രാഘവൻ വെളുത്തോളി| Photo: Mathrubhumi news screengrab, mathrubhumi
കാസര്‍കോട്: പാര്‍ട്ടി വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ശബ്ദസന്ദേശമയച്ച സംഭവത്തില്‍ സി.പി.എം. കാസര്‍കോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയ്‌ക്കെതിരേ നടപടി. രാഘവനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. ഉദുമ ഏരിയ കമ്മിറ്റിയുടേതാണ് തീരുമാനം.
വിഷയം പാര്‍ട്ടിയെ വലിയതരത്തില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി ഏരിയാ കമ്മിറ്റിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. സംഭവം പുറത്തുവന്നതോടെ ഏരിയ കമ്മിറ്റിയുടെ സെന്‍ട്രല്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
കര്‍ശനമായ നടപടി രാഘവനെതിരേ വേണമെന്നാണ് ജില്ലാനേതൃത്വം, എ.സി. സെന്‍ട്രല്‍ കമ്മിറ്റി മീറ്റിങ്ങില്‍ ഉന്നയിച്ച പ്രധാനകാര്യം. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് രാഘവനെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കാന്‍ തീരുമാനം കൈക്കൊണ്ടത്.
പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും രാഘവനെ പുറത്താക്കാനും യോഗത്തില്‍ തീരുമാനമായി. പിന്നീട് ജില്ലാ കമ്മിറ്റിയും യോഗം ചേര്‍ന്നിരുന്നു. ഞായറാഴ്ച ലോക്കല്‍ കമ്മിറ്റി യോഗം നടക്കും. ഇതിലായിരിക്കും പുതിയ ലോക്കല്‍ സെക്രട്ടറി ആരായിരിക്കുമെന്നതില്‍ തീരുമാനമെടുക്കുക.
മൂന്നുദിവസം മുമ്പാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ രാഘവന്‍ വെളുത്തോളിയുടെ അശ്ലീല ശബ്ദസന്ദേശം എത്തിയത്. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ രാഘവന്‍, കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുന്നതിനിടെ വനിതാനേതാവിന് അയച്ച സന്ദേശമാണ് അബദ്ധത്തില്‍ പാര്‍ട്ടി ഗ്രൂപ്പിലേക്ക് വന്നത്.
സംഭവം വിവാദമായതോടെ നമ്പര്‍ മാറിയതാണെന്നും തന്റെ ഭാര്യയ്ക്ക് അയച്ച സന്ദേശമാണെന്നുമായിരുന്നു രാഘവന്റെ വിശദീകരണം. നേരത്തെ ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റായിരുന്ന കാലയളവില്‍ രാഘവന്‍ സ്വഭാവദൂഷ്യത്തിന് അച്ചടക്ക നടപടി നേരിട്ടിരുന്നു.
Content Highlights: Raghavan Velutholi ,CPM, obscene message ,local secretary in Kasaragod's Pakkam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..