സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തകാരണം വിശദീകരിക്കാൻ പോലീസ് പുറത്ത് വിട്ട ഗ്രാഫിക് വീഡിയോ | Screen grab: Mathrubhumi News
തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി പോലീസ് കേന്ദ്ര ലാബിലേക്കയച്ചു. തീപ്പിടിത്തമുണ്ടായത് ഫാനില്‍ നിന്നാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പോലീസ് ഇപ്പോഴും. സ്വിച്ച് ഓണായിരുന്നുവെങ്കിലും ഫാന്‍ കറങ്ങിയിരുന്നില്ല എന്നാണ് പോലീസിന്റെ പുതിയ കണ്ടെത്തല്‍.
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട ഫോറന്‍സിക് പരിശോധനയില്‍ ഷോര്‍ട്ട്‌സര്‍ക്യൂട്ട് ഇല്ലെന്നാണ് കണ്ടെത്തല്‍. ഫാനില്‍ നിന്ന് തീപ്പിടിത്തമുണ്ടായെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ഫോറന്‍സിക് ലാബിലെ അന്തിമ പരിശോധനാ ഫലത്തില്‍ ഫാനില്‍ നിന്ന് തീപ്പിടിത്തമുണ്ടായില്ല എന്നാണ് പറയുന്നത്.
പരിശോധനയക്ക് ശേഷം കോടതിയില്‍ സമര്‍പ്പിച്ച സാമ്പിളുകള്‍ കോടതിയുടെ അനുമതിയോടെ തിരികെ വാങ്ങി കേന്ദ്രലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പ്രധാനമായും ഫാനിന്റെ പ്ലാസ്റ്റിക് പാര്‍ട്‌സുകളടക്കമുള്ള ഭാഗങ്ങളാണ് പരിശോധനയ്ക്ക് അയച്ചത്.
സംഭവ സമയത്ത് ഫാന്‍ പ്രവർത്തിച്ചിരുന്നില്ല എന്നാണ് പോലീസിന്റെ നിഗമനം. ഫാനിന്റെ സ്വിച്ച് ഓണ്‍ ആയിരുന്നെങ്കിലും കറങ്ങിയിരുന്നില്ല. രാവിലെ 9.30 മുതല്‍ വൈകുന്നേരം വരെ സ്വിച്ച് ഓണ്‍ ആയി കിടന്നു. പക്ഷെ ഫാന്‍ പ്രവര്‍ത്തിച്ചില്ല. അമിതമായ വൈദ്യുത പ്രവാഹം മൂലം ഫാന്‍ ചൂടായി. അങ്ങനെ ഫാന്‍ കനോപി ഉരുകുകയും പല ഘട്ടങ്ങളിലായി തൊട്ടുതാഴെയുള്ള ഷെല്‍ഫിലുണ്ടായിരുന്ന ഫയലില്‍ വീണ് തീപ്പിടിത്തമുണ്ടായി എന്നുമാണ് നിഗമനം.
പ്ലാസ്റ്റിക് ഭാഗത്തിന്റെ മെല്‍റ്റിങ് പോയിന്റ് കണ്ടെത്താനാണ് കേന്ദ്രലാബിലേക്കയച്ചത്. ഫോറന്‍സിക് ലാബില്‍ മെല്‍റ്റിങ് പോയിന്റ് കണ്ടെത്താനുള്ള സാങ്കേതിക സംവിധാനമില്ല എന്നാണ് പോലീസിന്റെ വിശദീകരണം.
content highlights: Secretariat fire, Forensic report has limitations, police sent Fan samples to central labs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..