പാലക്കാട്:  കര്‍ണാടക ബിജെപി എം.പി തേജസ്വീ സൂര്യയെയും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിനെയും താരതമ്യം  ചെയ്ത് പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരെയും താരതമ്യം ചെയ്തുകൊണ്ട് ഷാഫി ബിജെപിയെ വിമര്‍ശിച്ചത്. 

ഗ്ലൗസിട്ട കൈ ജാതിയും മതവും നോക്കാതെ ജീവ വായു എത്തിക്കുന്നു. കൂപ്പിയ കൈകള്‍ ജീവവായുവില്‍ പോലും മതത്തിന്റെ പേരില്‍ വിഷം കലര്‍ത്തുന്നു ..

രണ്ട് പ്രസ്ഥാനങ്ങള്‍, രണ്ട് ആശയങ്ങള്‍, രണ്ട് നേതാക്കള്‍  ഇതായിരുന്നു ഷാഫി പറമ്പിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രികളില്‍  കോവിഡ് രോഗികളുടെ കിടക്ക ലക്ഷങ്ങള്‍ വാങ്ങി കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി തേജസ്വീ സൂര്യ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.  

എന്നാല്‍ തൊട്ടടുത്ത ദിവസം കോവിഡ് വാര്‍ റൂമിലെത്തിയ തേജസ്വി സൂര്യ മുസ്ലീം ഉദ്യോഗസ്ഥരുടെ പേരുകള്‍ മാത്രം വിളിച്ചുപറഞ്ഞ് ക്ഷുഭിതനായി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെ അഴിമതി ആരോപണം മുസ്ലീം വിദ്വേഷത്തിനായി ഉപയോഗിക്കുന്നതായുളള വിമര്‍ശം ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് ഷാഫി പറമ്പില്‍ തേജസ്വി സൂര്യയ്‌ക്കെതിരെ രംഗത്തെത്തിയത്.  

ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിക്കുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനും നേതൃത്വം നല്‍കുന്ന ബി.വി ശ്രീനിവാസിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം ഏറ്റെടുത്താണ് ശ്രീനിവാസ് ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങിയത്.

Content Highlight: shafi parambil fb post against Tejasvi Surya