Representative Image | Photo: Gettyimages.in
കൊച്ചി: 'ഇത്രയും ദിവസവും അവര്‍ എന്നെ പൂട്ടി ഇട്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ ഉമ്മയുടെ സഹായത്തോടെയാണ് കോളേജില്‍ പഠിക്കാന്‍ പോകുന്നത്. ഒരുപക്ഷേ പെട്ടെന്ന് ഒരു ദിവസം വീട്ടില്‍നിന്ന് ഇറങ്ങേണ്ടിവന്നാല്‍ പോകാന്‍ ഒരു സ്ഥലമില്ല', പറയുന്നത് ലിംഗമാറ്റ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന ആലപ്പുഴ സ്വദേശിയായ ഷഹ്സാദാണ്.
ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദ സംസ്ഥാനെമന്ന് പറയുമ്പോഴും കയറികിടക്കാന്‍ ഇടമില്ലാതെ അലയുകയാണ് കേരളത്തിലെ ട്രാന്‍സ്മെന്‍ സമൂഹം. തിരുവനന്തപുരത്തുള്ള കേരളത്തിലുള്ള ഏക ട്രാന്‍സ്മെന്‍ ഷെല്‍ട്ടര്‍ ഹോം കഴിഞ്ഞ അഞ്ച്മാസമായി പൂട്ടികിടക്കുകയാണ്. ഇതോടെ സര്‍ജറിക്കായും മറ്റ് അനുബന്ധ ചികിത്സകള്‍ക്കായും കാത്തിരിക്കുന്നവര്‍ എന്ത് ചെയ്യണമെന്ന് അറിയാതെ അലയുകയാണ്.
ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ഷഹ്സാദ്. യാഥാസ്തിക കുടുംബത്തിലുള്ളതായതുകൊണ്ടുതന്നെ ഷഹ്സാദിന്റെ ഐഡന്റിറ്റിയെ എതിര്‍ക്കുകയാണ് കുടുംബം. മരുന്നുകള്‍ക്കും മന്ത്രങ്ങള്‍ക്കും കൗണ്‍സിലിങ്ങുകള്‍ക്കും ശേഷം ഷഹ്സാദില്‍ മാറ്റമൊന്നും കാണാതായതോടെ സര്‍ജറി ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനായി ബന്ധുക്കള്‍ കഴിഞ്ഞ കുറേ ദിവസങ്ങള്‍ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. പഠനം പൂര്‍ത്തിയാക്കണമെന്ന ഷഹ്സാദിന്റെ ആഗ്രഹത്തിനൊപ്പം മാത്രം നില്ക്കുന്ന ഉമ്മ അതിന് വേണ്ടുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുകയാണ്. പക്ഷേ, ഇനിയും വീട്ടില്‍ പൂട്ടിയിടുകയോ മാനസികമായി ഉപദ്രവിക്കുകയോ ചെയ്താല്‍ വീട്ടില്‍ നിന്നിറങ്ങി ഷഹ്സാദിന് പോകാന്‍ ഒരു ഇടമില്ല. ഇത് ഒരാളുടെ മാത്രം കാര്യമല്ല.
മാര്‍ത്തോമ്മാ സഭയുടെ കീഴിലുള്ള എന്‍ജിഒയാണ് ഷെല്‍ട്ടര്‍ ഹോം നടത്തിയിരുന്നത്. 2022 മാര്‍ച്ച് മാസത്തിലാണ് ഷെല്‍ട്ടര്‍ ഹോം നടത്തിപ്പിനായി കൊടുത്തിരുന്ന കാലാവധി കഴിഞ്ഞത്. അതിന് ശേഷം വീണ്ടും പുതുക്കി നല്‍കുന്നതിന് പ്രൊപ്പോസല്‍ നല്‍കിയിരുന്നെങ്കിലും അപ്രൂവല്‍ ലഭിച്ചിരുന്നില്ല. പിന്നീട് ജൂണ്‍ മാസം വരെ അവര്‍ തന്നെ കൈയില്‍ നിന്ന് പണം മുടക്കി ഷെല്‍ട്ടര്‍ ഹോം നടത്തിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് നിര്‍ത്തേണ്ടിവന്നു.
സര്‍ജറിക്കായി ചേച്ചിയുടെ സ്വര്‍ണം വാങ്ങി പണയം വെച്ച് പണം സ്വരുക്കൂട്ടിയശേഷം കഴിഞ്ഞ അഞ്ച് മാസമായി കാത്തിരിക്കയാണ് ആലപ്പുഴ സ്വദേശി ഹരികൃഷ്ണന്. സര്‍ജറി ചെയ്യേണ്ട ഡോക്ടര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ കുറച്ച് ദിവസം ഡോക്ടര്‍ക്ക് വേണ്ടി കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ ഡോക്ടര്‍ തിരികെ എത്തിയപ്പോഴേക്കും ഷെല്‍ട്ടര്‍ ഹോം പൂട്ടി. സര്‍ജറിക്ക് ശേഷം ഷെല്‍ട്ടര്‍ ഹോമില്‍ കഴിയാനായിരുന്നു ഹരികൃഷ്ണന് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഷെല്‍ട്ടര്‍ഹോം പൂട്ടിയതോടെ പെരുവഴിയിലായ ഹരികൃഷ്ണനും കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേരും ചേര്‍ന്ന് തിരുവനന്തപുരത്ത് വാടകക്ക് വീടെടുത്ത് താമസിക്കാന്‍ തുടങ്ങി. ഷെല്‍ട്ടര്‍ ഹോം ഉടന്‍ തന്നെ തുറക്കുമെന്നും സര്‍ജറി ചെയ്യ്ത് തന്റെ സ്വത്വത്തിലേക്ക് തിരികെ എത്താമെന്നുമാണ് ഹരികൃഷ്ണന്റെ പ്രതീക്ഷ. എന്നാല്‍ ഷെല്‍ട്ടര്‍ഹോം വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാതായതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഹരി.
ഷെല്‍ട്ടര്‍ ഹോമിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന് ആവശ്യവുമായി ടി ജി സെല്ലിലും മന്ത്രിയുടെ ഓഫീസിലും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് ഷെല്‍ട്ടര്‍ ഹോമിന്റെ മാനേജരായിരുന്ന നെതിക് പറയുന്നത്.
'സഹായം ചോദിച്ചുകൊണ്ട് ഇപ്പോഴും നിരവധി പേരാണ് വിളിക്കുന്നത്. എന്നാല്‍, നിയമപരമായി പിന്തുണയില്ലാതെ സ്വന്തം റിസ്കില്‍ ഇത്തരത്തില്‍ വീടുവിട്ട് വരുന്നവരെയൊക്കെ നിര്‍ത്തുന്നതിന് പരിമിതികളുണ്ട്. ഷെല്‍ട്ടര്‍ ഹോം ഇല്ലാത്തതിന്റെ പേരില്‍ സര്‍ജറി മുടങ്ങിയിരിക്കുന്ന അഞ്ച് പേരെ എനിക്കറിയാം. ഇതുപോലെ നിരവധി പേര് ഉണ്ട്. സര്‍ജറിക്ക് ശേഷം മൂന്ന് മാസത്തെ വിശ്രമം വേണം. ഷെല്‍ട്ടര്‍ ഹോം ഇല്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാതിരിക്കുകയാണ് പലരും. ട്രാന്‍സ് വുമണിന് നിരവധി സ്ഥലങ്ങളുണ്ടെന്നിരിക്കെയാണ് ട്രാന്സ്മെന്സിന് ഇല്ലാത്തത്. തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്തെ മറ്റ് പ്രധാന നഗരങ്ങളിലും ഷെല്‍ട്ടര്‍ ഹോമുകള്‍ വേണ്ടതാണ്', നൈതിക് പറയുന്നു.
Content Highlights: sex reassignment surgery-transmen community
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..