കേരളത്തിൽ ഇനി തരൂര്‍ ഗ്രൂപ്പും


രാജേഷ് കോയിക്കല്‍/ മാതൃഭൂമി ന്യൂസ്‌

ശശി തരൂർ

തിരുവനന്തപുരം എം.പി. ശശി തരൂര്‍ സംസ്ഥാനത്ത് സജീവമാകുന്നതായ പ്രഖ്യാപനം കോണ്‍ഗ്രസിലുണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ല. തരൂര്‍ എന്തിനാണ് കേരളത്തില്‍ സജീവമാകുന്നത്? അദ്ദേഹത്തിന് ലോക്സഭാ മണ്ഡലത്തിലെ കാര്യം മാത്രം നോക്കിയാല്‍ പോരെ? അല്ലെങ്കില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ലിറ്റററി ഫെസ്റ്റിവെല്ലുകളിലും സാഹിത്യ സദസുകളിലും പങ്കെടുത്താല്‍ പോരെ? വെറുതെ ഇവിടെ വന്ന് എന്തിനാണ് ഞങ്ങളുടെ മുഖ്യമന്ത്രി മോഹത്തിന് വിലങ്ങുതടിയാകുന്നത്? പല കോണ്‍ഗ്രസ് നേതാക്കളും അതിരുകടന്ന് ചിന്തിച്ചു. അവരെ ചൊടിപ്പിച്ച കാരണങ്ങള്‍ നിരവധിയാണ്.

യുവാക്കളിലും മധ്യ വര്‍ഗക്കാര്‍ക്കിടയിലും തരൂരിനുളള സ്വാധീനമാണ് പ്രധാന കാരണം. കടുത്ത സംഘപരിവാര്‍ വിമര്‍ശകനെന്ന നിലയില്‍ തരൂരിനെ ക്രൈസ്തവ, മുസ്ലീം ന്യൂനപക്ഷങ്ങളും പ്രതീക്ഷയോടെ കാണുന്നതും ഇത്തരക്കാരെ അലോസരപ്പെടുത്തുന്നു. തലയില്‍ മുണ്ടിട്ട് ആര്‍എസ്എസ് വോട്ട് വാങ്ങുന്ന നേതാക്കളെപ്പോലെയല്ല തരൂര്‍, ഉളള കാര്യം മുഖത്ത് നോക്കി പറയും. അതിപ്പോ ബ്രിട്ടീഷുകാര്‍ക്ക് എതിരാണെങ്കിലും. സമുദായ സംഘടനയായ എന്‍എന്‍എസിന്റെ പരിപാടിയില്‍ മുഖ്യ അതിഥിയാകുന്നതും ഡല്‍ഹിയിലേയും തിരുവനന്തപുരത്തേയും താക്കോല്‍ സ്ഥാനക്കാര്‍ക്ക് ആശങ്കയാകുന്നുണ്ട്.തരൂര്‍ കേരളത്തിലേക്ക്

അധ്യക്ഷ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസില്‍ താരമൂല്യം ഉയര്‍ന്ന നേതാവാണ് ശശി തരൂര്‍. പരാജയപ്പെട്ടെങ്കിലും തരൂരിന്റെ വരവായിരുന്നു തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. ആയിരം വോട്ട് നേടി മല്ലികാര്‍ജ്ജുന ഖാര്‍ഗെയ്ക്ക് വെല്ലുവിളി ഉയര്‍ത്താനും കഴിഞ്ഞു. തരൂര്‍ മത്സരിച്ചത് ഇഷ്ടമല്ലാതിരുന്ന പല നേതാക്കളും ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിച്ചു. എന്നാല്‍ ആഗോള പൗരന് എതിര്‍പ്പുകള്‍ ഊര്‍ജ്ജമായിരുന്നു. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കൊള്ളേണ്ടത് കൊണ്ടും കൊടുക്കേണ്ടത് കൊടുത്തും അദ്ദേഹം മുന്നേറി. ഇതിന്റെ തുടര്‍ച്ചയാണ് കേരളത്തിലേക്കുളള വരവ്. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ തരൂരിനെതിരേ ആദ്യം വാളെടുത്ത കെ.മുരളീധരന്‍ പക്ഷെ ഇക്കാര്യത്തില്‍ പിന്തുണച്ചു. തരൂര്‍ പാര്‍ട്ടിയുടെ അവിഭാജ്യ ഘടകമെന്ന് മുരളീധരന്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചു.

തരൂര്‍ പേടിയില്‍ മുതിര്‍ന്ന നേതാക്കളുടെ അപ്രീതി ഭയന്ന് യൂത്ത് കോണ്‍ഗ്രസാണ് ആദ്യം പിന്നാക്കം പോയത്. കോഴിക്കോട് വര്‍ഗീയതയ്ക്കെതിരെ നടത്താനിരുന്ന പരിപാടിയുടെ സംഘാടക സമിതിയില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പിന്മാറി. ഇതോടെ തരൂരിന് അപ്രഖ്യാപിത വിലക്ക് എന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. വിലക്ക് സ്ഥിരീകരിക്കുന്നതായിരുന്നു ഡി.സി.സി. പ്രസിഡന്റ് പ്രവീണ്‍ കുമാറിന്റെ പ്രസ്താവന. തരൂരിന്റേത് വിഭാഗീയ പ്രവര്‍ത്തനമാണെന്ന് ചില നേതാക്കള്‍ ആശങ്ക പങ്കുവെച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.സി.സി. വിഷയത്തില്‍ ഇടപെട്ടതെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞതോടെ കാര്യങ്ങള്‍ വ്യക്തമായി. കോഴിക്കോട് എം.പിയും അധ്യക്ഷ തിരഞ്ഞെടുപ്പില്‍ തരൂര്‍ ക്യാമ്പിന്റെ നാവുമായിരുന്ന എം.കെ. രാഘവന്‍ ഡി.സി.സിക്കെതിരെ ശക്തമായി രംഗത്തെത്തി. എം.പിക്കെതിരെ നേതൃത്വം പാര വെയ്ക്കുന്നതിലെ അതൃപ്തി അദ്ദേഹം പരസ്യമാക്കി. വിവാദം കൊഴുത്തതോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അഴകൊഴമ്പന്‍ മറുപടിയുമായി തടി തപ്പി. വിരട്ടലും വിലപേശലും കണ്ട് തരൂര്‍ ഭയന്നില്ല. താരപരിവേഷത്തോടെ തന്നെ തരൂര്‍ പരിപാടികളില്‍ ഭാഗമായി.

ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുന്നു

കേരളത്തില്‍ കോണ്‍ഗ്രസ് എന്നും ഗ്രൂപ്പുകളുടെ തണലിലായിരുന്നു. കരുണാകരന്‍- എ.കെ. ആന്റണി കാലത്ത് ശക്തി പ്രാപിച്ച ഗ്രൂപ്പ് രാഷ്ട്രീയം പിന്നീട് ഉമ്മന്‍ ചാണ്ടി- രമേശ് ചെന്നിത്തല ദ്വയത്തിലൂടെ സര്‍വസീമകളും ലംഘിച്ചു. ഭാരവാഹിത്വം വീതംവെച്ചും ഇഷ്ടക്കാരെ തിരുകി കയറ്റിയും തടിച്ചു കൊഴുത്തു. അധികാരത്തിനും പദവിയ്ക്കും വേണ്ടി പലരും നേതാക്കളെ വെട്ടിയും തലോടിയും ഗ്രൂപ്പ് കളിച്ചു. വി.എം. സുധീരനും മുല്ലപ്പളളി രാമചന്ദ്രനും കെ.പി.സി.സി. അധ്യക്ഷന്മാരായെങ്കിലും ഗ്രൂപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിഞ്ഞില്ല. സമ്മര്‍ദ ശക്തികളായി ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിനെ ഭരിച്ചുകൊണ്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെയുണ്ടായ പുനസംഘടന. ഗ്രൂപ്പുകളുടെ കടയ്ക്കല്‍ കത്തിവെച്ചു. അനാരോഗ്യം ഉമ്മന്‍ചാണ്ടിയെന്ന എ ഗ്രൂപ്പ് നേതൃത്വത്തെ തളര്‍ത്തി. പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ട രമേശ് ചെന്നിത്തലയില്‍നിന്നും ഐ ഗ്രൂപ്പിന്റെ കടിഞ്ഞാണും നഷ്ടമായി. കെ.സി. വേണുഗോപാല്‍, കെ. സുധാകരന്‍, വി.ഡി. സതീശന്‍ ത്രയത്തിന്റെ കൈകളിലേക്ക് കോണ്‍ഗ്രസ് രാഷ്ട്രീയം വഴി മാറുന്നതാണ് പിന്നീട് കണ്ടത്.

പഴയ ഐ ആണെങ്കിലും സുധാകരനും സതീശനും ആദ്യം ഗ്രൂപ്പുകള്‍ക്ക് അതീതരായിട്ടായിരുന്നു പ്രവര്‍ത്തിച്ചത്. ഒളിഞ്ഞും തെളിഞ്ഞും ഇരുവരും ഗ്രൂപ്പ് നേതൃത്വത്തെ കടന്നാക്രമിക്കുകയും ചെയ്തു. സംഘടനാ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ദേശീയ നേതൃത്വത്തില്‍ കരുത്തനായി മാറിയ കെ.സി. വേണുഗോപാലിന്റെ ആശീര്‍വാദത്തോടെയായിരുന്നു ഇരുവരുടേയും നീക്കങ്ങള്‍. എന്നാല്‍ കെ.പി.സി.സി. പുനസംഘടനയോടെ സുധാകരന്‍- സതീശന്‍ കൂട്ടുകെട്ടില്‍ വിളളല്‍ വീണു. നിയമനങ്ങളില്‍ കെ.സി. വോണുഗോപാല്‍ നോമിനികളെ തിരുകികയറ്റി എന്നായിരുന്നു പരാതി. സതീശന്‍ വഴിയുളള കെ.സി. വേണുഗോപാലിന്റെ ഇടപെടലില്‍ അതൃപ്തിയിലായിരുന്ന ഗ്രൂപ്പുകള്‍ അങ്ങനെ സുധാകരന് പിന്നില്‍ അണിനിരന്നു. അതുവരെ തമ്മിലടിച്ച കെ. മുരളീധരനും രമേശ് ചെന്നിത്തലയും ഗുരുവായൂരില്‍വെച്ച് പിണക്കം പരിഹരിച്ചു. ഒരുഭാഗത്ത് കെ.സി. വേണുഗോപാലും വി.ഡി. സതീശനും. മറുഭാഗത്ത് കെ. സുധാകരന്‍, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ എന്ന നിലയില്‍ കോണ്‍ഗ്രസിലെ ശാക്തിക ചേരി മാറി. ഇപ്പോള്‍ തരൂര്‍ ഗ്രൂപ്പും ശക്തി പ്രാപിക്കുകയാണ്. എം.കെ. രാഘവന്‍, കെ.എസ്. ശബരിനാഥ്, മാത്യു കുഴല്‍ നാടന്‍ തുടങ്ങിയവര്‍ പിന്തുണ പരസ്യമാക്കി കഴിഞ്ഞു. അര്‍ഹതയുണ്ടായിട്ടും പദവികളില്‍ തഴയപ്പെട്ട നിരവധി നേതാക്കളും തരൂരിനൊപ്പം ഉണ്ട്.

തരൂരിന്റെ വരവും മുഖ്യമന്ത്രി കുപ്പായവും

തരൂര്‍ കേരളത്തില്‍ സജീവമാകുന്നത് ചില നേതാക്കളുടെ ഉറക്കം കെടുത്തുമെന്ന് ഉറപ്പാണ്. ഇവരില്‍ പലരും മുഖ്യമന്ത്രി കുപ്പായം തുന്നി കാത്തിരിക്കുന്നവരാണ്. കെ.സി. വേണുഗോപാലാണ് ഇതില്‍ പ്രധാനി. മല്ലികാര്‍ജുന ഖാര്‍ഗെ അധ്യക്ഷനായതോടെ ഡല്‍ഹിയില്‍ കെ.സിയുടെ അപ്രമാദിത്വം ഏതാണ്ട് അവസാനിച്ചു. എ.ഐ.സി.സി. പുനസംഘടനയ്ക്ക് മുന്നോടിയായി രൂപീകരിച്ച സ്റ്റിയറിങ് കമ്മിറ്റി അംഗമാണ് നിലവില്‍ കെ.സി. പ്രവര്‍ത്തക സമിതി അംഗമായി തുടര്‍ന്നേക്കുമെങ്കിലും സംഘടനകാര്യ ജനറല്‍ സെക്രട്ടറി ആവുക അസാധ്യമായിരിക്കും. അധ്യക്ഷനും പാര്‍ട്ടിയിലെ രണ്ടാമനും ദക്ഷിണേന്ത്യക്കാര്‍ ആകുന്നത് സംഘടനയ്ക്ക് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. രണ്ടാമനായുളള കെ.സിയുടെ സ്ഥാനലബ്ധി ഹിന്ദി മേഖലയിലെ നേതാക്കളില്‍ നേരത്തെ അസ്വാരസ്യം സൃഷ്ടിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ അപ്രീതി ഭയന്ന് നേതാക്കളാരും എതിര്‍പ്പ് പരസ്യപ്പെടുത്തിയിരുന്നില്ല. കെ.സിയുടെ രാജസ്ഥാനിലെ രാജ്യസഭ അംഗത്വം കാലാവധിയും വൈകാതെ അവസാനിക്കും. സംസ്ഥാനത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന കെ.സിക്ക് തരൂരിന്റെ നീക്കങ്ങള്‍ വിലങ്ങുതടിയാകും.

പ്രതിപക്ഷ നേതാവായ വി.ഡി. സതീശനുമുണ്ട് സ്വപ്നങ്ങള്‍. അപ്രതീക്ഷിതമായി ലഭിച്ച പ്രതിപക്ഷ നേതൃസ്ഥാനത്തിന് തുടര്‍ച്ചയെന്ന നിലയില്‍ മുഖ്യമന്ത്രി പദം അദ്ദേഹം ലക്ഷ്യമിട്ടാല്‍ തെറ്റുപറയാനാകില്ല. കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തിനൊപ്പം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പും സതീശന് വെല്ലുവിളിയാണ്. പാര്‍ട്ടിയിലെ യുവതുര്‍ക്കികളെ ഒപ്പം നിര്‍ത്താനുളള ശ്രമങ്ങള്‍ ഏതാണ്ട് വിജയിച്ച ഘട്ടത്തിലാണ് തരൂരിന്റെ വരവ്. പ്രതിപക്ഷ നേതൃസ്ഥാനത്ത് വി.ഡിയെ പ്രതിഷ്ഠിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഹൈബി ഈഡന്‍ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ തരൂരിനെയാണ് പിന്തുണച്ചത്. ഇതുകൂടാതെ എം.പിമാരും എം.എല്‍.എമാരും തരൂര്‍ അനുകൂലികളാണ്.

രമേശ് ചെന്നിത്തലയ്ക്കും കെ. മുരളീധരനും മുഖ്യമന്ത്രി കുപ്പായം സ്വപ്നം കാണുന്നുണ്ടെങ്കിലും അതത്ര എളുപ്പമാകില്ല. രാഹുല്‍ ഗാന്ധി അധ്യക്ഷനായി അവരോധിക്കപ്പെട്ടപ്പോള്‍ രാഷ്ട്രീയ ഉപദേശകന്‍, സംഘടനകാര്യ ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ സ്വീകരിക്കാന്‍ ചെന്നിത്തലയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് തുടരാനാണ് അദ്ദേഹം ആഗ്രഹിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പോടെ നേതൃതലത്തില്‍ ഒതുക്കപ്പെട്ട ചെന്നിത്തല ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പദത്തില്‍ ചെന്നിത്തല എത്താതിരിക്കാന്‍ പലരും കരുക്കള്‍ നീക്കിയിരുന്നു. ആ പദവി ലഭിച്ചില്ലെങ്കിലും ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല നല്‍കി ഹൈക്കമാന്‍ഡ് അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിച്ചു. ദേശീയതലത്തില്‍ പ്രവര്‍ത്തിച്ച് പണ്ട് ആന്റണി എത്തിയ പോലെ സംസ്ഥാനത്ത് ലാന്‍ഡ് ചെയ്യാനാണ് നിലവില്‍ ചെന്നിത്തലയുടെ നീക്കം. ഒരിക്കല്‍ പാര്‍ട്ടി വിട്ടതിന്റെ കറ ഇപ്പോഴുമുണ്ടെങ്കിലും വടകരയിലും നേമത്തും കാണിച്ച പോരാട്ടവീര്യമാണ് കെ. മുരളീധരന് അനുകൂല ഘടകം. ഗാന്ധി കുടുംബത്തിന്റെ വിശ്വാസം ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന മുരളീധരന്‍ ഖാര്‍ഗെയുമായും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. എന്‍.എസ്എസിനൊപ്പം ന്യൂനപക്ഷ സമുദായങ്ങളിലുമുളള സ്വാധീനവും അദ്ദേഹത്തിന് അനുകൂല ഘടകമാണ്.

ഇങ്ങനെയൊക്കെ ആണെങ്കിലും കേരളത്തിലെ മാറിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താന്‍ ഭരണവിരുദ്ധ വികാരത്തിനൊപ്പം വലിയ അടിയൊഴുക്കുകളും സംഭവിക്കേണ്ടി വരും. തങ്ങളുടെ വോട്ട് ബാങ്കില്‍ കടന്നു കയറിയ സി.പി.എമ്മിനേയും ബി.ജെ.പിയേയും മറികടക്കുക എന്നത് ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സാധ്യമാകൂ. ആള്‍ക്കൂട്ടങ്ങള്‍ വോട്ടാകുന്ന കാലം കഴിഞ്ഞു. നിഷ്പക്ഷ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയെ പോലുളള നേതാവിന്റെ അഭാവം പാര്‍ട്ടിയിലുണ്ട്. ആ സ്പെയ്സിലേക്കാണ് ശശി തരൂരിന്റെ വരവ്. വിശ്വപൗരനെന്ന പ്രതിഛായ, വിദ്യാഭ്യാസ വിദഗ്ധന്‍, വാക് സാമര്‍ഥ്യം, എഴുത്തുകാരന്‍, തന്ത്രശാലിയായ രാഷ്ട്രീയക്കാരന്‍, വര്‍ഗീയ രാഷ്ട്രീയത്തിന്റെ കടുത്ത എതിരാളി, ബി.ജെ.പിയുടെ സ്ഥിരം വിമര്‍ശകന്‍. തരൂരിന് വിശേഷണങ്ങളേറെയാണ്. അരക്ഷിതരായ ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം കൊടുക്കാന്‍ കഴിയുന്ന നേതാവെന്ന നിലയിലാണ് മലബാര്‍ മേഖലയില്‍ തരൂരിനെ കാണുന്നത്. ലീഗ് നേതാക്കളും ഇക്കാര്യം ശരിവെക്കുന്നു.

കോഴിക്കോട്, വടകര ലോക്സഭാ മണ്ഡലങ്ങളിലെ എം.പിമാരായ എം.കെ. രാഘവനും കെ. മുരളീധരനും തരൂരിനെ പിന്തുണയ്ക്കുന്നതും ഇതുകൊണ്ടാണ്. ബി.ജെ.പി. മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് ആഗോള ഹിന്ദുവിലൂടെ മറുപടി. അതും ഹിന്ദുത്വം എന്തെന്ന് അരച്ചു കലക്കി പഠിച്ച നേതാവിലൂടെ. വികസന നയത്തില്‍ കോണ്‍ഗ്രസിന്റെ കാഴ്ച്ചപാട് ആയിരുന്നില്ല തരൂരിന്. സില്‍വര്‍ ലൈനില്‍ അദ്ദേഹം പാര്‍ട്ടി ലൈന്‍ ലംഘിച്ചു. ഇടതുപക്ഷത്തിന് പോലും ഇത്തരത്തില്‍ സ്വീകാര്യന്‍ ആയി മാറി. തരൂര്‍ കോണ്‍ഗ്രസിന്റെ മുഖമായി മാറുമ്പോള്‍ ഒരിക്കല്‍ പുകഴ്ത്തി പറഞ്ഞ സി.പി.എം. ഉള്‍പ്പെടെയുളള ഇടതു പാര്‍ട്ടികള്‍ക്ക് തിരുത്തി പറയേണ്ടി വരും.

പിന്‍ക്കുറിപ്പ്: ആദ്യം അധികാരത്തില്‍ വരട്ടെ, എന്നിട്ട് പോരെ മുഖ്യമന്ത്രി എന്നൊന്നും ചോദിക്കരുത്. ഇത് കോണ്‍ഗ്രസാണ്..

Content Highlights: Shashi Tharoor, Indian National Congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented