കോഴിക്കോട്: കടലിലെ അമിതമായ മീന്‍പിടിത്തം സ്രാവുകളും തിരണ്ടികളും ഉള്‍പ്പെടുന്ന മൂന്നിലൊന്ന് തരുണാസ്ഥി മത്സ്യങ്ങളുടെയും നിലനില്‍പ്പ് അപകടത്തിലാക്കിയതായി ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (ഐ.യു.സി.എന്‍.) റെഡ് ലിസ്റ്റ് അവലോകനത്തില്‍ വിലയിരുത്തല്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലും സ്ഥിതി ആശങ്കാജനകമാണ്. ഇന്ത്യന്‍ തീരത്തുണ്ടായിരുന്ന പോണ്ടിച്ചേരി സ്രാവിന് വംശനാശം സംഭവിച്ചതായും കറന്റ് ബയോളജിയില്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട് സംശയിക്കുന്നു.

തരുണാസ്ഥിയുള്ള കോണ്‍ഡ്രിക്തൈസ് വിഭാഗത്തിലെ 1199 ഇനങ്ങളില്‍ 288 ഇനം (24 ശതമാനം) മത്സ്യങ്ങളാണ് 2014-ല്‍ നടന്ന അവലോകനത്തില്‍ ഭീഷണിയിലാണെന്ന് കണ്ടെത്തിയിരുന്നത്. എന്നാല്‍ 2021-ല്‍ അത് 391 ഇനങ്ങളായി (32.6 ശതമാനം) ഉയര്‍ന്നു. വേണ്ടത്ര ഡേറ്റ ലഭ്യമല്ലാത്ത സ്പീഷിസുകളെക്കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് 37.5 ശതമാനമായി ഉയരും.

നാല് സ്പീഷിസുകള്‍ വംശനാശത്തിന്റെ വക്കിലാണെന്ന് (ക്രിട്ടിക്കലി എന്‍ഡേഞ്ചേര്‍ഡ്) റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു. ലോസ്റ്റ് ഷാര്‍ക്, ജാവ സ്റ്റിന്‍ഗരി, റെഡ് സീ ടോര്‍പിഡൊ, പോണ്ടിച്ചേരി ഷാര്‍ക്ക് എന്നിവക്കാണ് വംശനാശം സംഭവിച്ചതായി സംശയിക്കുന്നത്. ആദ്യ മൂന്നിനത്തെയും ഒരു നൂറ്റാണ്ടിലേറെയായും പോണ്ടിച്ചേരി സ്രാവിനെ മുപ്പത് വര്‍ഷമായും എവിടെയും കണ്ടിട്ടില്ല. വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് ഇവ കാണപ്പെട്ടിരുന്നത്. ഇന്ത്യന്‍ സമുദ്രത്തിലുണ്ടായിരുന്ന ടെന്‍ടാക്കിള്‍ഡ് ബട്ടര്‍ഫ്ലൈ റേ, ഇന്ത്യന്‍ ഷാര്‍പ്പ് നോസ് റേ, ഗംഗയില്‍ കാണപ്പെട്ടിരുന്ന ഗംഗസ് ഷാര്‍ക്ക് എന്നിവക്ക് പ്രാദേശികമായി വംശനാശം സംഭവിച്ചു.

അമിതമായ മത്സ്യബന്ധനമാണ് 67.3 ശതമാനം മത്സ്യങ്ങളുടെയും നിലനില്‍പ്പ് അപകടത്തിലാക്കുന്നത്. ആവാസവ്യവസ്ഥയുടെ നാശം (31.2 ശതമാനം), കാലാവസ്ഥാ വ്യതിയാനം (10.2 ), മലിനീകരണം (6.9) എന്നിങ്ങനെയാണ് മറ്റുകാരണങ്ങള്‍.

കടലിലെ ജൈവവൈവിധ്യം സംരക്ഷിക്കാന്‍ മീന്‍പിടിത്തത്തിന് ശാസ്ത്രീയമായ നിയന്ത്രണം അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംരക്ഷിത മേഖലകള്‍ രൂപവത്കരിക്കണം. മലയാളിയായ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ചെന്നൈ കേന്ദ്രം സീനിയര്‍ സയിന്റിസ്റ്റ് ഡോ. ബിനീഷ് കിണറ്റുംകര ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള 322 ഗവേഷകര്‍ ചേര്‍ന്നാണ് അവലോകനം നടത്തിയത്. ഇതിനായി 17 വര്‍ക്ഷോപ്പുകള്‍ സംഘടിപ്പിച്ചു.

ബോധവത്കരണം ആവശ്യം

കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ സ്രാവുകളുടെയും മറ്റും ഉപഭോഗം വളരെ കൂടുതലാണ്. സംരക്ഷണം ആവശ്യമുള്ള ഇനങ്ങളെ പിടിക്കുന്നതും ഉപയോഗിക്കുന്നതും ഒഴിവാക്കാന്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തണം. മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് കര്‍ശനമായി തടയണം.

ഡോ. ബിനീഷ് കിണറ്റുംകര
(സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ചെന്നൈ കേന്ദ്രം സീനിയര്‍ സയിന്റിസ്റ്റ്)