
-
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾക്കെതിരേ കൂടുതൽ പരാതിക്കാരുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ വിജയ് സാഖറെ. അഞ്ചു പേർ കൂടി ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരിൽ നിന്നുൾപ്പെടെ വിവരങ്ങൾ ശേഖരിക്കും. കൂടുതൽ പരാതിക്കാർ ഇനിയുമെത്താൻ സാധ്യതയുണ്ടെന്നും കമ്മിഷണർ പറഞ്ഞു.
ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ഷംന കാസിമിന്റെ അമ്മയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ കൂടുതൽ പേർ പരാതിയുമായി എത്തുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ നടിയും കടവന്ത്രയിലെ മോഡലും ഉൾപ്പെടെ മൂന്ന് യുവതികൾ ഇന്നലെ പരാതി നൽകിയിരുന്നു. ഇവർക്ക് പുറമേ അഞ്ചു പേർ കൂടി എത്തിയിട്ടുണ്ടെന്നാണ് കമ്മിഷണർ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
യുവതികളിൽ നിന്ന് പണവും സ്വർണവും തട്ടിയത് കൂടാതെ ലൈംഗിക ചൂഷണം ഉൾപ്പെടെ നടന്നതായി പരാതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യക്കടത്തിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. എന്നാൽ, സ്വർണക്കടത്ത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് കാസർകോടുള്ള ടിക്ടോക് താരത്തെ വിളിച്ചുവരുത്തുമെന്നും വിജയ് സാഖറെ കൂട്ടിച്ചേർത്തു.
തട്ടിപ്പു സംഘത്തിന്റെ വലയിൽ കൂടുതൽ പേർ വീണിട്ടുണ്ടെന്നും ഇവർക്ക് സിനിമാ മേഖലയുമായി ഉൾപ്പെടെ ബന്ധമുണ്ടെന്നും വിവരം ലഭിച്ചതോടെ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേസിലെ പ്രതികളിൽ ഒരാളായ അബ്ദുൾ സലാം ഇന്ന് കൊച്ചിയിലെ കോടതിയിൽ കീഴടങ്ങി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..