കൊട്ടിയം തഴുത്തലയിൽ കിണറിൽ കുടുങ്ങിയ സുധീറിനായുള്ള രക്ഷാദൗത്യം | ഫോട്ടോ: അജിത് പനച്ചിക്കൽ/ മാതൃഭൂമി
കൊല്ലം: ഞെട്ടലോടെയാണ് കൊട്ടിയം തഴുത്തലയില്‍ തൊടിയും മണ്ണും ഇടിഞ്ഞുവീണ് തൊഴിലാളി കിണറ്റില്‍പ്പെട്ട വാര്‍ത്ത നാട് കേട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ തഴുത്തല രണ്ടാംവാര്‍ഡിലെ പുഞ്ചിരിച്ചിറയില്‍, അറുപതടിയിലേറെ ആഴമുള്ള കിണര്‍ വൃത്തിയാക്കി തൊടിയിറക്കുന്നതിനിടെയാണ് തൊഴിലാളിയായ സുധീര്‍ തൊടികള്‍ ഇടിഞ്ഞുവീണ് ഉള്ളില്‍പ്പെട്ടത്. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും സുധീറിനെ രക്ഷിക്കാനായില്ല. 24 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.
ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് സമാനമായ സംഭവം ജില്ലയിലുണ്ടാാകുന്നത്. 11 കിലോമീറ്റര്‍ മാത്രമകലെ വെള്ളിമണിലാണ് ഈമാസം നാലിന് ഇരുമ്പനങ്ങാട് കൊച്ചുതുണ്ടില്വീട്ടില് ഗിരീഷ്കുമാര്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടത്തിനിരയായത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കിണര്‍ വൃത്തിയാക്കി തിരിച്ചുകയറവേ മണ്ണിടിഞ്ഞ് ഗിരീഷ് കിണറ്റിലകപ്പെട്ടത്. കിണറ്റിലെ വെള്ളംവറ്റിച്ച് അടിഭാഗം വൃത്തിയാക്കി തിരികെക്കയറുന്നതിനിടെയായിരുന്നു അപകടം.
ഗീരീഷിനായി നടത്തിയത് കഠിനമായ രക്ഷാപ്രവര്‍ത്തനം
വെള്ളിമണില്‍ കിണറ്റിനുള്ളില്‍ മണ്ണിടിഞ്ഞ് അകപ്പെട്ടുപോയ ഗിരീഷിന്റെ മൃതദേഹം പുറത്തെടുത്തത് 16 മണിക്കൂറുകളുടെ നിരന്തരശ്രമത്തിനൊടുവിലാണ്. 13 തൊടികളും മണ്ണും ഇടിഞ്ഞുവീണ് കിണര്‍ പകുതിയിലധികം മൂടിപ്പോയിരുന്നു. നാല് മണ്ണുമാന്തി യന്ത്രങ്ങള്‍ രാത്രിമുഴുവന്‍ മണ്ണുനീക്കിയിട്ടും കിണറിന്റെ അടിത്തട്ടിലേക്കെത്താനായില്ല. ഒടുവില്‍ ചാത്തന്നൂരുനിന്നെത്തിച്ച കൂറ്റന്‍ മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെയാണ് അടിത്തട്ടില്‍നിന്ന് മൃതദേഹം പുറത്തെടുത്തത്. കൊല്ലത്തുനിന്നും കുണ്ടറനിന്നുമെത്തിയ ഫയര്‍ഫോഴ്സ് സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഇത്രസമയംനീണ്ട രക്ഷാപ്രവര്‍ത്തനം അപൂര്‍വമാണെന്ന് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിരുന്നു.
.jpg?$p=09e9aed&&q=0.8)
കിണറിടിയുന്നതുകണ്ട് മുകളിലേക്ക് കയറുന്നതിനിടെ ദുരന്തം
കിണറിടിയുന്നതു കണ്ട് മുകളിലേക്ക് കയറാന്‍ ശ്രമം നടത്തുന്നതിനിടെയാണ് സുധീറിനെയും ദുരന്തം പിടികൂടിയത്. അപകടസാധ്യത മുന്നില്‍ക്കണ്ട് കിണറ്റിനുള്ളില്‍നിന്ന് ധൃതിയില്‍ മുകളിലേക്ക് കയറിവരുന്നതിനിടെയാണ് സുധീറിന്റെ ചുമലിലേക്ക് തൊടി ഇടിഞ്ഞുവീണത്. കരയില്‍ നിന്ന കൂട്ടുകാര്‍ നോക്കുമ്പോഴേക്കും കിണര്‍ ഉള്ളില്‍നിന്ന് ഇടിഞ്ഞുതാണിരുന്നു. നിമിഷങ്ങള്‍കൊണ്ട് തൊടികള്‍ താഴേക്ക് ഇരുത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ കിണര്‍ വീണ്ടുമിടിഞ്ഞത് രണ്ടിടത്തും രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും മണ്ണിടിച്ചില്‍ തടയാനാകാതെ വന്നതോടെ മണ്ണുമാന്തി യന്ത്രമെത്തിക്കുകയായിരുന്നു.
അറുപത്തഞ്ചടിയോളം താഴ്ചയുള്ള ഈ കിണറിന്റെ പണികള്‍ മുമ്പും കരാര്‍ എടുത്തിരുന്നത് ഇതേ തൊഴിലാളികളായിരുന്നു. അഞ്ചും നാലും മൂന്നും രണ്ടും അടി വ്യാസമുള്ള നാലുതരം തൊടികള്‍ ഈ കിണറ്റില്‍ നേരത്തേതന്നെയുണ്ടായിരുന്നു. രണ്ടുമാസംമുമ്പ് കിണര്‍ വൃത്തിയാക്കിയെങ്കിലും വെള്ളം കുറഞ്ഞതിനാല്‍ വീണ്ടും പണി ചെയ്യുകയായിരുന്നു. വ്യാഴാഴ്ചയാണ് തൊടിയിറക്കല് ജോലികള്‍ ആരംഭിച്ചത്. ചെളി കോരിമാറ്റി മൂന്നടിയുടെ തൊടികൂടി ഇറക്കിയാല്‍ നന്നാകുമെന്നു കരുതിയാണ് പണി തുടങ്ങിയത്.
മൂന്നടി വ്യാസമുള്ള മൂന്നു തൊടികളിറക്കി അതിനുചുറ്റും മെറ്റലിട്ടു ബലപ്പെടുത്തിയശേഷം മുകളിലേക്ക് വരുന്നതിനിടെയാണ് അപകടസൂചന കണ്ടത്. നിമിഷങ്ങള്‍ക്കകം മുകള്‍നിരയിലെ നാലടി വ്യാസമുള്ള തൊടിയിടിഞ്ഞ് താഴേക്കു പതിക്കുകയായിരുന്നു. അമീര്‍, നൗഷാദ്, മണികണ്ഠന്, സാബു എന്നിവര്‍ കിണറ്റിനുചുറ്റുമുണ്ടായിരുന്നു. ഇതില്‍ നൗഷാദ് സുധീറിന്റെ അടുത്ത ബന്ധുവാണ്. ഷാനവാസ് ഉച്ചയൂണ് വാങ്ങാനായി പോയ സമയത്താണ് അപകടമുണ്ടായത്.
സുധീര്‍ വീടിന്റെ അത്താണി
തഴുത്തലയില്‍ ഇടിഞ്ഞുവീണ കിണറ്റില്‍ കുടുങ്ങിയ മുട്ടയ്ക്കാവ് പാകിസ്താന്‍മുക്ക് സുധീര്‍ വീടിന്റെ അത്താണിയായിരുന്നു. വര്‍ഷങ്ങളായി കിണര്‍ ജോലികള്‍ ചെയ്താണ് സുധീര്‍ കുടുംബംപോറ്റിവന്നത്. ഏഴുവര്‍ഷംമുമ്പ് പിതാവ് അബ്ദുല്‍ അസീസ് മുള്ളവറ കായലില്വീണു മരിച്ചു. പിന്നീട് വീടിന്റെ ഭാരം സുധീറിന്റെ ചുമലിലാണ്. സഹോദരന് സുല്‍ഫിക്കര്‍ പന്തല്‍ പണിക്കാരനാണ്. അഞ്ചുമാസം മുമ്പാണ് സുധീര്‍ മലപ്പുറം സ്വദേശിയായ ഹയറുന്നീസയെ വിവാഹം കഴിച്ചത്. ഹയറുന്നീസ നാലുമാസം ഗര്‍ഭിണിയാണ്.
.jpg?$p=c0d0d29&&q=0.8)
കിണറ്റിലിറങ്ങുമ്പോള്‍ കരുതല്‍ വേണം
കിണറ്റിലിറങ്ങിയുള്ള ജോലികള്‍ എപ്പോഴും അപകടകരമാണ്. വീടുകളില്‍ സംരക്ഷണഭിത്തിയും മുഖംമൂടിയുമില്ലാത്ത കിണറുകള്‍ എപ്പോഴും അപകടമേഖലയാണ്. കിണറ്റിലിറങ്ങേണ്ടിവരുന്ന സാഹചര്യങ്ങളില്‍ ശ്രദ്ധയും സുരക്ഷാമാനദണ്ഡങ്ങളും സ്വീകരിച്ചിരിക്കണം. വിഷവാതകമുണ്ടോ വശങ്ങളില്‍നിന്ന് മണ്ണിടിച്ചിലോ വെള്ളമൊഴുക്കോ ഉണ്ടോയെന്ന് പരിശോധിക്കണം. മണ്ണിടിച്ചിലുള്ള കിണറ്റിനുള്ളില്‍ ഇറങ്ങാതിരിക്കുകയാണ് സുരക്ഷിതം.
ആഴംകൂടുംതോറും കിണറ്റിനുള്ളില്‍ വിഷവാതകങ്ങളുണ്ടാകാനുള്ള സാധ്യതയും കൂടും. കിണര്പ്രവര്ത്തനം നടക്കുമ്പോള്‍ ഉള്ളില്‍ പ്രകാശമുണ്ടാകണം. ഭൂമിക്കടിയിലെ അറകളില്‍നിന്നും ചെളികളില്നിന്നും വിഷവാതകം വമിക്കാം. ആഴംകൂടിയ കിണറുകളില്‍ അപകടകാരിയായ കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യമുണ്ടാകാം. കിണറുകളില്‍ പ്രാണവായുവുണ്ടെന്നുറപ്പിക്കാന് പാത്രത്തില്‍ മെഴുകുതിരി കത്തിച്ചുവെച്ച് കിണറ്റിനുള്ളിലേക്ക് ഇറക്കിനോക്കാം. അടിത്തട്ടിലെത്തിയിട്ടും ദീപം കെട്ടിട്ടില്ലെങ്കില്‍ വായുസാന്നിധ്യമുണ്ടെന്ന് ഉറപ്പിക്കാനാകും.
ഇലകള്‍ കെട്ടിയിറക്കി മുകളിലേക്കും താഴേക്കും വേഗത്തില്‍ ചലിപ്പിച്ച് വായുസഞ്ചാരമുണ്ടാക്കാം. വെള്ളംതളിച്ചും വായുസഞ്ചാരമുണ്ടാക്കാനാകും. കിണറ്റിനുള്ളിലേക്കിറക്കി സ്ഥാപിക്കുന്ന പമ്പുകളില്‍നിന്ന് വൈദ്യുതാഘാതമുണ്ടാകാനും സാധ്യതയുണ്ട്. കിണറ്റിലേക്കുള്ള വൈദ്യുതിബന്ധങ്ങള്‍ വിഛേദിച്ചശേഷം ഇറങ്ങുന്നതാകും സുരക്ഷിതം. കിണറ്റില്‍ കെട്ടിനില്‍ക്കുന്ന വെള്ളം പെട്ടെന്ന് വറ്റിക്കുന്നതോടെ കുതിര്‍ന്നിരിക്കുന്ന തൊടികളിടിയും. തൊടികളും മണ്ണുമിടിഞ്ഞ് കിണറ്റിനുള്ളിലേക്കുവീഴും. വെള്ളിമണിലും ഇതാണ് സംഭവിച്ചത്. കിണറ്റില്‍ ധാരാളം വെള്ളമുള്ളപ്പോള്‍ എലിയോ മറ്റോ കിണറ്റിനുള്ളില്‍ വീണാല്‍ വെള്ളം വറ്റിച്ചശേഷം കിണറ്റിലിറങ്ങുന്നത് അപകടം ക്ഷണിച്ചുവരുത്തലാണ്.
Content Highlights: Worker trapped in well, well accident in kollam, accident during cleaning well in kollam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..