രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്തപ്പോൾ | ഫോട്ടോ: എം.വി. സനോജ് / മാതൃഭൂമി
കല്‍പ്പറ്റ: ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകർ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കല്‍പ്പറ്റ കൈനാട്ടിയിലെ എംപി ഓഫീലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലെ ഫര്‍ണ്ണിച്ചറുകള്‍ അടക്കം തല്ലിത്തകര്‍ത്തു.
ഓഫിസിനുള്ളിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ ബഹളം വെക്കുകയായിരുന്നു. ഈ സമയം ജീവനക്കാര്‍ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. ഫര്‍ണിച്ചറുകള്‍ക്കടക്കം കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്ന് ഓഫീസിന്റെ ഷട്ടര്‍ താഴ്ത്തുകയും പോലീസ് ഇടപെടുകയും ചെയ്തു. ദേശീയ പാതയില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി. വനിതാ പ്രവര്‍ത്തകര്‍ അടക്കം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നില്ല എന്ന ആരോപണമാണ് ഇടതുമുന്നണി ഉയര്‍ത്തുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്. അതില്‍ കാര്യമില്ലെന്നും കാര്യക്ഷമമായി ഇടപെടണം എന്നുമാണ് ഇടതുമുന്നണി ആവശ്യപ്പെടുന്നത്.
ഫര്‍ണിച്ചറുകള്‍ തല്ലിത്തകര്‍ക്കുകയും ഓഫിസ് ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരുടേത് ഗുണ്ടായിസമാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. അക്രമം ആസൂത്രിതമാണെന്നും സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ അവസ്ഥയെന്തെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യായീകരണമില്ലാത്ത ആക്രമണമാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണമറിയാന്‍ കാത്തുനില്‍ക്കുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആര്‍എസ്എസിന്റെ ഏറാന്‍മൂളികളെപ്പോലെ വന്ന് അടിച്ചു തകര്‍ത്ത എസ്.എഫ്.ഐയുടെ നടപടിയില്‍ പ്രതിഷേധം രേഖപ്പടുത്തുന്നുവെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് പറഞ്ഞു. ഈ ക്രിമിനലുകളെ നിലക്കുനിര്‍ത്താന്‍ കഴിയാത്ത അവരുടെ നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധം അറിയിക്കുന്നു. ഇത് തെമ്മാടിത്തരമാണന്നും അഭിജിത്ത് പറഞ്ഞു.
Content Highlights: sfi protest against rahul gandhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..