തിരുവനന്തപുരം: 2021 ജനുവരിയില്‍ വിദ്യാലയങ്ങള്‍ തുറക്കാനാകുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാലയത്തിലേക്ക് വരുന്ന കുഞ്ഞുങ്ങളെ പുതിയ പഠനാന്തരീക്ഷവും പശ്ചാത്തല സൗകര്യങ്ങളും ഒരുക്കി വരവേൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാശ്രീ പദ്ധതിയിലൂടെ സംസ്ഥാനത്തെ അഞ്ച് ലക്ഷം കുട്ടികൾക്ക് ലാപ്ടോപ്പുകൾ നൽകുമെന്നും നൂറ് ദിവസത്തിനുള്ളിൽ ലാപ്ടോപ്പ് വിതരണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ.എസ്.എഫ്.ഇയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിലാണ് അഞ്ച് ലക്ഷം കുട്ടികൾക്ക് ലാപ്ടോപുകൾ നൽകുന്നത്.

500ല്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സർക്കാർ സ്കൂളുകളിൽ കിഫ്ബി സഹായത്തോടെ കെട്ടിടനിർമാണം നടക്കുന്നുണ്ട്. അഞ്ച് കോടി രൂപവീതം മുടക്കി നിർമിക്കുന്ന 35 സ്കൂൾ കെട്ടിടങ്ങളും മൂന്ന് കോടി രൂപ ചിലവിൽ നിർമിക്കുന്ന 14 കെട്ടിടങ്ങളും നൂറ് ദിവസത്തിനകം ഉത്ഘാടനം ചെയ്യും. 27 മറ്റ് കെട്ടിടങ്ങളുടെ പണി പൂർത്തിയാക്കും. 250 സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കും.

ഇതുവരെ 45000 ക്ലാസ് മുറികൾ ഹൈടെക്ക് ആക്കി മാറ്റി. എല്ലാ എൽപി സ്കൂളുകളും ഹൈടെക്ക് ആക്കി മാറ്റാൻ കിഫ്ബി സഹായത്തോടെ നടപടികൾ പുരോഗമിക്കുന്നു. 11400 സ്കൂളുകളിൽ ഹൈടെക്ക് കമ്പ്യൂട്ടർ ലാബുകൾ സജ്ജീകരിക്കും.

സർക്കാർ-എയ്‌ഡഡ് കോളേജുകളിൽ 150 പുതിയ കോഴ്സുകൾ അനുവദിക്കും. 18 കോടി രൂപയുടെ ചെങ്ങന്നൂർ ഐടിഐ അടക്കം നവീകരിച്ച 10 ഐടിഐകളുടെ ഉദ്ഘാടനം നിർവഹിക്കും. കെ.ടി.യു, മലയാളം സർവകലാശാല എന്നിവയ്ക്ക് സ്ഥിരം കാമ്പസിനുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കി ശിലാസ്ഥാപനം നടത്തും. 126 കോടി മുതൽമുടക്കിൽ 32 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർമിക്കുന്ന കെട്ടിടങ്ങൾ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Content Highlights:schools will be reopen on 2021 january