തിരുവനന്തപുരം/കൊല്ലം: തിരുവനന്തപുരം വിഴിഞ്ഞത്തുനിന്നും കൊല്ലം നീണ്ടകരയില്‍നിന്നും മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായി. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

വിഴിഞ്ഞത്തുനിന്ന് കടലില്‍പോയ ബെന്നി, ലൂയിസ്, ആന്റണി, യേശുദാസന്‍ എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയ ഇവര്‍ വെള്ളിയാഴ്ച രാവിലെ മടങ്ങിയെത്തേണ്ടതായിരുന്നു. ഉച്ചയ്ക്കും ഇവര്‍ തിരികെ എത്താതിരുന്നതോടെയാണ് ബന്ധുക്കള്‍ അധികൃതരെ വിവരം അറിയിച്ചത്. ഇതോടെ ഇവര്‍ക്കുവേണ്ടി കടലില്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലിക്കോപ്റ്റര്‍ കടലില്‍ നീരീക്ഷണം നടത്തുന്നുണ്ട്. ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് തിരച്ചില്‍.

നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ വള്ളം തകര്‍ന്നാണ് തമിഴ്‌നാട് സ്വദേശികളായ മൂന്നുപേരെ കാണാതായത്. വള്ളം തകര്‍ന്ന നിലയില്‍ ശക്തികുളങ്ങരയ്ക്ക് സമീപം കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ചയാണ് ഇവര്‍ നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയത്. ശക്തമായ കടല്‍ക്ഷോഭത്തില്‍പ്പെട്ട് വള്ളം തകര്‍ന്നതോടെ തമിഴ്‌നാട് സ്വദേശികളായ നിക്കോളാസ്, സ്റ്റാലിന്‍ എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. രാജു, ഡോണ്‍ ബോസ്‌കോ, സഹായരാജു എന്നിവരെയാണ് കാണാതായിട്ടുള്ളത്. ഇവര്‍ക്കുവേണ്ടി നാവികസേനയുടെ സംഘം തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. നീന്തി രക്ഷപ്പെട്ട രണ്ട് മത്സ്യബന്ധന തൊഴിലാളികളെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights: Seven fishermen go missing in sea, Neendakara, Vizhinjam, Search operation by Navi and Coast Guard