മുല്ലപ്പെരിയാർ ഡാം (ഫയൽ) |ഫോട്ടോ:പി.പി.രതീഷ്
ഇടുക്കി: മുല്ലപ്പെരിയാറില്‍ വന്‍ സുരക്ഷാ വീഴ്ച. ഒരു സംഘം അധികൃതമായി സന്ദര്‍ശനം നടത്തിയതായുള്ള വിവരങ്ങള്‍ പുറത്തുവന്നു. കേരള പോലീസിലെ രണ്ട് വിരമിച്ച എസ്.ഐ മാരടക്കം നാല് പേര് ഡാമില്‍ സന്ദര്‍ശനം നടത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. തമിഴ്നാടിന്റെ ബോട്ടിലെത്തിയ നാല് പേരെയും പോലീസ് തടഞ്ഞില്ല. സംഭവം വിവാദമായതോടെ നാല് പേര്‍ക്കെതിരെയും പോലീസ് കേസടുത്തു.
ഈമാസം ഞായറാഴ്ചയാണ് ഇങ്ങനെയൊരു സംഭവം നടന്നിരിക്കുന്നത്. മലയാളികളായ ഇവര്‍ നാലുപേര്‍ തമിഴ്നാടിന്റെ ബോട്ടില്‍ ഡാം സന്ദര്‍ശിച്ച് മടങ്ങി പിന്നീട് വിവാദമായതോടെയാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്. കേരള പോലീസില്‍നിന്ന് വിരമിച്ച രണ്ട് എസ്.ഐമാരും ഡല്‍ഹി പോലീസില്‍ ഇപ്പോള്‍ സര്‍വീസിലുള്ള ഒരു ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ മകനുമാണ് സംഘത്തിലുണ്ടായിരുന്നത്.
ഇവരോടൊപ്പം തമിഴ്നടിന്റെ എക്സിക്യുട്ടീവ് എഞ്ചിനീയറും സംഘത്തിലുണ്ടായിരുന്നെന്നാണ് വിവരം. ഇത് വളരെ വലിയ സുരക്ഷ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. തമിഴ്നാട് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇവര്‍ സന്ദര്‍ശനം നടത്തിയതെന്നാണ് സൂചന. ഇവരുടെ പേരുകള്‍ ഡാമിന്റെ ജി.ഡി രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ല എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. മുല്ലപ്പെരിയാറിന്റെ ചുമതലയുള്ള പോലീസ് ഡി.വൈ.എസ്.പി ഉള്‍പ്പടെയുള്ളവര്‍ വൈകിയാണ് കാര്യങ്ങളറിഞ്ഞത്.
നേരത്തെ മുല്ലപ്പെരിയാര്‍ വിഷയം കത്തിനില്‍ക്കുന്ന സമയത്ത് സ്ഥലം എം.പിയായ ഡീന്‍ കുര്യാക്കോസിനും മുന്‍ ജലസേചന മന്ത്രി എന്‍.കെ പ്രേമചന്ദ്രനും ഡാം സന്ദര്‍ശിക്കാനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞായിരുന്നു ഇവര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും തമിഴ്നാടും തമ്മില്‍ വലിയ നിയമയുദ്ധം സുപ്രീംകോടതിയില്‍ നടക്കുന്നതിനിടെയാണ് ഈ സുരക്ഷാ വീഴ്ചയെന്നതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അവിടെ കേരള പോലീസിന്റെ സുരക്ഷ വേണ്ടെന്നും കേന്ദ്രസേന സുരക്ഷ ഒരുക്കണമെന്നുമാണ് തമിഴ്നാടിന്റെ വാദങ്ങളിലൊന്ന്.
Content Highlights: security breach at Mullaperiyar Dam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..