തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലും സിപിഐയ്ക്ക് നാല് മന്ത്രിസ്ഥാനം നൽകാൻ ധാരണ. ചീഫ് വിപ്പ് സ്ഥാനം സിപിഐ വിട്ടുനൽകും. അതേസമയം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നിലനിർത്തും. എകെജി സെന്ററിൽ നടന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിൽ ഇതുസംബന്ധിച്ച ധാരണയായിട്ടെന്നണ് റിപ്പോർട്ട്. വകുപ്പുകൾ വച്ചുമാറുന്നതിൽ ചർച്ചകൾ തുടരും.

ഒറ്റ എംഎൽഎ മാത്രമുള്ള കക്ഷികളുമായി മറ്റന്നാൾ സിപിഎം ഉഭയകക്ഷി ചർച്ച നടത്തും. ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവും ഐഎൻഎല്ലിലെ അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം പങ്കിട്ടേക്കും. രണ്ടര വർഷം വീതം ഇരുകക്ഷികൾക്കും മന്ത്രിസ്ഥാനം നൽകാനുള്ള ചർച്ചകളാണ് നടക്കുന്നത്. അന്റണി രാജുവിന് അഞ്ച് വർഷവും മന്ത്രി സ്ഥാനം നൽകി ഐഎൻഎല്ലിന് ചീഫ് വിപ്പ് സ്ഥാനം നൽകാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

കഴിഞ്ഞ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്ന കെബി ഗണേഷ് കുമാറും ഇത്തവണ മന്ത്രിയാകാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ മന്ത്രിസ്ഥാനം ലഭിച്ച കോൺഗ്രസ് എസ് പ്രതിനിധി കടന്നപ്പള്ളി രാമചന്ദ്രൻ മന്ത്രിയാകാൻ ഇടയില്ല. രണ്ട് മന്ത്രിസ്ഥാനം ചോദിച്ച ജോസ് കെ മാണിയുടെ പാർട്ടിക്ക് ഒരുമന്ത്രി സ്ഥാനം നൽകാനേ സാധ്യതയുള്ളു. റവന്യു വകുപ്പ് ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പ് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

മേയ് 20നാണ് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ. ഇതിനുള്ള ഒരുക്കങ്ങൾ സെൻട്രൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങ്.

content highlights:second pinarayi ministry, four ministres for cpi