കെ.പി.സി.സി ആസ്ഥാനം | Screengrab: മാതൃഭൂമി ന്യൂസ്
തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്തുവരാനിരിക്കെ കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തി. ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ ഉയര്‍ന്ന അതേ ആരോപണമാണ് മുതിര്‍ന്ന നേതാക്കള്‍ കെ.പി.സി.സി പട്ടിക പുറത്ത് വരാനിരിക്കെയും ഉന്നയിക്കുന്നത്. മുന്‍ കെ.പി.സി.സി അധ്യക്ഷന്മാരായ വി.എം സുധീരന്, എംഎം ഹസ്സന്, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരുമായി ഒരു ചര്‍ച്ചയും നടത്തിയില്ലെന്നാണ് ആരോപണം.
പട്ടികയില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പോലും അറിയില്ലെന്നും ഒരു കൂടിയാലോചനയും ഉണ്ടായിട്ടില്ലെന്നുമാണ് പരസ്യമായല്ലെങ്കിലും നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണം. 51 അംഗ കമ്മിറ്റിയെയാണ് പ്രഖ്യാപിക്കുകയെന്നാണ് വിവരം. ഇന്നോ നാളെയോ പട്ടിക പുറത്ത് വിട്ടേക്കും. വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കുമെന്നാണ് നേതൃത്വം നല്കുന്ന സൂചന. ഈ പട്ടികയില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടതെന്ന് അറിയില്ലെന്നാണ് ഇപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്.
രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നീ മുതിര്‍ന്ന നേതാക്കളുമായി ആദ്യഘട്ടത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഒരു തവണ കൂടി ചര്‍ച്ചയുണ്ടാകുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ലെന്ന് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറിന്റെ സാന്നിധ്യത്തിലാണ് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയത്. അന്തിമ പട്ടികയ്ക്ക് മുന്‍പ് ഒരു ചര്‍ച്ച കൂടി ഉണ്ടാകുമെന്നാണ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രതീക്ഷ പങ്കുവെച്ചിരുന്നത്.
കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് പട്ടിക ഹൈകമാന്‍ഡിന് അംഗീകാരത്തിനായി കൈമാറിയ ശേഷം അന്തിമ പട്ടിക പുറത്തുവരുമ്പോള്‍ നേതാക്കളുടെ പ്രതികരണം എപ്രകാരമായിരിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടി വരും.
Content Highlights: senior leaders unhappy with not discussing about the office bearers list
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..