷപ്പുമാർ തരൂരുമായി ചർച്ചചെയ്തതായാണ് സൂചന. ഞായറാഴ്ച ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പിനെ കാണുന്ന തരൂർ യുവദീപ്തി ജൂബിലി ആഘോഷവും ഉദ്ഘാടനംചെയ്യും.
Content Highlights: shashi tharoor can be cm from poonjar or pala says dr cyriac thomas
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..