തൊടുപുഴ: ഒരു നല്ല ചിത്രം ആദ്യം ജനിക്കുന്നത് ഫോട്ടോഗ്രാഫറുടെ മനസിലാണ്. പിന്നീട് മാത്രമേ അത് ക്യാമറയിലേക്ക് പതിയുന്നുള്ളൂ. കണ്ണിന്റെ ഭാഗമായി ക്യാമറ മാറിയ കാലത്ത്  ഡയബറ്റിക് റെറ്റിനോപ്പതി കാരണം പിന്മാറിയ  ഇടുക്കിയിലെ ആദ്യകാല ഫോട്ടോഗ്രാഫര്‍ ഷാഹുല്‍ ഹമീദ്  ജീവിക്കാന്‍ നെട്ടോട്ടമോടുന്നു. പഴയസുഹൃത്തുക്കളുടെയും പരിചയക്കാരുടെയും സഹായംകൊണ്ട്  മാത്രം ജീവിതം മുന്നോട്ട്‌ കൊണ്ടുപോകുകയാണിപ്പോള്‍ ഷാഹുല്‍ ഹമീദ്.  
 
ജീവിതഗന്ധിയായ ദൃശ്യങ്ങൾ പകർത്തി ഇടുക്കിയിലെ പ്രധാനവാര്‍ത്തകള്‍ ലോകത്തെ അറിയിച്ച ഫോട്ടോഗ്രാഫറായിരുന്നു തൊടുപുഴ മുതലക്കോടം കുപ്പശ്ശേരില്‍ ഷാഹുല്‍ ഹമീദ്. ഇടുക്കിയില്‍ ആനവേട്ട നടക്കുന്ന സമയത്ത് തുമ്പിക്കൈ ജലാശയത്തില്‍ ഒഴുകി നടക്കുന്ന വിവരം അറിഞ്ഞ് വള്ളത്തില്‍ പോയി അത് പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത് ഇദ്ദേഹമായിരുന്നു. അതുപോലെ 1980-ല്‍ ഇടമലക്കുടിയില്‍ അതിസാരം ബാധിച്ച് ആദിവാസികള്‍ മരിച്ച വിവരവും 18 കിലോമീറ്റര്‍ കാട്ടിലൂടെ നടന്നെത്തി പുറംലോകത്തെ അറിയിച്ചു. അക്കാലത്ത് 'മാതൃഭൂമി' ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്ക് ഏകആശ്രയമായിരുന്നു ഷാഹുല്‍ ഹമീദെന്ന ഫോട്ടോഗ്രാഫര്‍. ഇന്ദിരാഗാന്ധി,രാജീവ് ഗാന്ധി,എം.ജി.ആര്‍.തുടങ്ങിയവരുടെ ചിത്രങ്ങളും ഇദ്ദേഹം പകര്‍ത്തിയിട്ടുണ്ട്. 
 
ഷാഹുലിന്റെ കൈയിൽ പഴയക്യാമറകളുടെ അപൂര്‍വശേഖരവും  ഉണ്ടായിരുന്നു. ആക്രി ശേഖരിക്കാന്‍ വന്നയാള്‍ക്ക് അത് തൂക്കിവിറ്റു. പകര്‍ത്തിയ ചിത്രങ്ങളും ചിതലരിച്ചു നശിച്ചു. മുപ്പതുവര്‍ഷത്തോളം സ്റ്റില്‍ ഫോട്ടോഗ്രാഫി രംഗത്ത് പ്രവര്‍ത്തിച്ച ഷാഹുലിന് ആദ്യം പ്രമേഹരോഗം ബാധിച്ചു. ഇത് പിന്നീട് കണ്ണിലെ രക്തക്കുഴലുകള്‍ പൊട്ടി രക്തം പടരുന്ന ഡയബറ്റിക് റെറ്റിനോപതി എന്ന രോഗമായി മാറി. ഇപ്പോള്‍ ഡയബറ്റിക് ന്യൂറോപ്പതിയും ബാധിച്ചതുമൂലം ശരീരത്തിന് ബലക്ഷയവും സംഭവിച്ചിട്ടുണ്ട്. 
 
കാഴ്ചകള്‍ മങ്ങിത്തുടങ്ങിയതോടെ ഫോട്ടോഗ്രാഫി രംഗത്തുനിന്നും പിന്മാറിയ ഈ 63-കാരന്‍ മറ്റു ചില ജോലികള്‍ ചെയ്‌തെങ്കിലും അസുഖബാധിതനായതോടെ അതും നിര്‍ത്തേണ്ടി വന്നു. ഉമ്മുകുല്‍സുവാണ് ഭാര്യ. മകന്‍ മുഹമ്മദ് റാഫി ഒന്നാം ക്ലാസില്‍ പഠിക്കുന്നു. ഭാര്യയും പ്രമേഹരോഗബാധിതയാണ്. രണ്ടുപേര്‍ക്കും ചികിത്സയ്ക്കായി നല്ലൊരു തുക വേണം. പട്ടയംകവലയില്‍ വാടകവീട്ടിലാണ് ഷാഹുല്‍ഹമീദും കുടുംബവും താമസിക്കുന്നത്.
 
ചികിത്സ, ഒരുവീട്, മകന്റെ പഠനം എന്നിവ മുടക്കം കൂടാതെ നടക്കണമെന്ന് മാത്രമാണ് ഷാഹുലിന്റെ ഇപ്പോഴത്തെ പ്രാര്‍ഥന.  ഫോണ്‍ 9497211620.