ശൗചാലയത്തിന് മുന്നിലും ക്യാമറ, സെക്രട്ടേറിയറ്റ് മുഴുവന്‍ നിരീക്ഷണവലയം; ജീവനക്കാർക്ക്‌ ആശങ്ക


വിഷ്ണു കോട്ടാങ്ങല്‍

ഫയൽചിത്രം | ഫോട്ടോ: ജി.ശിവപ്രസാദ്/മാതൃഭൂമി

തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ സംഭവിക്കുന്നത് എന്താണെന്ന ചോദ്യത്തിന് ആരാണ് ഉത്തരം നല്‍കേണ്ടത്? സമരം ചെയ്യുന്ന സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് അതിനുള്ള മറുപടിയില്ല. ജീവനക്കാരെ നിരീക്ഷണ വലയിലാക്കുന്ന പഞ്ചിങ് അക്സസ് കണ്‍ട്രോള്‍ സംവിധാനം സെക്രട്ടേറിയറ്റില്‍ നടപ്പിലാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇത് ജീവനക്കാരെ ബന്ദിയാക്കുമെന്നാണ് ആശങ്ക.

34 വകുപ്പുകളിലേയും ജീവനക്കാര്‍ സെന്‍സര്‍ അധിഷ്ഠിതമായ വാതിലിലൂടെ ഓഫിസിലേക്കു കടക്കുമ്പോള്‍ തന്നെ ഹാജര്‍ രേഖപ്പെടുത്തും. ഓഫിസില്‍നിന്നു പിന്നീടു പുറത്തു പോകുമ്പോഴും സമയം രേഖപ്പെടുത്തും. തിരികെയെത്തുന്നത് അര മണിക്കൂറിനു ശേഷമെങ്കില്‍ അവധി രേഖപ്പെടുത്തും. അവധി രേഖപ്പെടുത്തുന്നതു ശമ്പള സോഫ്റ്റ്‌വെയറായസ്പാര്‍ക്കിലൂടെയായിരിക്കും.

1.97 കോടി രൂപ ചെലവാക്കിയാണ് ഇതിനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നത്. ആദ്യഘട്ട ഉപകരണങ്ങള്‍ എത്തി. ഇവ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. കെല്‍ട്രോണിനു ആദ്യഗഡുവായ 56 ലക്ഷം നല്‍കി കഴിഞ്ഞു. പുതിയ നിയന്ത്രണങ്ങള്‍ ജീവനക്കാരെ ബന്ദിയാക്കുന്നതാണെന്ന ആരോപണവുമായി സി.പി.എം. അനുകൂല സംഘടന സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.

ഔദ്യോഗിക യോഗങ്ങള്‍ക്കു പോയാലും അവധി മാര്‍ക്കു ചെയ്യുമെന്നാണ് ആരോപണം. ഓരോ ആവശ്യങ്ങള്‍ക്കുമായി പൊതുജനങ്ങള്‍ എത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ സീറ്റിലില്ലാ എന്ന പ്രശ്നം പരിഹരിക്കാനാണ് ഇതൊക്കെ കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, ഇതൊക്കെ സ്ഥാപിക്കുന്നതിന് മുമ്പ് ജീവനക്കാരോട് ആലോചിക്കുകയോ അവരോട് ഇതിനേപ്പറ്റി വിശദീകരിക്കാനോ ചീഫ് സെക്രട്ടറിയോ സര്‍ക്കാരോ തയ്യാറായിട്ടില്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലും ആരോപിക്കുന്നു.

ഈച്ച പോലും ഇനി സെക്രട്ടേറിയറ്റില്‍ കയറില്ല, രഹസ്യങ്ങളുടെ കലവറയാകുമോ സെക്രട്ടേറിയറ്റ്?

പുതിയ അക്സസ് കണ്‍ട്രോള്‍ സംവിധാനം കൊണ്ടുവരുന്നത് വഴി സെക്രട്ടേറിയറ്റിലേക്ക് അനുവാദമില്ലാതെ ഒരു ഈച്ചയ്ക്ക് പോലും കയറാന്‍ സാധിക്കാതെ വരുമെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ പരിഹസിക്കുന്നു. മുമ്പ് സാധാരണക്കാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സെക്രട്ടേറിയറ്റിലേക്ക് എത്താന്‍ അധികം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി അതിനൊക്കെ നിയന്ത്രണങ്ങള്‍ വന്നു. പുതിയ അക്സസ് കണ്‍ട്രോള്‍ സംവിധാനം വരുന്നതോടെ പൊതുജനങ്ങള്‍ക്ക് സെക്രട്ടേറിയറ്റിലേക്ക് എത്തിപ്പെടാന്‍ സാധിക്കാതോ പോകുമെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

മാതൃഭൂമി ഡോട്ട് കോമിനോട് അവര്‍ പങ്കുവെച്ച ആശങ്കകള്‍ ഇങ്ങനെ:-

സെക്രട്ടേറിയറ്റിനകത്ത് 2018 മുതല്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ താമസിച്ചുവരുന്ന ജീവനക്കാര്‍ക്ക് അതിനനുസരിച്ച് ശമ്പളവും ലീവുമൊക്കെ നഷ്ടപ്പെടുന്നുണ്ട്. ഈ സംവിധാനം നിലവില്‍ സെക്രട്ടേറിയറ്റില്‍ മാത്രമാണ് ഉള്ളത്. മറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍ എവിടെയുമില്ല. അങ്ങനെ സ്ഥാപിക്കുമെന്ന് പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി.

ഇപ്പോള്‍ അക്സസ് കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ ജീവനക്കാര്‍ക്ക് ഓരോ ഡിപ്പാര്‍ട്ട്മെന്റിലേക്ക് പോകുമ്പോഴും തങ്ങളുടെ കാര്‍ഡ് സ്‌കാന്‍ ചെയ്യേണ്ടി വരും. മാത്രമല്ല പുറത്തിറങ്ങുന്നതിനും നിയന്ത്രണങ്ങളുണ്ട്. കൂടിയാലോചനയില്ലാതെ, വിശദീകരണങ്ങളൊന്നും നല്‍കാതെ അക്സസ് കണ്‍ട്രോള്‍ സംവിധാനം സ്ഥാപിക്കുന്നതിനെതിരെ കഴിഞ്ഞ രണ്ടാഴ്ചയായി സമരം നടക്കുന്നു. ഇതിനെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇനി പണിമുടക്കുപോലുള്ള കടുത്ത സമരത്തിലേക്ക് നീങ്ങേണ്ടി വരും.

കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന സമരം മാധ്യമശ്രദ്ധയിലേക്ക് വന്നതോടെയാണ് സെക്രട്ടേറിയറ്റിന് പുറത്തും ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഏപ്രില്‍ 24-ന് ഇറങ്ങിയ ഈ ഉത്തരവ് വാര്‍ത്തയായതോടെ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സമരം പഞ്ചിങ് ഏര്‍പ്പെടുത്തുന്നതിനെതിരെ ആണെന്ന ധ്വനി ഉണ്ടായി. വാസ്തവത്തില്‍ അങ്ങനെയല്ല. വാസ്തവത്തില്‍ ഈ നടക്കുന്ന സമരം മുഴുവന്‍ ഡോര്‍ അക്സസിങ് സംവിധാനത്തിനെതിരെ ആണ്. ഈ വസ്തുത പൊതുസമൂഹത്തില്‍ നിന്ന മറയ്ക്കാന്‍ വേണ്ടിയാണ് 24-ലെ ഉത്തരവിറങ്ങിയത്.

സര്‍വീസ് സംഘടനകളുമായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു തരത്തിലുമുള്ള ചര്‍ച്ചയും നടത്തിയിട്ടില്ല. ഏത് രീതിയിലാണ് അത് നടപ്പിലാക്കാന്‍ പോകുന്നതെന്ന് അറിയില്ല. പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിന് സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ എതിരല്ല. അവരെ വിശ്വാസത്തിലെടുത്ത് വേണം ചെയ്യാന്‍. പൊതുജനങ്ങളും മാധ്യമങ്ങളുമടക്കം ആരെയും സെക്രട്ടേറിയറ്റിലേക്ക് കടക്കാതിരിക്കാനുള്ള അഴിച്ചുപണിയാണ് ഈ നടക്കാന്‍ പോകുന്നത്. ഈച്ചപോലും കടക്കാതെ സെക്രട്ടേറിയറ്റ് രഹസ്യങ്ങളുടെ ഒരു കലവറ ആക്കി മാറ്റുകയാണ്. പോലീസ് ആസ്ഥാനത്ത് പോലുമില്ലാത്ത സംവിധാനങ്ങളാണ് ഇതൊക്കെ.

സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ നിരവധി പ്രശ്നങ്ങള്‍ പൊതുശ്രദ്ധയില്‍ വരാതെ മാറ്റേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ നടപടികള്‍ പൊതുജന പിന്തുണ ആര്‍ജിക്കാന്‍ വേണ്ടിയുള്ളതാണ്. ഇന്ന് പൊതു സമൂഹം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. നടപ്പിലാക്കി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഇ- ഫയല്‍ സോഫ്റ്റ്വെയര്‍ ഉണ്ട്. ഇതിലൂടെ ആരെല്ലാമാണ് ഫയലുകള്‍ പെന്‍ഡിങ്ങില്‍ വെക്കുന്നതെന്നും ഏതൊക്കെ ഫയല്‍ ആരുടെപക്കലുണ്ടെന്നുമൊക്കെ ചീഫ് സെക്രട്ടറി മുതല്‍ മുകളിലേക്ക് ആര്‍ക്കും അറിയാന്‍ സാധിക്കും.

ഏഴ് മണിക്കൂര്‍ മാത്രമല്ല സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ജോലിചെയ്യുന്നത്. അങ്ങനെയാണെന്നൊരു ധാരണ പുറത്തുണ്ട്. വാസ്തവത്തില്‍ നിയമസഭ സമ്മേളിക്കുമ്പോഴും, സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍, പരിപാടികള്‍ എന്നിവയ്ക്ക് വേണ്ടിയും സെക്രട്ടേറിയറ്റ് ജീവനക്കാര്‍ വളരെയധികം സമയം അവധി ദിവസങ്ങളില്‍ പോലും ജോലി ചെയ്യുന്നുണ്ട്. സെക്രട്ടേറിയറ്റില്‍ എങ്ങനെയാണ് ഫയല്‍ നീക്കമെന്നറിയാന്‍ നിരവധി സംവിധാനങ്ങള്‍ നിലവിലുണ്ട്.

ഇപ്പോള്‍ വനിതാ ജീവനക്കാരുടെ ശൗചാലയത്തിന് മുന്നിലും സിസിടിവി ക്യാമറ വെച്ച് നിരീക്ഷിക്കുന്ന രീതിയാണ് ഇവിടെയുള്ളത്. സെക്രട്ടേറിയറ്റിനെ പരീക്ഷണ ലാബാക്കി മാറ്റിയിരിക്കുകയാണ്. സാധാരണ വില്ലേജോഫിസിനേപ്പോലെയോ പഞ്ചായത്ത് ഓഫീസ് പോലെയോ അല്ല സെക്രട്ടേറിയറ്റ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ എത്തുന്ന മിക്ക ഫയലുകളും നയപരമായി തീരുമാനമെടുക്കേണ്ടവയാണ്. അതിന് സമയമെടുക്കും. ജീവനക്കാര്‍ മനഃപൂര്‍വം ഫയലുകള്‍ വെച്ച് താമസിപ്പിക്കാറില്ല. സാധാരണ ജനങ്ങളെ ബാധിക്കുന്ന വളരെ പെട്ടെന്ന് തീരുമാനമെടുക്കാവുന്ന ഒരുഫയലുപോലും സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം.

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സ്വാതന്ത്ര്യവും സ്വകാര്യതയും ഹനിക്കുന്ന രീതിയിലുള്ള പരിഷ്‌കരണങ്ങളോടാണ് എതിര്‍പ്പ്. സര്‍ക്കാരിന് തെറ്റായ ഉപദേശങ്ങള്‍ നല്‍കി തെറ്റിധരിപ്പിക്കുന്ന ഒരു സംഘം സെക്രട്ടേറിയറ്റിലുണ്ട്. സര്‍ക്കാരിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്. ഇതിനെല്ലാമെതിരെ മെയ് ഒന്നിന് ആത്മാഭിമാന ദിനമായി ആചരിക്കും. അതിന് ശേഷം പണിമുടക്കടക്കമുള്ള സമരപരിപാടിയിലേക്ക് പോകുന്നതിനെപ്പറ്റി ആലോചിക്കും.

ജീവനക്കാർക്ക് ഡി.എ. കൊടുത്തിട്ടില്ല, ലീവ് സറണ്ടർ മരവിപ്പിച്ചു, അവരുടെ എച്ച്.ബി.എ. നിലവിലില്ല, മെഡിസെപ് നടപ്പിലാക്കിയിട്ടില്ല. ഇങ്ങനെ ജീവനക്കാരെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കെ ജീവനക്കാരുടെ രോഷം വളരാതെ അവരുടെ ശ്രദ്ധമുഴുവൻ അക്‌സസ് കൺട്രോൾ സംവിധാനത്തിലേക്ക് മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. പൊതുജനങ്ങളുടെയും സെക്രട്ടേറിയറ്റ് ജീവനക്കാരെയും തമ്മിലടിപ്പിച്ച് ജീവനക്കാരുടെ പ്രശ്‌നങ്ങളിൽ നിന്ന് മുഖം തിരിച്ചു നിൽക്കുക എന്നതാണ് സർക്കാരിന്റെ നീക്കം.
-ജ്യോതിഷ്‌കുമാർ (സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ)

ആശങ്കയുണ്ട്, സര്‍ക്കാര്‍ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

അക്സസ് കണ്‍ട്രോള്‍ സംവിധാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പക്ഷെ അതുസംബന്ധിച്ച് ജീവനക്കാര്‍ക്കിടയില്‍ ആശങ്കയുണ്ടെന്ന് സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും സമ്മതിക്കുന്നു. ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘടന പറയുന്നു.

ജീവനക്കാര്‍ക്ക് ഇതെങ്ങനെയാണ് നടപ്പിലാക്കുന്നത് എന്നത് സംബന്ധിച്ച ആശങ്കകള്‍ ധാരാളമുണ്ട്. നടപ്പിലാക്കുന്നതില്‍ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലേക്ക് ജീവനക്കാര്‍ക്ക് പോകേണ്ടി വരും. മന്ത്രിമാരുടെ ഓഫീസിലേക്ക് പോകേണ്ടി വരും. അപ്പോഴൊക്കെ ഇതെങ്ങനെ പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. മാത്രമല്ല ജീവനക്കാര്‍ക്കുള്ള ക്ലിനിക്ക് പുറത്താണ്. അവിടേക്ക് പോകേണ്ടി വരുമ്പോഴുള്ള പ്രശ്നങ്ങളുണ്ട്. ഇക്കാര്യങ്ങളൊക്കെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.

ഇതുവരെ അക്‌സസ് കൺട്രോൾ സംവിധാനം നടപ്പിലാക്കിയിട്ടില്ല. ആശങ്കകളെല്ലാം പരിഹരിച്ചതിന് ശേഷമേ നടപ്പിലാക്കൂവെന്നാണ് പ്രതീക്ഷിക്കുന്നത്. നടപ്പിലാക്കുന്നതിന് മുമ്പ് ജീവനക്കാരുമായി ആലോചിച്ച് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കും. നിലവിൽ ഇല്ലാത്ത ഒന്നിനേപ്പറ്റിയുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
- അശോക് കുമാർ (സെക്രട്ടറി, കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ)


Content Highlights: secretariat employees response about access control system

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023

Most Commented