തിരുവനന്തപുരം: കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ കടുത്ത നിയന്ത്രണം. എല്ലാ ജില്ലകളിലും കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നുമുതല്‍ ഒക്ടോബര്‍ 31 വരെയാണ് അതാത് ജില്ലാ കളക്ടര്‍മാര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. കാസര്‍കോഡ് ഈ മാസം ഒമ്പത് വരെയാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌.

കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.  കണ്‍ടെയ്ന്‍മെന്റ്  സോണുകളില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. 144 പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നത് വിലക്കിയിട്ടുണ്ട്. കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കും. പ്രഖ്യാപിച്ച പരീക്ഷകള്‍ക്കും തടസമില്ല. 

കണ്‍ടെയ്ന്‍മെന്റ് സോണിന് പുറത്തേക്ക് അനാവശ്യ യാത്രകള്‍ പാടില്ല. മരണാനന്തര ചടങ്ങുകള്‍, വിവാഹം തുടങ്ങിയവയ്ക്ക് കര്‍ശനമായ വ്യവസ്ഥകളോട് കൂടി ആളുകള്‍ക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും വിവാഹത്തിന് 50 പേര്‍ക്കും പങ്കെടുക്കാം. തിരുവനന്തപുരത്ത് കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ വിവാഹത്തിന് 20 പേര്‍ക്ക് മാത്രമേ അനുമതിയുളളൂ. സര്‍ക്കാര്‍, മത- രാഷ്ട്രീയ സംഘടനകളുടെ പരിപാടികളില്‍ 20 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. 

പൊതുസ്ഥലത്ത് ആള്‍കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും പോലീസും ശ്രമിക്കും. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, മറ്റ് കടകള്‍ എന്നിവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കണ്ടാല്‍ അത് നിരോധനാജ്ഞയുടെ ലംഘനമായി കണക്കാക്കും. 

കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വെള്ളിയാഴ്ച നാല് ജില്ലകളില്‍ ആയിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാതെ തന്നെ ആള്‍ക്കൂട്ടം ഒഴിവാക്കാനും സമ്പര്‍ക്ക വ്യാപനം തടയാനും ഉദ്ദേശിച്ചാണ് നടപടികള്‍.

Content Highlights: Section 144 imposed in 12 districts in Kerala considering the surge in Covid 19 cases