കോഴിക്കോട്: സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനം നടന്നതില്‍ കോണ്‍ഗ്രസിനോ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനോ പ്രസിഡന്റ് എന്ന നിലയില്‍ തനിക്കോ പങ്കില്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. യൂത്ത് കോണ്‍ഗ്രസ്സ് വക്താവ് നിയമനത്തിനെതിരെ ആദ്യം പ്രതികരിച്ചത് താനാണ്. നിയമനവുമായി ബന്ധപ്പെട്ട് കെ സി വേണുഗോപാല്‍ ഇടപെട്ടിട്ടില്ല. ഒരു പ്രത്യേക സെല്‍ ആണ് നിയമനം നടത്തിയതെന്നും ഷാഫി പറഞ്ഞു

യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ പട്ടിക മരവിപ്പിച്ചതില്‍ സംസ്ഥാന നേതൃത്വത്തിന്റെ വികാരം ഉള്‍ക്കൊണ്ട ദേശീയ നേതൃത്വത്തോട് നന്ദി പറയുന്നു. താന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ദേശീയ നേതൃത്വത്തിന്റെ നടപടി. സംഘടനപരമായി നല്ല പ്രവര്‍ത്തനം നടത്തുന്ന നിരവധി യുവാക്കള്‍ക്ക് അവസരം ലഭിക്കേണ്ടതുണ്ട്. ലിസ്റ്റിലെ ആശങ്കകളെ കുറിച്ച് കേന്ദ്ര കമ്മറ്റി മനസ്സിലാക്കി, അത് റദ്ദാക്കുകയും ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട പട്ടികയാണ് റദ്ദാക്കിയത്. പട്ടികയില്‍ പെട്ട ആളുകളെ കുറിച്ച് വ്യക്തിപരമായ പരാമര്‍ശത്തിനില്ലെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.

യങ് ഇന്ത്യ കെ ബോല്‍ എന്ന പേരില്‍ ഒരു ക്യാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു. സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേ പ്രതികരിക്കുക എന്ന ഉദ്ദേശത്തോടെ രാജ്യവ്യാപകമായി സംഘടിപ്പിച്ച പരിപാടിയാണ് ഇത്. ഇതിലേക്കുള്ള അപേക്ഷ ഗൂഗിള്‍ ഫോം വഴിയും വീഡിയോസും മറ്റും ആ സെല്ലിന് അയച്ചുകൊടുത്തുമാണ് നടത്തിയിരുന്നത്. ഇതില്‍ നിന്നാണ് രാജ്യവ്യാപകമായി ആളുകളെ തിരഞ്ഞെടുത്തത്. 

ഒരു സെല്‍ ആണ് നിയമനം നടത്തിയതെങ്കിലും യൂത്ത് കോണ്‍ഗ്രസ് വക്താവ് എന്ന നിലയില്‍ ഒരു നിയമനം നടക്കുമ്പോള്‍ അത് നേതൃത്വം അറിയണമെന്നതിനാലാണ് എതിര്‍ത്തതും തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. നേതാക്കളുടെ മക്കള്‍ക്ക് സ്ഥാനം ലഭിക്കുന്നതില്‍ എതിര്‍പ്പില്ല. യൂത്ത്‌ കോണ്‍ഗ്രസിനായി കഷ്ടപ്പെട്ട് സമയം കണ്ടെത്തുന്ന ഒരുപാട് നേതാക്കളുടെ മക്കള്‍ ഉണ്ട്. എന്നാല്‍ ഒരു ജോലിയും ചെയ്യാതെ സ്ഥാനം നല്‍കുന്നതിനോട് യോജിപ്പില്ലെന്നും ഷാഫി പറഞ്ഞു.

Content Highlights: Shafi parambil on Youth congress spokesperson list