കോട്ടയം: എംജി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ്എഫ്‌ഐയുടെ പരാതി.

വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ വനിതാ നേതാവിനെ കടന്നുപിടിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്‌തെന്ന പരാതിയില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐ നേതാക്കള്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ സമാന പരാതി നല്‍കിയിരിക്കുന്നത്.

ഏഴ് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് എസ്എഫ്‌ഐയുടെ പരാതി. തങ്ങളുടെ ഒരു വനിതാ പ്രവര്‍ത്തകയെ കടന്നുപിടിച്ചു. മറ്റൊരു വനിതാ പ്രവര്‍ത്തകയെ ജാതീയമായി അധിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങളാണ് എസ്എഫ്‌ഐയുടെ പരാതിയില്‍ ഉന്നയിക്കുന്നത്.

നേരത്തെ എഐഎസ്എഫ് വനിതാ നേതാവ് നല്‍കിയ പരാതിയില്‍ എസ്.എഫ്.ഐ. എറണാകുളം ജില്ലാ പ്രസിഡന്റ് ആര്‍ഷോ, സെക്രട്ടറി അമല്‍, ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം അരുണ്‍, പ്രജിത്ത് കെ. ബാബു എന്നിവരുള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയാണ് കേസെടുത്തത്. എ.ഐ.എസ്.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിന്റെ പരാതിയിലാണ് കോട്ടയം ഗാന്ധിനഗര്‍ പോലീസ് കേസെടുത്തത്. ഈ കേസിന്റെ അന്വേഷണ ചുമതല കോട്ടയം ഡിവൈഎസ്പിക്കാണ്.