തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപ്പിടിത്തത്തില്‍ ഫയലുകളുടെ പരിശോധന തുടരുന്നു. തീപ്പിടിത്തത്തില്‍ ഭാഗികമായി കത്തിയ ഫയലുകള്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കാനാണ് തീരുമാനം. തീപ്പിടിത്തമുണ്ടായ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ മുഴുവന്‍ ഫയലുകളും പരിശോധിക്കും.
പരിശോധന പൂര്‍ത്തിയാക്കുന്ന ഫയലുകള്‍ സ്‌ട്രോങ് റൂമിലേക്ക് മാറ്റും. ഈ നടപടികള്‍ എല്ലാം ക്യാമറയില്‍ ഷൂട്ട് ചെയ്യുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള ആരോപണങ്ങള്‍ പിന്നീട് ഉയരാതിരിക്കാനാണ് ഈ നടപടി. പരിശോധന പൂര്‍ത്തിയാകാതെ പുതിയ ഫയലുകള്‍ ഇവിടേക്ക് കൊണ്ടുവരില്ല.
അതേസമയം തീപ്പിടിത്തത്തിന് കാരണം ഫാനിന്റെ തകരാറാണെന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തിച്ചേരുന്നത്. എന്നാല്‍ ഫോറസന്‍സിക് റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ അന്തിമ റിപ്പോര്‍ട്ട് അന്വേഷണ സംഘങ്ങള്‍ സര്‍ക്കാരിന് കൈമാറുകയുള്ളു.
സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരും ഫാനിന്റെ തകരാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഫയലുകളുടെ പ്രാഥമിക പരിശോധനയില്‍ പ്രധാനപ്പെട്ടവയൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘങ്ങള്‍.
Content Highlights: Fire in Kerala Secretariate, files will be scanned and stored