തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തം ചെറുതായിരുന്നെങ്കിലും അതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ഇതിനായി ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

കത്തിയെന്ന് പറയുന്നതില്‍ സുപ്രധാന ഫയലുകള്‍ ഒന്നുമില്ല. ഭാഗങ്ങള്‍ മാത്രമാണ് കത്തിപ്പോയത്. എന്‍ഐഎ ആവശ്യപ്പെട്ട എല്ലാ ഫയലുകളും നല്‍കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന് ഒരു പ്രശ്‌നവുമില്ല. എന്നാല്‍ സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ സുപ്രധാന ഫയലുകളല്ല കത്തിയത് എന്നകാര്യം ഇതിനകം പുറത്തുവന്നിട്ടുണ്ട്.

സംഭവത്തെപ്പറ്റി അന്വേഷിക്കുക എന്നതാണ് പ്രാഥമിക നടപടി. രണ്ടു തരത്തിലുള്ള അന്വേഷണം നടത്തുന്നതിനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും ദുരന്ത നിവാരണ സമിതി കമ്മീഷണര്‍ എ കൗശിക്കിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷണം നടത്തുന്നത്. തീപ്പിടിത്തത്തിന്റെ കാരണം, നാശനഷ്ടങ്ങള്‍, എന്തെല്ലാം ഫയലുകള്‍ നഷ്ടപ്പെട്ടു എന്നിവയെല്ലാം അന്വേഷിക്കും. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണം എന്നതുസംബന്ധിച്ച നിര്‍ദ്ദേശങ്ങളും അന്വേഷണ സംഘം നല്‍കും. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് രണ്ട് സംഘങ്ങളോടും നിര്‍ദ്ദേശിച്ചിട്ടുള്ളത്.

സെക്രട്ടേറിയറ്റ് വളപ്പില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവ പാലിക്കാതെ തീപ്പിടിത്തം ഉണ്ടായെന്നറിഞ്ഞ് ചിലര്‍ ചാടിക്കയറുന്ന നിലയാണ് ഉണ്ടായത്. അത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. സര്‍ക്കാര്‍ അതിനെ ഗൗരവമായി കാണും. തീപ്പിടിത്തം ഉണ്ടായപ്പോള്‍ അതിന് മറ്റ് മാനങ്ങള്‍ ചാര്‍ത്തിക്കൊടുക്കാനാണ് ബിജെപിയും യുഡിഎഫും ശ്രമിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

Content Highlights: Secretariat fire: Government to tighten security