പാലക്കാട്: സിഐടിയു സംസ്ഥാന പ്രസിഡന്റായി ആനത്തലവട്ടം ആനന്ദനും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എളമരം കരീമും തുടരും.

അതേസമയം പ്രമുഖ നേതാക്കളായ കെഎന്‍ രവീന്ദ്രനാഥ്, എംഎം ലോറന്‍സ്, പികെ ഗുരുദാസന്‍, വിവി ശശീന്ദ്രന്‍, വിഎസ് മണി, എകെ നാരായണന്‍, കെഎം സുധാകരന്‍, എച്ച്എസ് പോറ്റി  എന്നിവരെ സിഐടിയു ഭാരവാഹിത്വത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. 

ഇവരില്‍ കെഎന്‍ രവീന്ദ്രനാഥ്, എംഎം ലോറന്‍സ്, പികെ ഗുരുദാസന്‍, കെഎം സുധാകരന്‍ എസ്എസ് പോറ്റി എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതാദ്യമായാണ് സിഐടിയുവില്‍ ഇത്തരമൊരു പരിഷ്‌കാരം. 


നിലവില്‍ ട്രഷറര്‍ സ്ഥാനം വഹിച്ചിരുന്ന കെഎം സുധാകരന് പകരമായി മലപ്പുറത്ത് നിന്നുള്ള പി.നന്ദകുമാറിനെ തിരഞ്ഞെടുത്തിട്ടുണ്ട്. 30 അംഗ ഭാരവാഹികളില്‍ പന്ത്രണ്ട് വൈസ് പ്രസിഡന്റുമാരും, പതിനഞ്ച് സെക്രട്ടറിമാരും ഉള്‍പ്പെടും. 

മന്ത്രിമാരായ എകെ ബാലന്‍, ജെ മെഴ്‌സിക്കുട്ടിയമ്മ, ടിപി രാമകൃഷ്ണന്‍ എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നൊഴിവാക്കും എന്ന് കരുതിയിരുന്നുവെങ്കിലും പുതിയ സംസ്ഥാന കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റുമാരായി ഇവരെയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


സിഐടിയുവില്‍ പുതുരക്തം നിറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയതെന്നാണ് അനൗദ്യോഗിക വിശദീകരണം. ഇവരുടെ പ്രായധിക്യവും ആരോഗ്യസ്ഥിതിയും സജീവപ്രവര്‍ത്തനത്തിന് തടസ്സമാണെന്ന കാര്യവും പരിഗണിക്കപ്പെട്ടു.

പാലക്കാട് നടന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സമ്മേളനം ഇന്നവസാനിക്കും.