രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്തപ്പോൾ | ഫോട്ടോ: എം.വി. സനോജ് / മാതൃഭൂമി
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എം.പിയുടെ കല്‍പ്പറ്റയിലെ ഓഫീസിന് നേരെ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരവും തുടര്‍ന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം. സമരത്തിന് നേതൃത്വം നല്‍കിയ പ്രവര്‍ത്തകര്‍ക്ക് നേരെ ശക്തവും മാതൃകാപരവുമായ സംഘടനാ നടപടി സ്വീകരിക്കുമെന്നും എസ്എഫ്‌ഐ അറിയിച്ചു.
സംരക്ഷിത വനമേഖലയുടെ ബഫര്‍ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാന്‍ എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചിന് സംസ്ഥാന നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ലെന്നും എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു.
ഒറ്റപ്പെട്ട ഈ സംഭവം ഉയര്‍ത്തിപ്പിടിച്ച് എസ്.എഫ്.ഐയെ മോശമായി ചിത്രീകരിക്കാനുള്ള വലതുപക്ഷത്തിന്റെ രാഷ്ട്രീയ അജണ്ട പൊതുസമൂഹവും വിദ്യാര്‍ത്ഥികളും തിരിച്ചറിയണം. അവസരം മുതലെടുത്ത് എസ്.എഫ്.ഐയെ ആക്രമിക്കാനുള്ള വലതുപക്ഷ നീക്കത്തെ വിദ്യാര്‍ത്ഥികളെ അണിനിരത്തി ചെറുത്തു തോല്‍പ്പിക്കുമെന്നും എസ്.എഫ്.ഐ നേതൃത്വം അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..