തിരുവനന്തപുരം: സഹപാഠികളെ ഉപദ്രവിക്കുന്നെന്ന കാരണമുണ്ടാക്കി രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സ്വകാര്യ സ്‌കൂള്‍ നിയമവിരുദ്ധമായി സസ്പെന്‍ഡ് ചെയ്തു.

മാനസികമായി പീഡിപ്പിക്കുകയും മാതാപിതാക്കളെ വഞ്ചിക്കുകയും ചെയ്തെന്ന ആക്ഷേപവുമായി കുട്ടിയുടെ പിതാവ് മുഖ്യമന്ത്രി, ബാലാവകാശ കമ്മീഷന്‍, വിദ്യാഭ്യാസ മന്ത്രി, ഡി.ജി.പി എന്നിവര്‍ക്ക് പരാതി നല്‍കി.

പി.ടി.എ പ്രസിഡന്റായിരുന്ന തന്നോടുള്ള വ്യക്തിവിരോധമാണ് കുട്ടിയോടുള്ള പെരുമാറ്റത്തിന് പിന്നിലെന്ന് പിതാവ് ഷബീര്‍ മാതൃഭൂമി.കോമിനോട് പറഞ്ഞു.

ബാലരാമപുരം ഇടമനക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഡോം പബ്ലിക് സ്‌കൂളിനെതിരെയാണ് പരാതി. മൂന്നുവര്‍ഷമായി പഠിക്കുന്ന സ്‌കൂളില്‍ നിന്ന് ഇക്കൊല്ലമാണ് മാനസിക പീഡനം ആരംഭിച്ചത്.

Suspenson
സ്‌കൂളിന്റെ ലെറ്റര്‍പാഡില്‍ നല്‍കിയ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍

ആസ്ത്മ മൂലം സ്‌കൂളില്‍ പോകാനാകാത്ത ദിവസങ്ങളിലെ നോട്ട് ശിക്ഷാനടപടിയുടെ ഭാഗമായി എഴുന്നേറ്റു നിര്‍ത്തി എഴുതിച്ചു. ഇത് പരാതിയാക്കിയപ്പോള്‍ പ്രിന്‍സിപ്പല്‍ ദേഷ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി മിഠായിയും പച്ചക്കറി വിത്തും വിതരണം ചെയ്തപ്പോള്‍ കുട്ടിയെ ഒഴിവാക്കിയതായി പരാതിയില്‍ പറയുന്നു.

കണക്കില്‍ 13+9 എന്ന ചോദ്യത്തിന് 22 എന്ന ശരിയുത്തരം എഴുതിയിട്ടും തെറ്റാണെന്നാണ് എഴുതിക്കൊടുത്ത് മാര്‍ക്ക് കുറയ്ക്കാന്‍ ശ്രമിച്ചതായും തെളിവ് സഹിതം ഷബീര്‍ പറയുന്നു.

ഒരിക്കല്‍ മകന്‍ കളര്‍ ചെയ്ത കടലാസ് ആവശ്യപ്പെട്ടപ്പോള്‍, ദേഷ്യപ്പെട്ടശേഷം 'ഇത്രയും വേസ്റ്റായ കുട്ടിയെ പഠിപ്പിക്കാനാകില്ലെന്നും ടി.സി വാങ്ങിപ്പോകണമെന്നും' ഭീഷണിപ്പെടുത്തിയതായി പരാതിയിലുണ്ട്.

ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കൗണ്‍സിലിങ് നടത്തുകയും ചെയ്തു. ആഗസ്ത് 29ന് വൈകുന്നേരമാണ് സ്‌കൂളിന്റെ ലെറ്റര്‍പാഡില്‍ രേഖാമൂലം സസ്പെന്‍ഷന്‍ നോട്ടീസ് വീട്ടിലെത്തിച്ചത്.

മറ്റു കുട്ടികള്‍ക്ക് ശാരീരിക ഉപദ്രവമേല്‍പ്പിക്കുന്നതിനാല്‍ ഓണഅവധിക്ക് മുമ്പും ശേഷവുമായി അഞ്ചുദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായാണ് നോട്ടീസിലുള്ളത്.

സ്‌കൂളില്‍ പ്രവേശിക്കരുതെന്നും പരിപാടികളില്‍ പങ്കെടുക്കരുതെന്നും അതില്‍ പറയുന്നു. മോശം പെരുമാറ്റത്തിന്റെ പേരില്‍ പിതാവായ ഷബീറിനെ പി.ടി.എ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കിയതായും നോട്ടീസിലുണ്ട്.

Ans sheet
ശരിയുത്തരം തെറ്റെന്ന് മാര്‍ക്ക് ചെയ്ത ഉത്തരകടലാസ്.

മാനസികമായി തകര്‍ന്ന കുട്ടിയോട് പിതാവിനെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. മറ്റൊരു കുട്ടിയെ അദ്ധ്യാപകന്‍ ചെകിട്ടത്ത് അടിച്ചതായും സ്‌കൂളിന്റെ അംഗീകാരം വ്യാജമാണെന്നും ഷബീര്‍ ആരോപിക്കുന്നു.

സഹായത്തിനെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂള്‍ മാനേജ്മെന്റിന് കൂട്ടുനിന്നതായും ആക്ഷേപമുണ്ട്. 

ടി.സി വാങ്ങിയശേഷം കുട്ടിയെ ബാലരാമപുരത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു. നിര്‍ബന്ധിത വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള 2013ലെ വിദ്യാഭ്യാസ അവകാശനിയമത്തിന് വിരുദ്ധമാണ് രണ്ടാം ക്ലാസുകാരന്റെ സസ്പെന്‍ഷനെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു.

അതേസമയം, ടി.സി നിര്‍ബന്ധപൂര്‍വം എഴുതി വാങ്ങുകയായിരുന്നെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നസീര്‍ ഗസാരി പ്രതികരിച്ചു.