തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പൂച്ച് പുറത്താകുമെന്ന് മനസിലായപ്പോള്‍ തെളിവുകള്‍ ഇല്ലാതാക്കാനാണോ സെക്രട്ടേറിയറ്റില്‍ തീയിട്ടതെന്ന് ചോദ്യവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. കത്തിനശിച്ച ഫയലുകള്‍  മന്ത്രി കെ.ടി.ജലീലിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കുന്നവയാണോയെന്ന സംശയവും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക്‌ പോസ്റ്റില്‍ ഉന്നയിച്ചിട്ടുണ്ട്. യാദൃശ്ചികമായുണ്ടായ തീപിടിത്തമെങ്കില്‍ അവിടെയെത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷനെയും നേതാക്കളെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. തീ പിടിച്ചതോ പിടിപ്പിച്ചതോയെന്ന്  വ്യക്തമാകാന്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വി. മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വര്‍ണ കള്ളക്കടത്തു കേസില്‍ പൂച്ച് പുറത്താകുമെന്ന് മനസിലായപ്പോള്‍ സെക്രട്ടേറിയറ്റില്‍ തീയിട്ടും പുകച്ചും തെളിവില്ലാതാക്കാനാണോ മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നീക്കം? സെക്രട്ടേറിയറ്റ് പ്രോട്ടോക്കോള്‍ ഓഫീസിലെ കത്തിനശിച്ച ഫയലുകള്‍ മന്ത്രി കെ.ടി.ജലീലിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കുന്നവയാണോ ഇനി? തീപിടിത്തത്തില്‍ സുപ്രധാന ഫയലുകള്‍ നഷ്ടപ്പെട്ടില്ലെന്ന പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. ഹണിയുടെ തിടുക്കത്തിലുള്ള പ്രതികരണത്തിലുണ്ട് എല്ലാം. കൃത്യമായ വഴിയില്‍ അന്വേഷണമെത്തുമെന്ന് മനസിലായപ്പോള്‍ എല്ലാ രേഖകളും കത്തിച്ചതാണോയെന്ന സംശയം ന്യായമായും പൊതുജനങ്ങള്‍ക്കുണ്ടാകും.

അട്ടിമറിക്ക് കുടപിടിക്കുകയാണോ ചീഫ് സെക്രട്ടറി ? ഇത് യാദൃശ്ചികമായുണ്ടായ തീപിടിത്തമെങ്കില്‍ അവിടെയെത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷനെയും നേതാക്കളെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയതെന്തിന്? ഇത്തരം അട്ടിമറി നടക്കുമ്പോള്‍ കെ.സുരേന്ദ്രന്‍ അവിടെയെത്തി പ്രതിഷേധിക്കുമെന്ന് കരുതിയില്ലേ? ഉള്ളത് പറയുന്നവരെയെല്ലാം അറസ്റ്റ് ചെയ്ത് വാമൂടാമെന്ന് കരുതേണ്ട ! ഈ ആസൂത്രിത അട്ടിമറിയെ തുറന്നെതിര്‍ക്കാന്‍ ബി ജെ പി ശക്തമായ പ്രതിഷേധം തുടരും.

 തീ പിടിച്ചതോ പിടിപ്പിച്ചതോയെന്ന്  വ്യക്തമാകാന്‍ സമഗ്രമായ അന്വേഷണം വേണം. മടിയില്‍ കനമില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇത്തരം കുത്സിത പ്രവൃത്തികളിലൂടെ പൊതു സമൂഹത്തിന് മുന്നില്‍ കൂടുതല്‍ പരിഹാസ്യനാകുകയാണ് പിണറായി എന്ന് പറയാതെ വയ്യ

Content Highlights: secretariat fire incident;  V Muraleedharan Facebook Post