ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയ ഭരണഘടനാ ബെഞ്ച് വിധിക്കെതിരെ എന്‍.എസ്.എസ്. സുപ്രീം കോടതിയില്‍ റിവ്യു ഹര്‍ജി നല്‍കി. ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്നും അയ്യപ്പന്‍ നൈഷ്ടിക ബ്രഹ്മചാരിയാണ് എന്നതിന് പൗരാണിക തെളിവുണ്ടെന്നും എന്‍.എസ്.എസ് നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു.

ശബരിമല വിഷയത്തെ തുടര്‍ന്നുള്ള ആദ്യത്തെ പുനഃപരിശോധന ഹര്‍ജിയാണിത്. ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ആചാര അനുഷ്ടാനങ്ങള്‍ക്കുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് വിധിയെന്നും ഭരണഘടനയുടെ 14ാം അനുച്ചേദ പ്രകാരം ആചാരങ്ങള്‍ പരിശോധിച്ചാല്‍ മതങ്ങള്‍ തന്നെ ഇല്ലാതാവും ഇത് അനുവദിക്കരുതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. 

അയ്യപ്പന്‍ നൈഷ്ടിക ബ്രഹ്മചാരിയല്ലെന്ന കണ്ടെത്തല്‍ തെറ്റാണ്. നൈഷ്ടിക ബ്രഹ്മചാരിയാണെന്നതില്‍ പൗരാണിക തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്. ഇത്  വിശദമായി പരിഗണിച്ചിരുന്നില്ല. കേസുമായി ബന്ധമില്ലാത്ത കക്ഷിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ആയതിനാല്‍ സാങ്കേതികമായി കേസ് നിലനില്‍ക്കില്ല. ഒപ്പം പുനഃപരിശോധന ഹര്‍ജി പരിഗണിച്ച് തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നും എന്‍.എസ്.എസ് ആവശ്യപ്പെട്ടു.

പീപ്പിള്‍സ് ഫോര്‍ ധര്‍മ്മ, ശബരിമല ആചാര സംരക്ഷണ ഫോറം, പന്തളം കൊട്ടാരം എന്നിവര്‍ ഉടന്‍ തന്നെ ഹര്‍ജി നല്‍കിയേക്കും. 

റിവ്യു ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത് വൈകിയേക്കും. ഈ മാസം പന്ത്രണ്ടിന് പൂജ അവധിക്കായി കോടതി അടയ്ക്കുകയാണ്. 22നായിരിക്കും കോടതി തുറക്കുക. കേസ് പരിഗണിച്ച ജഡ്ജിമാരില്‍ ചിലര്‍ ഈ കാലയളവില്‍ ഡല്‍ഹിയില്‍ ഉണ്ടാവില്ലെന്നാണ് സൂചന. അടിയന്തിര സാഹചര്യം കോടതിയെ ബോദ്ധ്യപ്പെടുത്താനായില്ലെങ്കില്‍ തൂലാമാസ പൂജകള്‍ക്കായി ശബരിമല തുറക്കുന്നതിന് മുമ്പ് പുനപരിശോധന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാന്‍ സാധ്യതയില്ല

ContentHighlights: SabarimalaVerdict, NSS review plea, sabarimala women entry