തൊടുപുഴ: ക്രൂരമായ മര്‍ദനമേറ്റ് മരിച്ച ഏഴുവയസ്സുകാരന് പ്രതി അരുണ്‍ ആനന്ദ് ചികിത്സ വൈകിപ്പിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നു. മര്‍ദനമേറ്റ കുട്ടിയെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അരുണും കുട്ടിയുടെ അമ്മയും ഡോക്ടര്‍മാരുമായി വഴക്കിട്ടും മെഡിക്കല്‍ കോളേജിലേറ്റ് മാറ്റുന്നത് വൈകിപ്പിച്ചും യഥാസമയം ചികിത്സ ഉറപ്പുവരുത്തിയില്ല. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. 

മാര്‍ച്ച് 28-നാണ് അരുണ്‍ ആനന്ദും യുവതിയും കുട്ടിയുമായി ആശുപത്രിയിലെത്തിയത്. അരുണ്‍ ആയിരുന്നു കാര്‍ ഡ്രൈവ് ചെയ്തിരുന്നത്. ഷര്‍ട്ടിന്റെ ബട്ടണ്‍സുകള്‍ ഇടാതെ അഴിച്ചിട്ട നിലയിലാണ് ഇയാള്‍ കാറില്‍നിന്ന് പുറത്തിറങ്ങിയത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രി ജീവനക്കാര്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചു. ഇതിനിടെ ഡോക്ടര്‍മാരുമായും ജീവനക്കാരുമായും അരുണ്‍ മനപ്പൂര്‍വ്വം വഴക്കിടുകയും ചെയ്തു. 

കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് അമ്മയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവരും പരിഗണിച്ചില്ലെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. ഇതോടെയാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസെത്തി കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും അരുണും യുവതിയും ആംബുലന്‍സില്‍ കയറാന്‍ മടികാണിച്ചു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് ഇരുവരെയും ആംബുലന്‍സിലേക്ക് കയറ്റിയത്. സ്വന്തം കാറില്‍ കുട്ടിയെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകാമെന്നായിരുന്നു അരുണ്‍ ആദ്യം പറഞ്ഞത്. പോലീസ് ഇത് അംഗീകരിച്ചില്ല. 

അതിനിടെ ഏഴുവയസ്സുകാരന്റെ മരണത്തിന് കാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന പ്രാഥമിക റിപ്പോര്‍ട്ടും പുറത്തുവന്നു. കുട്ടിയുടെ തലയോട്ടി പൊട്ടിയിട്ടുണ്ട്. വീഴ്ചയില്‍ സംഭവിക്കുന്നതിനെക്കാള്‍ ഗുരുതരമായ പരിക്കാണിത്. കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗങ്ങള്‍ നടത്തിയതിന്റെ പാടുകളുണ്ട്. വാരിയെല്ലുകള്‍ക്കും ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റിട്ടുണ്ടെന്നും പ്രാഥമിക മൃതദേഹ പരിശോധനയില്‍ വ്യക്തമായി. അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇതുസംബന്ധിച്ച വിശദമായ വിവരങ്ങള്‍ ലഭ്യമാകൂ. 

Content Highlights: seven year old brutally assaulted by mother's friend; accused arun anand did not ensure treatment