തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ 'ചെത്തുകാരന്റെ മകന്‍'പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെ വിമര്‍ശിക്കുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ. തിരുത്തലുമായി രംഗത്ത്. സംഭവത്തില്‍ കെ. സുധാകരനോട് ക്ഷമ ചോദിച്ച ഷാനിമോള്‍ ഉസ്മാന്‍ സുധാകരനോട് ഫോണില്‍ പോലും സംസാരിക്കാതെ പെട്ടെന്ന് പ്രതികരിച്ചത് തന്റെ പിഴവാണെന്നും പറഞ്ഞു. 

കെ. സുധാകരന്‍ എം.പി. നടത്തിയ ഒരു പ്രസംഗത്തോടനുബന്ധിച്ച് ഒരു ചാനലില്‍ നല്‍കിയ പ്രതികരണം വലിയ വിവാദമായതില്‍ വലിയ വിഷമമുണ്ടെന്ന് അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. " മന്ത്രി സുധാകരന്‍ എന്നെയും വി.എസ്. ലതികാ സുഭാഷിനെയും വിജയരാഘവന്‍ രമ്യ ഹരിദാസ് എം.പിയേയും കൂടാതെ നിരവധി വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഞാനടക്കം ഉള്ളവര്‍ക്കുണ്ടാക്കിയിട്ടുള്ള മനപ്രയാസവും പ്രതിഷേധവും മായാതെ നില്‍ക്കുന്നത് കൊണ്ട്, എന്റെ പാര്‍ട്ടിയുടെ ആരും ഇത്തരത്തില്‍ പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു. " - ഷാനിമോള്‍ കുറിച്ചു. 

തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏറെ പിന്തുണയും പ്രോത്സാഹനവും നല്‍കുകയും അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പോലും ദിവസങ്ങളോളം തന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത കെ.സുധാകരനുണ്ടായ വ്യക്തിപരമായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഷാനിമോള്‍ പറഞ്ഞു. തന്റെ പ്രതികരണത്തിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായ പ്രയാസത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. താന്‍ നടത്തിയ പ്രതികരണത്തില്‍ പാര്‍ട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Shanimol Usman apologizes to K Sudhakaran on castiest remark against pinarayi vijayan