കോഴിക്കോട്: ആവിഷ്‌ക്കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ക്ലാസ് യൂത്ത് കോണ്‍ഗ്രസ്സിന് ആവശ്യമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. ടിപി- 51 വെട്ടും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും ഈടയുമെല്ലാം കേരളത്തിലെ തിയ്യറ്ററുകളില്‍ ബിഗ്‌സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുവാന്‍ അവസരമില്ലാതാക്കിയത് ആരുടെ ഭീഷണി മൂലം ആയിരുന്നുവെന്ന് കേരളത്തിന് അറിയാം. മറ്റാരെയെങ്കിലും ഫാസിസ്റ്റ് എന്ന് വിളിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നുവെന്നും ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

ഷാഫി പറമ്പിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 

ആവിഷ്‌ക്കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ക്ലാസ് യൂത്ത് കോണ്‍ഗ്രസ്സിന് ആവശ്യമില്ല.

ലഖിംമ്പൂര്‍ ഖേരിയില്‍ നിരവധി കര്‍ഷകരെ വാഹനം കയറ്റി കൊന്ന കേന്ദ്രമന്ത്രി പുത്രനെയും മന്ത്രിയേയും സംരക്ഷിക്കുന്ന ബിജെപി നിലപാടിനെ ഫാസിസമെന്ന് വിളിക്കുന്നത് പോയിട്ട് ഒരു വരിയില്‍ അപലപിക്കുവാന്‍ പോലും തയ്യാറാകാതിരുന്ന മുഖ്യമന്ത്രി ഒരു പ്രാദേശിക പ്രതിഷേധത്തെ ഫാസിസമെന്ന് വിളിക്കുന്നത് ആരെ സഹായിക്കാനാണ്? മറ്റാരെയെങ്കിലും ഫാസിസ്റ്റ് എന്ന് വിളിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നു. അങ്ങയുടെ വാക്കുകള്‍ അങ്ങയെ തന്നെ ഓര്‍മ്മപ്പെടുത്തുന്നു. വിയോജിപ്പുള്ളവരെ ജീവിക്കുവാന്‍ അനുവദിക്കില്ല എന്നത് ഫാസിസം തന്നെയാണ്. 

ടിപി - 51 വെട്ടും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും ഈടയുമെല്ലാം കേരളത്തിലെ തിയ്യറ്ററുകളില്‍ ബിഗ്‌സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുവാന്‍ അവസരമില്ലാതാക്കിയത് ആരുടെ ഭീഷണി മൂലം ആയിരുന്നുവെന്ന് കേരളത്തിന് അറിയാം. എഴുത്തുകാരന്‍ പോള്‍ സക്കറിയയെ ഡിവൈഎഫ്‌ഐക്കാര്‍ തല്ലിയത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായത്.

കലാ-സാംസ്‌ക്കാരിക-സാഹിത്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ യൂത്ത് കോണ്‍ഗ്രസ്സ് ആദരവോടെയാണ് കണ്ടിട്ടുള്ളത്. അതിനിയും തുടരും.
കേരളത്തിലെ സിനിമാ മേഖലയോട് യൂത്ത് കോണ്‍ഗ്രസ്സിന് ഒരു പ്രശ്‌നവുമില്ല. മുല്ലപ്പെരിയാര്‍ മരംമുറി, ദീപാ മോഹന്‍ നേരിടേണ്ടി വന്ന ജാതി വിവേചനം, സംസ്ഥാനത്തെ ഇന്ധന നികുതി ഭീകരത തുടങ്ങി ജനകീയ പ്രശ്‌നങ്ങളിലെല്ലാം മൗനത്തിലായ മുഖ്യമന്ത്രിക്ക് പ്രതികരണ ശേഷി തിരിച്ച് കിട്ടിയതില്‍ സന്തോഷം.

Content highlights: shafi parambil against pinarayi vijayan