വിവിധ അപകടങ്ങളുടെ ദൃശ്യങ്ങൾ
തിരുവനന്തപുരം: പുതുവര്‍ഷ പുലരിയില്‍ സംസ്ഥാനത്ത് അപകട പരമ്പര. ഞായറാഴ്ച പുലര്‍ച്ചെയും രാത്രിയിലുമായി വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ ഏഴു പേര് മരിച്ചു. പത്തനംതിട്ടയില്‍ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര് മരിച്ചു. ആലപ്പുഴയില്‍ പോലീസ് ജീപ്പിടിച്ച് രണ്ടു പേര് മരിച്ചു. ഇടുക്കിയില്‍ കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു ഒരാള്‍ മരിച്ചു. കൊല്ലം ബീച്ചില്‍ പുതുവത്സരാഘോഷത്തിനിടെ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി.
പത്തനംത്തിട്ടയില്‍ തിരുവല്ലയിലും ഏനാത്തുമായിട്ടാണ് അപകടമുണ്ടായത്. ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു രണ്ട് അപകടങ്ങളും. തിരുവല്ലയില്‍ ബൈക്കില്‍ ടാങ്കര്‍ ലോറി ഇടിച്ചാണ് രണ്ട് പേര് മരിച്ചത്. ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്. തിരുവല്ലയില്‍ റെയില്‍വെ സ്റ്റേഷന് സമീപം ഞായറാഴ്ച രാത്രി ഒന്നരയോടെയായിരുന്നു അപകടം. വീട്ടിലേക്കുള്ള യാത്രയില്‍ യുവാക്കള്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ എതിര്‍ദിശയില്‍ വന്ന ടാങ്കര്‍ ലോറി ഇടിയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അരുണ്‍കുമാര്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ തിരുവല്ലയില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏനാത്ത് പോലീസ് സ്റ്റേഷന് സമീപമായിരുന്നു രണ്ടാമത്തെ അപകടം. ഇലമങ്കലം സ്വദേശി തുളസീധരനാണ് മരിച്ചത്. ഇരുചക്രവാഹനം നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചായിരുന്നു തുളസീധരന്‍ മരിച്ചത്.
ആലപ്പുഴ തലവടിയില്‍ പോലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളാണ് മരിച്ചത്. കോട്ടയം കുമരകം സ്വദേശികളായ ജസ്റ്റിന്, അലക്സ് എന്നിവരാണ് മരിച്ചത്. ഡി.സി.ആര്.ബി. ഡിവൈ.എസി.പിയുടെ ജീപ്പാണ് ഇടിച്ചത്. നിയന്ത്രണം വിട്ട ജീപ്പ് വീട്ടിലേക്ക് ഇടിച്ചുകയറി മതില് തകര്‍ത്തു. ഡ്രൈവര്‍ മാത്രമായിരുന്നു ജീപ്പിലുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് കോട്ടയത്തേക്ക് മടങ്ങുകയായിരുന്ന യുവാക്കളാണ് മരിച്ചത്.
ഇടുക്കി തിങ്കള്‍ക്കാടിന് സമീപം ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥി മരിച്ചു. മലപ്പുറം സ്വദേശി മിന്‍ഹാജ് ആണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. വളാഞ്ചേരിയില്‍നിന്നുള്ള കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ഥികള്‍ വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങവെ പുലര്‍ച്ചെ 1.15-ഓടെയാണ് അപകടം.
ബസിനടിയില്‍പ്പെട്ടാണ് മിന്‍ഹാജ് മരിച്ചത്. ഏറെ വൈകിയാണ് ബസിനടിയില്‍നിന്ന് മൃതദേഹം പുറത്തെടുത്തത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാര്‍ഥിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
കൊല്ലത്ത് പുതുവര്‍ഷാഘോഷത്തിനിടെ കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാുംമൂട് സ്വദേശി അഖിലിനെയാണ് കാണാതായത്. ഞായറാഴ്ച രാത്രി 12.30-ഓടെയായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പമാണ് അഖില്‍ ബീച്ചിലെത്തിയത്. എന്നാല്‍ അഖില്‍ തിരയില്‍പ്പെട്ട കാര്യം സുഹൃത്തുക്കള്‍ വൈകിയാണ് അറിഞ്ഞത്. തുടര്‍ന്നാണ് കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും ചേര്‍ന്ന് തിരച്ചില്‍ തുടങ്ങിയത്. ജെ.സി.ബി ഓപ്പറേറ്ററാണ് അഖില്‍.
Content Highlights: Series of accidents in kerala -Six lives were lost on the road at different places
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..