കൊച്ചി: ശബരിമല വിധി നടപ്പാക്കാന്‍ സാവകാശം തേടുന്ന ഹര്‍ജി ഫയല്‍ ചെയ്തതു കൊണ്ടു മാത്രം അനുകൂല ഉത്തരവ് സുപ്രീം കോടതിയില്‍നിന്ന് ചിലപ്പോള്‍ ലഭിച്ചേക്കില്ലെന്ന് അധികൃതര്‍ക്ക് അറിയാം. എങ്കിലും ഒരു കൈ നോക്കാം- ഭാഗ്യപരീക്ഷണമെന്ന നിലയില്‍ മാത്രമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജി.

സെപ്റ്റംബര്‍ 28-നാണ് വിധി വന്നത്. സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി നടപ്പാക്കുമെന്നാണ് സര്‍ക്കാറിന്റെ ഉറച്ച നിലപാട്. വിധി ഒരു നിയമമായി സുപ്രീം കോടതി പ്രഖ്യാപിച്ചതാണ്. ഭരണഘടന അനുസരിച്ച് അത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടപ്പാക്കിയേ പറ്റൂ. 

വിധി സമയബന്ധിതമായി നടപ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടേയില്ല. അതിനാല്‍ വിധി ഉടനടി പ്രാബല്യത്തിലായതാണ്. വിധി നടപ്പിലാക്കാനുള്ള  പ്രായോഗിക ബുദ്ധിമുട്ടുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് കോടതി മുമ്പാകെ കൊണ്ടുവന്ന് സാവകാശം നേടുക എന്നതാണ് ഹര്‍ജി കൊണ്ട് ഉദ്ദേശിക്കുന്നത്. അത് സുപ്രീം കോടതിക്ക് ബോധ്യപ്പെടണം. ഇല്ലെങ്കില്‍ കനത്ത തിരിച്ചടി കിട്ടുക ദേവസ്വം ബോര്‍ഡിന് മാത്രമല്ല സര്‍ക്കാരിനും കൂടിയാണ്.

ജനുവരി 22 വരെ ഈ വിധിയില്‍ തങ്ങള്‍ ഇനി പിന്നോട്ടില്ലെന്നും അത് നടപ്പിലാക്കിയേ തീരൂ എന്നുമുള്ള വ്യക്തമായ സന്ദേശമാണ് കഴിഞ്ഞ ആഴ്ച സുപ്രീം കോടതി നല്‍കിയത്. റിവ്യൂ ഹര്‍ജികള്‍ ജനവരി 22-നാണ് കോടതി വാദം കേള്‍ക്കുക. അതുവരെ സെപ്റ്റംബര്‍ 28-ലെ വിധിക്ക് സ്റ്റേ ഇല്ല എന്നുള്ളത് കോടതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതായത് വിധി നടപ്പാക്കുക, അതില്‍ ജനുവരി 22 വരെ ഒരു പരിഗണനയുമില്ല. സര്‍ക്കാറിനെയും ദേവസ്വം ബോര്‍ഡിനെയും ഈ ഉത്തരവ് വെട്ടിലാക്കിയിട്ടുണ്ട്.

റിവ്യൂ ഹര്‍ജികള്‍ സാധാരണമായി കോടതി തള്ളിക്കളയുകയാണ് പതിവ്. ഇവിടെ കൂടുതല്‍ പരിഗണന നല്‍കി വാദം കേള്‍ക്കണമെന്നുള്ള നിലപാട് സ്വീകരിച്ചുകൊണ്ടാണ് അവ ജനുവരി 22 ന് മാറ്റിവച്ചത്. അത് നല്ലത് തന്നെ. സെപ്റ്റംബര്‍ 28 ലെ വിധി സ്റ്റേ ചെയ്യുന്നില്ല എന്ന് കോടതി ഉത്തരവിട്ടിരുന്നില്ലെന്ന് കരുതിയാലും അത് പ്രാബല്യത്തിലുണ്ടെന്ന് വ്യക്തം. അങ്ങനെയെങ്കില്‍ വിധിക്ക് സ്റ്റേ ഇല്ലെന്ന് പ്രഖ്യാപിക്കുക വഴി ശബരിമല സ്ത്രീ പ്രവേശന വിധി സര്‍ക്കാര്‍ നടപ്പാക്കുകതന്നെ വേണമെന്ന് അന്ത്യശാസനത്തിന്റെ രൂപത്തില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു. 

ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് തീര്‍ത്ഥാടകരുടെ യാത്ര സുഗമമാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അതിനാല്‍ സാവകാശ ഹര്‍ജി അനുവദിക്കണമെന്നുമുള്ള ആവശ്യം ദേവസ്വം ബോര്‍ഡിന് ഉന്നയിക്കാം. വിധി വന്ന് ഒന്നര മാസം കഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഇപ്പോഴാണോ ചിന്തിക്കുന്നതെന്ന്‌കോടതി ചോദിച്ചാല്‍ ദേവസ്വം ബോര്‍ഡ് പരിങ്ങലിലാകും. പ്രളയത്തിന് ശേഷം സ്ഥിതി ഗതികള്‍ മാറിയതിനാല്‍ അതെക്കുറിച്ച് വളരെ നേരത്തെ തന്നെ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന ചേദ്വും ഉയര്‍ന്നാല്‍ ബോര്‍ഡിന്റെ നടപടിയില്‍ ആത്മാര്‍ത്ഥതയില്ലെന്ന് കോടതിക്ക് ബോധ്യമാകും. ക്രമസമാധാന പ്രശ്‌നത്തെക്കുറിച്ച് കോടതി എന്തെങ്കിലും ചോദ്യം ഉന്നയിച്ച് ആഴത്തില്‍ പരിശോധിച്ചാല്‍ അത് സര്‍ക്കാറിന് കനത്ത തിരിച്ചടിയാകും. ക്രമസമാധാനപ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാറിന് വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് കോടതിക്ക് അന്വേഷണത്തിലൂടെ ബോദ്യമായാല്‍ അത് കനത്ത പ്രത്യാഘാതങ്ങള്‍ വരുത്തിവെക്കും.

അടിസ്ഥാന സൗകര്യങ്ങള്‍ ഉന്നയിച്ചാണ് സാവകാശ ഹര്‍ജി ഫയല്‍ ചെയ്യുക. ഇതിനിടയില്‍ സ്‌പെഷ്യല്‍ കമ്മീഷണറും ജില്ലാ ജഡ്ജിയുമായ മനോജ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് സുപ്രീം കോടതി വിളിച്ചുവരുത്തിയാല്‍ അതും സര്‍ക്കാറിന് വിനയാകും. ഭക്തര്‍ക്കുള്ള സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച സര്‍ക്കാറിന്റെയും പോലീസിന്റെയും നടപടി ഏത് പൗരനും കക്ഷിചേര്‍ന്ന് സുപ്രീം കോടതിയില്‍ ഉന്നയിക്കാം. ആഴത്തിലുള്ള കോടതിയുടെ പരിശോധനയില്‍ സര്‍ക്കാറിന്റെ ഗുരുതരമായ വീഴ്ചകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പുറത്തുവരികയും ചെയ്യും. അതിനാല്‍ സാവകാശ ഹര്‍ജി പണ്ടോരയുടെ പേടകം കോടതിയില്‍ തുറന്ന് കാണിക്കാന്‍ വഴിയൊരുക്കുമെന്ന് നിയമവിദഗ്ധര്‍ കരുതുന്നു.

സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ശബരിമലയില്‍ ക്രമസമാധാന തകര്‍ച്ച വിശദീകരിക്കുന്നത്. ഈ റിപ്പോര്‍ട്ട് സാവകാശ ഹര്‍ജിയോടൊപ്പം ഉണ്ടെന്നാണ് അറിയുന്നത്. അങ്ങനെയാണെങ്കില്‍ അത് കോടതി പരിശോധിക്കുന്നത് സര്‍ക്കാറിനും ബോര്‍ഡിനും തുടക്കത്തില്‍ തന്നെ അമ്പരപ്പ് ഉണ്ടാക്കാനും ഇടയുണ്ട്. വിധി നടപ്പാക്കാന്‍ പോംവഴികള്‍ നിങ്ങള്‍ തന്നെ ആലോചിക്കൂ എന്ന് കോടതിക്ക് പറയാവുന്നതാണ്. അതില്‍ വീഴ്ച വന്നാല്‍ കോടതി അലക്ഷ്യ ഹര്‍ജി സുപ്രീം കോടതിയില്‍ പരാതിയുള്ള ആര്‍ക്കും ഫയല്‍ ചെയ്യാം.

ക്രമസമാധാനത്തെ മുന്‍നിര്‍ത്തി വിധി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് സര്‍ക്കാരിന് സുപ്രീം കോടതിയില്‍ ഉന്നയിക്കാം. ഭരണഘടനയിലെ 25-ാം അനുഛേദം അനുസരിച്ച് ഒരു പൗരന് മതവിശ്വാസത്തിനും ആരാധനക്കുമുള്ള സ്വാതന്ത്ര്യം മൗലികാവകാശമായി ഉറപ്പു നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ ഈ മൗലികാവകാശം ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. പൊതുസമാധാനത്തിനും സാന്‍മാര്‍ഗികതയ്ക്കും മറ്റും വിധേയമായിട്ടുള്ളതാണ് ഈ മൗലികാവകാശമെന്ന് ഭരണഘടന തന്നെ വ്യവസ്ഥ ചെയ്യുന്നു. 

അതിനാല്‍ ക്രമസമാധാനപ്രശ്‌നം നിലനില്‍ക്കുന്ന ഒരു സ്ഥലത്ത് ഒരു പൗരന് ഈ അവകാശം പ്രയോഗിക്കാന്‍ കഴിയില്ല. എന്നാല്‍ മൗലികാവകാശങ്ങള്‍ അന്യായമായിട്ടാണോ സര്‍ക്കാര്‍ നിഷേധിച്ചിട്ടുള്ളതെന്ന് കോടതിക്ക് പരിശോധിക്കാം. നിയമവിരുദ്ധവും കോടതി വിധി ലംഘിക്കും വിധത്തിലുള്ള സര്‍ക്കാര്‍ നടപടിയാണ് ഉണ്ടായിട്ടുള്ളതെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ പൗരസ്വാതന്ത്ര്യ ലംഘനത്തിന് കനത്ത വില സര്‍ക്കാര്‍ നല്‍കേണ്ടിവരും.

ക്രമസമാധാന പ്രശ്‌നം എങ്ങനെ ഉണ്ടായി എന്നത് ആഴത്തില്‍ സുപ്രീം കോടതിക്ക് അന്വേഷിക്കാം. ന്യായമായ നടപടിയല്ല സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെങ്കില്‍ കനത്ത തിരിച്ചടി സര്‍ക്കാറിന് കിട്ടും. ക്രമസമാധാന പ്രശ്‌നം സര്‍ക്കാറിനും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താം. ഇനി കോടതി വിധി സര്‍ക്കാര്‍ ലംഘിച്ചുകൊണ്ട് മൗലികവാദം ലംഘിച്ചുവെന്ന് പരാതിയുള്ളവര്‍ക്ക് കോടതി അലക്ഷ്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കാം. അപ്പോഴും കോടതിക്ക് അന്വേഷിക്കാം.

സാവകാശ ഹര്‍ജി കോടതി അനുവദിച്ചില്ലെങ്കില്‍ ബോര്‍ഡിന് ഇങ്ങനെ പറയാം. 'ഞങ്ങള്‍ ശ്രമിച്ചു നോക്കി. പക്ഷെ കോടതി കനിഞ്ഞില്ല.' ഒരു വിധത്തില്‍ അത് ബോര്‍ഡും സര്‍ക്കാരും മുന്‍കൂര്‍ ജാമ്യമെടുക്കലാണ്.

സാവകാശ ഹര്‍ജി നല്‍കിയത് ദേവസ്വം ബോര്‍ഡാണ്. സര്‍ക്കാര്‍ ഒഴിഞ്ഞുമാറി ഭാരം ബോര്‍ഡിന്റെ തലയില്‍ കെട്ടിവെച്ചു. സര്‍ക്കാര്‍ കൈ കഴുകി. ബോര്‍ഡാണ് സാവകാശ ഹര്‍ജി നല്‍കിയതെങ്കിലും സര്‍ക്കാറിന് നോട്ടീസ് നല്‍കി സര്‍ക്കാറിന് പറയാനുള്ളതും കോടതിക്ക് കേള്‍ക്കാം.

Content Highlights: Shabarimala Women Entry, Travancore Devaswam Board, Supreme Court, Kerala Govt