പ്രതീകാത്മകചിത്രം| Photo: Mathrubhumi
കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് പരാതി ഉന്നയിക്കാനും അതില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശങ്ങളുമായി ഹൈക്കോടതി. പരാതി പറയാന്‍ ഒരു ടോള്‍ ഫ്രീ ഫോണ്‍ നമ്പറും ഉന്നയിക്കുന്ന പരാതിയില്‍ 24 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കാനുള്ള സംവിധാനവുമാണ് വേണ്ടതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. ലൈംഗികാതിക്രമ പരാതിയോ ബാലപീഡന പരാതിയോ ലഭിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ പരാതിക്കാരെ നേരിട്ടോ ഫോണിലോ ബന്ധപ്പെടണം. ഒരു കാരണവശാലും അവരെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുത്. നിലവിലുള്ള നടപടികള്‍ പലതും കടലാസില്‍ ഒതുങ്ങുകയാണ്. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ലൈംഗികാതിക്രമത്തിന് ഇരയായ യുവതി നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജി ജൂണ്‍ എട്ടിന് വീണ്ടും പരിഗണിക്കും. കോടതിയുടെ നിര്‍ദേശങ്ങളില്‍ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷക സമയം തേടി.
കോടതിയുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ
- പരാതി ഉന്നയിക്കാനായി നിലവിലുള്ള 112 എന്ന ടോള്‍ഫ്രീ നമ്പറിന് പ്രചാരണം നല്‍കണം. ലൈംഗികാതിക്രമത്തിനും ബാലപീഡനത്തിനും ഇരയാകുന്നവര്‍ക്ക് ഇതില്‍ ബന്ധപ്പെടാന്‍ കഴിയും.
- 112 നമ്പറിലോ 100 ലോ ഇത്തരത്തിലുള്ള പരാതിലഭിച്ചാല്‍ ഉടന്‍ അത് രജിസ്റ്റര്‍ ചെയ്യുകയും ബന്ധപ്പെട്ട പോലീസ് സ്റ്റേഷില്‍ അറിയിക്കുകയും വേണം
- 112 നമ്പറില്‍ വിളിക്കുന്ന ഫോണ്‍ എടുക്കാന്‍ മതിയായ പരിശീലനം ലഭിച്ചവരെയേ നിയമിക്കാവൂ.
- ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ മൊഴി എടുക്കുകയും സി.ആര്‍.പി.സി. പ്രകാരം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയും വേണം
- പരാതിപ്പെട്ടയാളുടെ വീട്ടില്‍വെച്ചോ അതല്ലെങ്കില്‍ അവര്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചോ ആയിരിക്കണം മൊഴി രേഖപ്പെടുത്തേണ്ടത്. രക്ഷിതാക്കളുടെയോ ബന്ധുക്കളുടെയോ സോഷ്യല്‍ വര്‍ക്കറുടെയോ സാന്നിധ്യവും ഉണ്ടാകണം
- എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്താലുടനെ പരാതിപ്പെട്ടയാളുടെ സഹായത്തിനും പിന്തുണയ്ക്കുമായി വിക്ടിം ലെയ്സണ്‍ ഓഫീസറെ ചുമതലപ്പെടുത്തണം. വണ്‍ സ്റ്റോപ് ക്രൈസിസ് സെന്ററിന്റെയും വി.ആര്‍.സി.യുടെയും (വിക്ടിം റൈറ്റ് സെന്റര്‍) നമ്പറും നല്‍കണം. മാനസിക പിന്തുണ നല്‍കുന്നതിനും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനുമാണിത്.
- വിക്ടിം ലെയ്സണ്‍ ഓഫീസറിന്റെ സഹായം ആവശ്യമുള്ളപ്പോഴൊക്കെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 24 മണിക്കൂറും ഈ സേവനം ലഭിക്കണം
- പരാതി ഉന്നയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍; മൊഴിയെടുക്കാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..