എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസ് |ഫോട്ടോ:facebook.com|PK-Navas......
കോഴിക്കോട്: എംഎസ്എഫില്‍ നടന്നുകൊണ്ടിരിക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടുവരെ രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് ക്യാംപിന് മുന്നോടിയായി കീഴ്ഘടകങ്ങളെ നോക്കുകുത്തിയാക്കി മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്ഥാന പ്രസിഡണ്ട്, സംസ്ഥാന കമ്മിറ്റിയിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
തനിക്കെതിരെ സംഘടനക്കകത്ത് ഏറെ എതിര്‍പ്പുകളും വിവാദങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഭൂരിപക്ഷമുണ്ടാക്കാനുള്ള ശ്രമമാണ് പികെ നവാസ് നടത്തുന്നതെന്നാണ് വിലയിരുത്തല്‍. ജില്ലാ പ്രസിഡണ്ട് , ജനറല്‍ സെക്രട്ടറിമാരെയും ഏറ്റവും സീനിയറായ അംഗങ്ങളെയുമാണ് നാളിതുവരെ സംസ്ഥാന കമ്മിറ്റിയംഗങ്ങളായി തെരെഞ്ഞെടുക്കാറുള്ളത്. എന്നാല്‍ സ്വന്തം മണ്ഡലം പ്രസിഡണ്ടുള്‍പ്പെടെ പഞ്ചായത്ത് - മണ്ഡലം തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് ഗ്രൂപ്പ് താല്‍പ്പര്യം മാത്രം മാനദണ്ഡമാക്കി സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തതെന്നാണ് ആക്ഷേപം.
മുതിര്‍ന്ന ജില്ലാ ഭാരവാഹികളെയടക്കം മാറ്റിനിര്‍ത്തിയാണ് ഈ നടപടി. ഇതിനെതിരെ പ്രതികരിക്കുന്നവരോട് സാദിഖലി തങ്ങളുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് പറഞ്ഞു വായടപ്പിക്കുകയാണ് ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ മങ്കട മണ്ഡലം കമ്മിറ്റി നിര്‍ദ്ദേശിച്ചയാളെ കമ്മിറ്റിയില്‍നിന്ന് മാറ്റി നിര്‍ത്തിയതിനെതിരെ പരസ്യമായി നിസ്സഹകരം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.

കഴിഞ്ഞ ദിവസം സമാപിച്ച പാണക്കാട് നടന്ന ക്യാംപില്‍ ഇത്തരത്തിലുള്ള വിവാദ ചര്‍ച്ചകള്‍ക്കൊന്നും അവസരം കൊടുക്കാതെ സംഘടനക്കകത്തെ പ്രശ്നങ്ങളെല്ലാം അവസാനിച്ചു എന്ന പ്രഖ്യാപനം നടത്തി പിരിയുകയായിരുന്നു. അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞതിന്റെ പേരില്‍ പല മണ്ഡലം കമ്മിറ്റികളെയും ഇതിനകം പിരിച്ചുവിട്ടിട്ടുണ്ട്.
എംഎസ്എഫിന് കീഴിലുള്ള ടെക്നിക്കല്‍ വിദ്യാര്‍ത്ഥികളുടെ സംഘടനയായ ടെക്ഫെഡിന്റെ തലപ്പത്ത് നിയമ വിദ്യാര്‍ത്ഥിയെ അവരോധിച്ചതും നിയമ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം സംഘടന വേണ്ടെന്ന നേരത്തെയുള്ള തീരുമാനം മാറ്റി ഗ്രൂപ്പുകാരായ ചിലരെ ഭാരവാഹികളാക്കി കമ്മിറ്റിയുണ്ടാക്കിയതും വിവാദമായിട്ടുണ്ട്. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് ഹരിത പ്രവര്‍ത്തകരോട് അശ്ളീല ഭാഷയില്‍ സംസാരിച്ചെന്ന കേസില്‍ പ്രതിയാണ്.
Content Highlights: Sectarianism msf state committee
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..