-
കോഴിക്കോട്: പൗരത്വ സമരത്തില്‍ തീവ്രവാദ സ്വഭാവമുള്ള എസ്ഡിപിഐയെപ്പോലുള്ളവര്‍ നുഴഞ്ഞുകയറുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസ്താവനയ്ക്കെതിരെ എസ്.ഡി.പി.ഐ രംഗത്തെത്തി. മുസ്ലീം സമുദായത്തിന്റെ സംരക്ഷകര്‍ താനാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുസ്ലിം സമുദായം പിണറായി വിജയന്റെ കെണിയില്‍ വീണുവെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ് വാര്‍ത്താ സമ്മളനത്തില്‍ ആരോപിച്ചു.
ശബരിമല വിഷയത്തില്‍ നവോത്ഥാന നായകനാവാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഇവിടെ ന്യൂനപക്ഷങ്ങളുടെ സംരക്ഷകാന്‍ താന്‍ മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പൗരത്വ വിഷയത്തില്‍ അക്രമസമരം നടത്തി അറസ്റ്റ് ചെയ്യപ്പെട്ട ഏതെങ്കിലും എസ്.ഡി.പി.ഐക്കാരനെ കാണിച്ചുതരാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്.
എവിടെയാണ് എസ്ഡിപിഐ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടാക്കിയതിന്റെ പേരില്‍ അറസ്റ്റിലായതെന്നും എവിടെയാണ് നുഴഞ്ഞുകയറിയതെന്നും വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐയുടെ പിന്നില്‍ ജനങ്ങള്‍ അണിനിരക്കുന്നുവെന്ന് കണ്ടതില്‍ വിറളി പിടിച്ചിട്ടാണ് മുഖ്യമന്ത്രി ഇങ്ങനെ വിളിച്ചുപറയുന്നത്. സിപിഎം തിട്ടൂരം പുറപ്പെടുവിച്ച് എസ്ഡിപിഐ യെ സമരമുഖത്തുനിന്ന് മാറ്റിനിര്‍ത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണ്. മുഖ്യമന്ത്രി അമിത് ഷാ ആവാന്‍ ശ്രമിക്കുകയാണെന്നും അബ്ദുള്‍ ഹമീദ് പറഞ്ഞു.
Content Highlights: sdpi criticises pinarayi vijayan, caa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..