സ്വപ്നയുടെ രഹസ്യമൊഴി മുതല്‍ ഭരണഘടനാ പരാമര്‍ശംവരെ; പിണറായി സര്‍ക്കാരിനെ പിടിച്ചുലച്ച വിവാദങ്ങള്‍


സ്വന്തം ലേഖിക

സജി ചെറിയാനും മുഖ്യമന്ത്രി പിണറായി വിജയനും| Photo: Mathrubhumi

രണ്ടാം പിണറായി സര്‍ക്കാര്‍ ഒരുവർഷവും ഒന്നരമാസവും പിന്നിടുമ്പോള്‍ കളംനിറയുന്നത് വിവാദങ്ങളും ബഹളവും മന്ത്രിയുടെ രാജിയും. മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി പ്രതിരോധത്തിലാക്കുന്നതായിരുന്നു മിക്ക വിവാദങ്ങളും. വെളിപ്പെടുത്തലുകളുടെ ചാകരയുമായി സ്വര്‍ണക്കടത്ത് കേസ് രണ്ടാംഖണ്ഡം, അതിനെതിരേയുള്ള പ്രതിഷേധങ്ങള്‍, കറുപ്പു മാസ്‌ക്, വിമാനത്തിനുള്ളിലെ പ്രതിഷേധം, അതിനോടുള്ള ഇ.പി. ജയരാജന്റെ പ്രതിരോധം, പി.സി. ജോര്‍ജിന്റെ അറസ്റ്റ്, രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിനു നേര്‍ക്കുള്ള ആക്രമണം, എ.കെ.ജി. സെന്ററിനു നേര്‍ക്കുള്ള ആക്രമണം, ഒടുവില്‍ ഭരണഘടനയ്ക്കെതിരായ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍റെ രാജിയില്‍ എത്തിനില്‍ക്കുന്നു സമീപകാല രാഷ്ട്രീയ വിവാദങ്ങളുടെ പരമ്പര.

സ്വപ്നയും രഹസ്യമൊഴിയും

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ 164 വകുപ്പു പ്രകാരമുള്ള രഹസ്യമൊഴിയും പിന്നീടുള്ള വാര്‍ത്താസമ്മേളനങ്ങളും ചില്ലറ വിവാദങ്ങള്‍ക്കൊന്നുമായിരുന്നില്ല വഴിവെച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്തെ പ്രക്ഷുബ്ധമാക്കിയ വിവാദം രണ്ടാംസര്‍ക്കാരിനെയും പിന്തുടരുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരേ നിശിതമായ ആരോപണങ്ങളാണ് സ്വപ്നയുടെ ഭാഗത്തുനിന്നുണ്ടായത്. അതോടെ വിഷയം പ്രതിപക്ഷം ഏറ്റെടുത്തു. സഭയിലും തെരുവിലും സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി പ്രതിപക്ഷം ഇറങ്ങി. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ കറുപ്പുനിറത്തിലുള്ള മാസ്‌ക് ധരിച്ചു പങ്കെടുക്കരുതെന്ന അപ്രതീക്ഷിത വിലക്കുപോലും നിലവില്‍വന്നു. പലയിടത്തും കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ നീക്കം ചെയ്യിപ്പിച്ചു.

സ്വപ്‌ന സുരേഷ്| Photo: Mathrubhumi ​​​

ഷാജ് കിരണ്‍ എന്ന മുന്‍മാധ്യമപ്രവര്‍ത്തകന്‍ മുഖ്യമന്ത്രിക്കു വേണ്ടി ഇടനിലക്കാരനായി സ്വപ്നയെ സമീപിച്ചെന്ന ആരോപണവും വന്‍വിവാദങ്ങള്‍ക്ക് വഴിതെളിച്ചു. ഷാജ് കിരണുമായി നിരവധിത്തവണ ഫോണില്‍ സംസാരിച്ച എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെ സര്‍ക്കാര്‍ വിജിലന്‍സ് മേധാവിസ്ഥാനത്തുനിന്ന് മാറ്റി. ഈ നടപടിയെയും ചോദ്യംചെയ്ത് പ്രതിപക്ഷം ആക്രമണം കടുപ്പിച്ചു. സ്ഥാനത്തുനിന്ന് മാറ്റിയ അജിത് കുമാറിനെ പിന്നീട് പൗരാവകാശ സംരക്ഷണ ചുമതലയുള്ള എ.ഡി.ജി.പിയുടെ എക്സ് കേഡര്‍ തസ്തിക ഒരു വര്‍ഷത്തേക്ക് സൃഷ്ടിച്ച് സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തെന്നത് മറ്റൊരു വസ്തുത. സ്വപ്നയുടെ ആരോപണങ്ങള്‍ക്കു പിന്നാലെ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നു. സ്വപ്നയുടെ ആരോപണങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി, പദവിയൊഴിഞ്ഞ് അന്വേഷണം നേരിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന്റെ ചര്‍ച്ച നിയമസഭയെ അതിരൂക്ഷമായ വാക്‌പോരിന്റെ വേദിയാക്കി മാറ്റുകയും ചെയ്തു.

Also Read

പറഞ്ഞു കുടുങ്ങി; ഒടുവിൽ പോംവഴിയില്ലാതെ ...

മന്ത്രിയെ കുരുക്കി 'കുന്തവും കുടച്ചക്രവും'; ...

ആകാശത്തെ പ്രതിഷേധം

മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ നടന്ന പ്രതിഷേധം കേരളത്തിന്റെ ചരിത്രത്തില്‍തന്നെ ആദ്യത്തേതായിരുന്നു. ജൂണ്‍ 13-നായിരുന്നു സംഭവം. കണ്ണൂര്‍-തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിനുള്ളിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഇവരെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങി, പ്രതിഷേധക്കാരെ അദ്ദേഹം തള്ളിവീഴ്ത്തി. കണ്ണൂരില്‍നിന്ന് 3.45-ന് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ഉടനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആര്‍.കെ. നവീന്‍ കുമാറും ഫര്‍സിന്‍ മജീദും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. ഇതില്‍ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റാണ് ഫര്‍സീന്‍. നവീന്‍ കുമാര്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും. സംഭവത്തെ ഭീകരപ്രവര്‍ത്തനം എന്നായിരുന്നു ജയരാജന്‍ വിശേഷിപ്പിച്ചത്. സംഭവത്തെ വിമര്‍ശിച്ച് ഭരണപക്ഷവും പ്രതിഷേധത്തെ പ്രതിഷേധവുമായി കണ്ടാല്‍മതിയെന്ന നിലപാടുമായി പ്രതിപക്ഷവും നിലയുറപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തിനുള്ളില്‍ നടന്ന പ്രതിഷേധം

പി.സി. ജോര്‍ജും അറസ്റ്റുകളും പിന്നെ ജാമ്യവും

പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജിനെ പിണറായിയുടെ പോലീസ് അറസ്റ്റ് ചെയ്തത് ഒന്നല്ല, മൂന്നുവട്ടമാണ്. മൂന്നുതവണയും ജോര്‍ജാശാന്‍ ജാമ്യംനേടി പുറത്തെത്തി. ആദ്യത്ത രണ്ട് അറസ്റ്റുകള്‍ യഥാക്രമം, അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിലും വെണ്ണല എന്നിവിടങ്ങളിലും നടത്തിയ മതവിദ്വേഷ പ്രസംഗങ്ങളെ തുടര്‍ന്നാണ്. മൂന്നാമത്തേത് ലൈംഗിക പീഡനക്കേസിലും. സോളാര്‍ക്കേസ് പ്രതിയായ വനിതയാണ് ജോര്‍ജിനെതിരേ പീഡന പരാതി നല്‍കിയത്.

പി.സി. ജോര്‍ജ്| Photo: Mathrubhumi

പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും നേരെ ആരോപണങ്ങളുന്നയിച്ച് സ്വപ്നാ സുരേഷ് നടത്തിയ മാരത്തോണ്‍ വാര്‍ത്താസമ്മേളനങ്ങള്‍ക്കിടെ, സോളാര്‍ പ്രതിയും ജോര്‍ജും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തെത്തിയിരുന്നു. ഇത് വാര്‍ത്തയാവുകയും ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. തുടര്‍ന്ന് കുറച്ചുദിവസങ്ങള്‍ക്കു ശേഷമാണ് ഇവര്‍, ജോര്‍ജിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തെളിവെടുപ്പിനായി ജൂലായ് രണ്ടിന് തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയ ജോര്‍ജിനെ അപ്രതീക്ഷിതമായാണ് പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാധാരമായ സംഭവം നടന്നത് ഫെബ്രുവരിയിലാണെന്നാണ് പരാതിക്കാരി പറഞ്ഞിരുന്നത്. പരാതി നല്‍കുന്നതിലുണ്ടായ കാലതാമസം പരിഗണിച്ചാണ് കോടതി പി.സിക്ക് ജാമ്യം അനുവദിച്ചത്.

രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് അടിച്ചുതകര്‍ക്കല്‍, താഴെവീണ ഗാന്ധിയുടെ ചിത്രം

ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തിയില്ലെന്ന് ആരോപിച്ച് വയനാട് എം.പി. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐയുടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയും എം.പി. ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്തു. ജൂണ്‍ 24-ന് നടന്ന ആക്രമണത്തില്‍ എം.പി. ഓഫീസ് ജീവനക്കാര്‍ക്കും പരിക്കേറ്റിരുന്നു. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍, യാതൊരു പ്രകോപനവുമില്ലാതെ ഓഫീസിന് നേര്‍ക്കു നടത്തിയ ആക്രമണം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. സി.പി.എം. സ്വാഭാവികമായി പ്രതിരോധത്തിലുമായി.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കുന്ന എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ | Photo: Mathrubhumi Library

ഓഫീസ് തകര്‍ത്ത് എം.പിയുടെ കസേരയില്‍ പ്രവര്‍ത്തകര്‍ വാഴവെക്കുകയും ചെയ്തിരുന്നു. ഓഫീസ് ഭിത്തിയിലുണ്ടായിരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം ആരാണ് താഴെയിട്ടതെന്ന ചോദ്യവും ഉയര്‍ന്നു. ഓഫീസ് ആക്രമണത്തിന് ദിവസങ്ങള്‍ക്കു ശേഷം രാഹുല്‍ വയനാട്ടിലെത്തി. ഓഫീസ് തകര്‍ത്ത കുട്ടികളോട് പരിഭവം ഒന്നുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. മുഖം രക്ഷിക്കല്‍ നടപടിയുടെ ഭാഗമായി എസ്.എഫ്.ഐ. വയനാട് ജില്ലാക്കമ്മിറ്റി പിരിച്ചുവിടുകയും ഏഴംഗ താത്കാലിക കമ്മിറ്റിക്ക് ചുമതല നല്‍കുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച് കസേരയില്‍ വാഴവെച്ചപ്പോള്‍| Photo: Mathrubhumi

എ.കെ.ജി. സെന്റര്‍ ആക്രമണം

ജൂണ്‍ 30 രാത്രി 11.25- ഓടെയാണ് സി.പി.എം. സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിന് നേര്‍ക്ക് സ്ഫോടകവസ്തു ഉപയോഗിച്ചുള്ള ആക്രമണം നടന്നത്. ഓഫീസിന്റെ മതിലില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതിന്റെ അടയാളങ്ങളും പോലീസ് കണ്ടെത്തി. എ.കെ.ജി. സെന്ററിന്റെ പിന്‍ഭാഗത്തുള്ള എ.കെ.ജി. ഹാളിന്‍റെ ഗേറ്റിലേക്കാണ് സ്ഫോടകവസ്തു എറിഞ്ഞത്. കുന്നുകുഴി ഭാഗത്തുനിന്ന് ഇരുചക്ര വാഹനത്തിലെത്തിയ ആളാണ് കൃത്യം ചെയ്തത്.

ഫൊറന്‍സിക് വിദഗ്ധപരിശോധന നടത്തിയപ്പോള്‍, ഇരുചക്രവാഹനത്തില്‍ എത്തിയയാള്‍ എ.കെ.ജി. സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ് മടങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യം (ഫയല്‍ ചിത്രങ്ങള്‍ ).

സംഭവം നടന്നതിന് തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ആരോപിച്ചു. സംസ്ഥാനമെമ്പാടും പ്രതിഷേധങ്ങളുണ്ടായി. പ്രതിയെ പിടികൂടാന്‍ ഇനിയും പോലീസിനായിട്ടില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ആക്രമണം സി.പി.എമ്മിന്റെ അറിവോടെ ആണെന്ന് ആരോപിച്ച പ്രതിപക്ഷം എന്തുകൊണ്ട് പ്രതിയെ പിടികൂടുന്നില്ലെന്ന ചോദ്യവുമായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. പിന്നാലെ എ.കെ.ജി. സെന്റര്‍ ആക്രമണ വിഷയത്തില്‍ പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയവും കൊണ്ടുവന്നു. ഭരണപക്ഷവും പ്രതിപക്ഷവും വലിയ വാക്പോരിനാണ് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സഭ സാക്ഷിയായത്.

സജി ചെറിയാന്റെ വിവാദ പരാമര്‍ശം

ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ചു കൊണ്ടുള്ള സാംസ്‌കാരിക-ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയാണ് രണ്ടാം പിണറായി സര്‍ക്കാരിനെ മുള്‍ക്കിരീടം ചൂടിച്ച ഏറ്റവും ഒടുവിലത്തെ വിവാദം. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു സജി ചെറിയാന്‍.

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും. ഇതിന്റെ മുക്കിലും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്നപേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതുമാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാന്‍ പറഞ്ഞു.

തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റും. കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പമാണ്. മുതലാളിമാര്‍ക്ക് അനുകൂലമായി മോദി സര്‍ക്കാരിനെ പോലുള്ളവര്‍ തീരുമാനമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ ഭരണഘടന അവര്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണ്. ന്യായമായ കൂലി ചോദിക്കാന്‍ പറ്റുന്നില്ല. കോടതിയില്‍ പോയാല്‍ പോലും മുതലാളിമാര്‍ക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുക. ഇന്ന് കയ്യൂക്കുള്ളവന്‍ കാര്യക്കാരനാവുന്നത് ഭരണകൂടം അവര്‍ക്ക് അനുകൂലമാവുന്നത് കൊണ്ടാണ്. തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നത് കൊണ്ടാണ്. എട്ടുമണിക്കൂര്‍ ജോലി എട്ടുമണിക്കൂര്‍ വിശ്രമം എന്നതൊക്കെ ഇല്ലാതായി. ഇവര്‍ക്ക് ഈ ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടോ? നാട്ടിലുണ്ടാകുന്ന ഏത് പ്രശ്‌നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. കൂലികിട്ടാത്ത കാര്യം ചോദ്യ ചെയ്ത് കോടതിയില്‍ പോയാല്‍ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണെന്നും സജി ചെറിയാന്‍ പ്രസംഗത്തില്‍ ചോദിച്ചിരുന്നു. സജി ചെറിയാന്റെ പരാമര്‍ശം മാതൃഭൂമി ഡോട്ട്കോം വാര്‍ത്തയാക്കിയതിന് പിന്നാലെ പ്രതിപക്ഷവും നിയമവിദഗ്ധരും അതിരൂക്ഷ വിമര്‍ശനമാണ് മന്ത്രിക്കെതിരേ ഉന്നയിച്ചത്.

സജി ചെറിയാന്‍| Photo: Mathrubhumi

രണ്ടാം പിണറായി സര്‍ക്കാരിലും തുടരുന്ന രാജി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല. അഞ്ചു കൊല്ലത്തിനിടെ ഒന്നല്ല, മൂന്ന് മന്ത്രിമാര്‍ക്കാണ് രാജിവെക്കേണ്ടിവന്നത്. ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങി ജയരാജനും ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങിയ എ.കെ. ശശീന്ദ്രനും സ്ഥാനം പോയി. മന്ത്രിസഭയുടെ അവസാനകാലത്ത് ബന്ധുനിയമനവിവാദത്തിലെ ലോകായുക്ത ഉത്തരവിനെ തുടര്‍ന്ന് കെ.ടി. ജലീലും രാജിവെച്ചിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യരാജിയാണ് ഇപ്പോള്‍ സജി ചെറിയാനിലൂടെ സംഭവിച്ചിരിക്കുന്നത്.

Content Highlights: second pinarayi vijayan ministry and controversies

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented