കോഴിക്കോട്: പാറോപ്പടി ചേവരമ്പലം റോഡില്‍ വീട് കേന്ദ്രീകരിച്ച് നടത്തിവരികയായിരുന്ന പെണ്‍വാണിഭ സംഘത്തെ  പിടികൂടി. നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്മാരും ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റിലായി. 

കഴിഞ്ഞ മൂന്ന് മാസത്തോളമായി വീടിന് മുകളില്‍ നരിക്കുനി സ്വദേശി ഷഹീന്‍ എന്നയാള്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബേപ്പൂര്‍ അരക്കിണര്‍ റസ്വ മന്‍സിലില്‍ ഷഫീഖ് (32), ചേവായൂര്‍ തൂവാട്ട് താഴം വയലില്‍ ആഷിക് (24), പയ്യോളി, നടുവണ്ണൂര്‍, അണ്ടിക്കോട് സ്വദേശികളായ മൂന്ന് സ്ത്രീകള്‍ എന്നിവരാണ് അറസ്റ്റിലായത്. 

കേസില്‍ അറസ്റ്റിലായ ഷഹീന്‍ മുന്‍പും സിറ്റിയിലെ വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളായ സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിരവധി ആളുകള്‍ ഇവരുടെ ഇടപാടുകാരായി ഉണ്ടെന്നും ഇവരെ കൂടാതെ കൂടുതല്‍ സ്ത്രീകളെ കേന്ദ്രങ്ങളില്‍ ഷഹീന്‍ എത്തിച്ചിരുന്നെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

മെഡിക്കല്‍ കോളേജ് പോലീസ് അസി.കമ്മീഷണര്‍ കെ.സുദര്‍ശനന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ചേവായൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ചന്ദ്രമോഹന്‍, എസ്.ഐ ഷാന്‍,  സീനിയര്‍ സി.പി.ഒ ഷഫീക്, ശ്രീരാജ്, ബൈജു, രമ്യ എന്നിവരാണ് റെയ്ഡ് നടത്തിയ പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Content Highlights: Sex racket arrested in Kozhikode after complaints from people