ഷാഫി പറമ്പിൽ, പിണറായി വിജയൻ | Photo: Mathrubhumi
തിരുവനന്തപുരം: നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയായി പിണറായി വിജയന്റെ സര്‍ക്കാര്‍ മാറിയെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. സമരങ്ങളോട് എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്ന് അദ്ദേഹം ആരാഞ്ഞു. അപകടസാഹചര്യം ആസൂത്രിതമായി സൃഷ്ടിക്കാനുള്ള ശ്രമമാണ് കരിങ്കൊടി പ്രതിഷേധത്തിന്‍റെ പേരില്‍ ഉണ്ടാകുന്നതെന്നും അത് തടയാനാവശ്യമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
താടിയില്ലെന്നും ഹിന്ദി പറയില്ലെന്നും കോട്ടിട്ടില്ല എന്നതും മാത്രമാകരുത് മോദിയും പിണറായിയും തമ്മിലുള്ള വ്യത്യാസമെന്ന് ഷാഫി പറമ്പൽ സഭയിൽ പറഞ്ഞു. ആകാശ് തില്ലങ്കേരി പുറത്ത് പാട്ടുംപാടി നടക്കുമ്പോള്‍ പികെ ഫിറോസിനെ അറസ്റ്റ് ചെയ്യാന്‍ വ്യഗ്രത കാണിക്കുകയാണ്. ഒരു കരിങ്കൊടി കാണിക്കുന്നത് ഇത്ര വലിയ കുറ്റമാണോയെന്നും അദ്ദേഹം ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരായ പോലീസ് നടപടിയ്‌ക്കെതിരേ നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഷാഫി.
തൊട്ടതിനെല്ലാം നികുതി വര്‍ധിപ്പിച്ചു. അടച്ചിട്ട വീടിനു പോലും നികുതി. പെട്രോളിനും ഡീസലിനും അധിക സെസ്. അങ്ങനെ എല്ലാം വര്‍ധിപ്പിച്ചിട്ട് പ്രതിപക്ഷത്തോട് സമരം ചെയ്യരുത് എന്ന് പറയാന്‍ ഞങ്ങള്‍ ആരുടെയും അടിമകളല്ല. ഞങ്ങള്‍ക്കാരെയും ഭയവുമില്ല. എന്തിനാണ് ഒരു കറുത്ത കഷണം തുണിയെ മുഖ്യമന്ത്രി ഭയപ്പെടുന്നത്? നികുതി ഭീകരതയ്‌ക്കെതിരേ പ്രതിഷേധം തുടരുകതന്നെ ചെയ്യും. ആക്ഷേപിച്ചോ ഭയപ്പെടുത്തിയോ പോലീസിനെ ഉപയോഗിച്ച് തല്ലിത്തകര്‍ത്തോ പ്രതിഷേധത്തെ ഇല്ലാതാക്കാമെന്ന് കരുതരുതെന്നും ഷാഫി പറഞ്ഞു.
ഖജനാവില്‍ പണമില്ല, പിടിച്ചു നില്‍ക്കാന്‍ പണമില്ല എന്നാണ് പറയുന്നത്. ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രമിനലുകള്‍ക്കു വേണ്ടി കേസ് നടത്താന്‍ സുപ്രീം കോടതിയില്‍നിന്ന് അഭിഭാഷകരെ കൊണ്ടുവരാന്‍ ഇവര്‍ക്ക് എവിടെനിനിന്നാണ് പണം. രണ്ടു കോടി 11 ലക്ഷം ഖജനാവില്‍നിന്ന് എഴുതി കൊടുത്തത് പെരിയ കേസിലെയും മട്ടന്നൂര്‍ കേസിലെയും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ നല്‍കിയ കേസിനെ അട്ടിമറിക്കാനാണ്. അതിന് കൊടുക്കാന്‍ എവിടെയാണ് പണമെന്നും ഷാഫി ആരാഞ്ഞു.
അതേസമയം, ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിക്ക് അതിന്റെ സ്വാഭാവികമായ പ്രോട്ടോകാള്‍ പ്രകാരം നല്‍കുന്ന സുരക്ഷ മാത്രമേ കേരളത്തിലെ മുഖ്യമന്ത്രിക്കുള്ളൂവെന്ന് ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് മറപടി പറയവേ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പ്രത്യേക സാഹചര്യങ്ങളില്‍ ചില സമരമുറകള്‍ അരങ്ങേറുമ്പോള്‍ അതില്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധയും പോലീസ് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാഹനവ്യൂഹത്തിനു മുന്നില്‍ മൂന്നോ നാലോ പേര്‍ എടുത്തുചാടാന്‍ തയ്യാറാകുമ്പോള്‍ അവര്‍ ഒരു പക്ഷേ അതിന്റെ പ്രത്യാഘാതങ്ങള്‍ ആലോചിക്കുന്നില്ല. പക്ഷേ അവരെ അതിനായി തയ്യാറാക്കുന്നവര്‍ക്ക് അതിന്റെ പ്രത്യാഘാതങ്ങള്‍ നന്നായി അറിയാം. അവര്‍ ഉദ്ദേശിച്ച കാര്യം നടക്കാതെ പോകുമ്പോള്‍ വരുന്ന മോഹഭംഗമാണ് പിന്നിലുള്ള വര്‍ത്തമാനങ്ങളില്‍ നിന്നും കാണാന്‍ കഴിയുന്നത്. മുഖ്യമന്ത്രിക്കുള്ള വാഹനവ്യൂഹം ഏര്‍പ്പാടാക്കുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമല്ല എന്നതാണ് ചുരുക്കം. രാഷ്ട്രീയനിലപാട് വെച്ച് എന്തിനെയും എതിര്‍ക്കുന്ന നിലപാട് മാറ്റണം. നാടിന്റെ നന്മയ്ക്ക് ഒന്നിച്ച് നില്‍ക്കാനാകണം. നാട് മുന്നോട്ടു പോകാനുള്ള സാമ്പത്തിക ഭദ്രത ഉണ്ടാക്കാന്‍ ചില്ലറ വരുമാനം വര്‍ധിപ്പിക്കേണ്ടതായി വന്നു എന്നതാണ് ഇതിനിടയാക്കിയതെന്ന് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധമുള്ളവര്‍ സാധാരണ നിലയില്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച് ബഹുജനങ്ങളെ അണിനിരത്തി സമരം നടത്താറുണ്ട്. എന്നാല്‍ തികച്ചും അപകടകരമായ നിലയില്‍ ഓടുന്ന വാഹനത്തിന്റെ മുന്നിലേക്ക് എടുത്തുചാടാന്‍ പ്രേരിപ്പിക്കുന്ന രീതിയാണ് യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും ഇപ്പോള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത അപകടസാഹചര്യം ആസൂത്രിതമായി സൃഷ്ടിക്കാനുള്ള ശ്രമം ഉണ്ടാകുന്നുണ്ട്. അത് തടയുവാന്‍ ആവശ്യമായ നടപടികളാണ് പോലീസ് സ്വീകരിച്ചുവരുന്നത്. ഇത്തരം സാഹചര്യത്തില്‍ അനിവാര്യമായ നിയമനടപടികളാണ് പോലീസ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: shafi parambil criticises pinarayi vijayan government chief minister hits back


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..