തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിനു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡി വൈ എസ് പി ഹരികുമാറിനായി വ്യാപക തിരച്ചില്‍. ഹരികുമാറിന്റെ സഹോദരനോട് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു.

ഹരികുമാറിന്റെയും ഇയാള്‍ക്കൊപ്പം ഒളിവില്‍ പോയ സുഹൃത്ത് ബിനുവിന്റെയും വീടുകളില്‍  പോലീസ് തിരച്ചില്‍ നടത്തുകയാണ്. ബന്ധുവീടുകളിലും തിരച്ചില്‍ നടത്തുന്നുണ്ട്‌.

തിങ്കളാഴ്ച രാത്രിയാണ് റോഡിലെ തര്‍ക്കത്തിനെ തുടര്‍ന്ന് ഹരികുമാര്‍ പിടിച്ചു തള്ളിയ സനല്‍ കുമാര്‍ എന്നയാള്‍ കാറിടിച്ച് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയത്. പിന്നീട് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. 

എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നവംബര്‍ 14ലേക്ക് മാറ്റിവച്ചു. ഇതോടെ ഹരികുമാര്‍ ഉടന്‍ കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തി. ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയം വരെ ഒളിവില്‍ കഴിയുന്നത് ബുദ്ധിമുട്ടാണെന്ന ബോധ്യമാണ് കീഴടങ്ങാന്‍ ഹരികുമാറിനെ പ്രരിപ്പിച്ചതെന്നാണ് സൂചന. 

ക്രൈം ബ്രാഞ്ച് എസ് പി കെ എം ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹരികുമാറിനു വേണ്ടി തിരച്ചില്‍ നടത്തുന്നത്. ഹരികുമാര്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളിലാണ് ക്രൈംബ്രാഞ്ചിന്റെയടക്കം വിവിധ സംഘങ്ങള്‍ പരിശോധന തുടരുന്നത്. 

അതേസമയം അന്വേഷണത്തില്‍ പോലീസ് ഒളിച്ചുകളി നടത്തുന്നെന്ന് ആരോപിച്ച് കെ എസ് യു പ്രവര്‍ത്തകര്‍ നെയ്യാറ്റിന്‍കര ഡി വൈ എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. അന്വേഷണം തൃപ്തികരമല്ലെന്നും നിലവിലെ അന്വേഷണസംഘത്തെ മാറ്റി പുതിയ സംഘത്തെ നിയോഗിക്കണമെന്നും സനല്‍കുമാറിന്റെ ഭാര്യ വിജി ആവശ്യപ്പെട്ടു.

content highlights: search intensifies for Dysp Harikumar in connection with Neyyattinkara murder case