തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിന് പിന്നിലെ നാറുന്ന കോഴക്കഥകള്‍ വെളിപ്പെടുത്തുന്ന ഇടനിലക്കാരന്റെ ശബ്ദരേഖ പുറത്ത്. കോഴിക്കോട് സ്വദേശിയും നൃത്താധ്യാപകനുമായ യുവാവാണ് ഓള്‍ കേരളാ ഡാന്‍സ് ടീച്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികളോട് നേരിട്ടും പിന്നീട് ഫോണിലും വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ ജില്ലാ കലോത്സവത്തില്‍ എട്ടാം സ്ഥാനത്തുള്ള ശിഷ്യയെ ആദ്യസ്ഥാനത്തെത്തിക്കാനായി തിരുവനന്തപുരത്തെ പ്രമുഖ നൃത്താദ്ധ്യാപിക വിധികര്‍ത്താക്കള്‍ക്ക് 1.75 ലക്ഷം രൂപ കൊടുത്തതായി ഇയാള്‍ വെളിപ്പെടുത്തി.
ശാസ്ത്രീയ നൃത്ത ഇനങ്ങളില്‍ സബ്ജില്ല മുതല്‍ സംസ്ഥാനതലം വരെയുള്ള മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പില്‍ കോഴയുടെ സ്വാധീനമുള്ളതായി ഇയാള്‍ പറയുന്നു. 2015ലെ തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിന്റെ ജഡ്ജിങ് പാനലിലെത്താനായി കണ്ണൂരുള്ള ഒരു നൃത്താദ്ധ്യാപിക അദ്ധ്യാപക സംഘടനാ നേതാവിനെ ലൈംഗികമായി സ്വാധീനിച്ചതായും വെളിപ്പെടുത്തലിലുണ്ട്.
നാലുവര്‍ഷം മുമ്പ് നെടുമങ്ങാട് നടന്ന റവന്യൂ ജില്ലാ കലോത്സവത്തില്‍ വിധികര്‍ത്താക്കള്‍ക്ക് തിരിച്ചറിയാനായി കോഡ് ഉപയോഗിച്ചിരുന്നു. സ്വര്‍ണം കെട്ടിയ ശംഖുമാല ധരിച്ചാണ് കോഴ കൊടുത്ത മത്സരാര്‍ത്ഥികള്‍ വേദിയിലെത്തിയത്. ഒരു മത്സരം കഴിയുമ്പോള്‍ മാലയുമായി മറ്റൊരിടത്തേക്ക് ഓടുകയായിരുന്നു ഏജന്റുമാരുടെ പണി.
നൃത്താധ്യാപകനുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍നിന്നുള്ള ഭാഗങ്ങള്‍:
കണ്ണൂരുള്ള മേല്‍പ്പറഞ്ഞ നര്‍ത്തകിയാണ് തന്നെ ഈ ശൃംഖലയുടെ ഭാഗമാക്കിയതെന്നും അവരാണ് കോഴ ശൃംഖലയുടെ തലപ്പത്തുള്ളതെന്നും ഇയാള്‍ പറയുന്നുണ്ട്. പാലക്കാട് ജില്ലയിലെ മുഴുവന്‍ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനാണ്. നന്നായി നൃത്തം ചെയ്യുന്ന കുട്ടികള്‍ക്ക് സബ്ജില്ലയില്‍ നിന്നുതന്നെ ബി ഗ്രേഡ് നല്‍കി പുറത്താക്കുന്നതാണ് ഇയാളുടെ ശൈലി.
ജനുവരി ആദ്യവാരം തിരുവനന്തപുരത്തു നടക്കുന്ന ജില്ലാ കലോത്സവത്തിന് സമ്മാനങ്ങള്‍ മുഴുവന്‍ നിശ്ചയിച്ചു കഴിഞ്ഞതായും ഇയാള്‍ പറയുന്നു. 40ലധികം കുട്ടികളുമായി എത്തുന്ന ഒരു അദ്ധ്യാപകനാണ് കച്ചവടമുറപ്പിച്ചത്. ജഡ്ജസ് എത്തുമ്പോള്‍ തന്നെ കച്ചവടം ഉറപ്പിക്കും. ഏറ്റവും പ്രസിദ്ധരായ നൃത്താദ്ധ്യാപകരുള്ള തിരുവനന്തപുരത്താണ് ഏറ്റവുമധികം കച്ചവടവും നടക്കുന്നത്.
ഫോണ്‍ സംഭാഷണത്തില്‍ ഇപ്പോഴത്തെ നൃത്താദ്ധ്യാപക അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെയും ഇയാള്‍ ആരോപണമുന്നയിക്കുന്നുണ്ട്. ഇവരില്‍ പലരും നേരത്തെ കോഴ കൊടുത്തു മികച്ച സ്ഥാനം നേടിയെടുത്തിരുന്നു. ഡി.പി.ഐയായി ബന്ധു ഇരിക്കെ, സ്വന്തം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്ത സമയത്ത് ഇപ്പോഴത്തെ അസോസിയേഷന്‍ ഭാരവാഹി തന്നെ ജഡ്ജിങ് പാനലില്‍ ഇരുന്നതെങ്ങനെയാണെന്നും ഇയാള്‍ ചോദിക്കുന്നു.
ഇതൊക്കെ പുറത്തുപറഞ്ഞ തന്നെ ഗുണ്ടകള്‍ ആക്രമിച്ചതായും ഇയാള്‍ വെളിപ്പെടുത്തുന്നുണ്ട്. ആദ്യം ഏജന്റായി പരിചയപ്പെടുത്തി വെളിപ്പെടുത്തല്‍ നടത്തിയ ഇയാള്‍ പിന്നീട് ഇതില്‍ നിന്നൊക്കെ പിന്മാറുന്നതായാണ് ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് മനസിലാകുന്നത്. ഏറെക്കാലമായി കേട്ടുവരുന്ന കലോത്സവ കോഴക്കഥകളുടെ ദൃക്സാക്ഷിയാണെന്നാണ് ഇയാള്‍ പറഞ്ഞവസാനിപ്പിക്കുന്നത്.
വിജിലന്‍സില്‍ പരാതിപ്പെട്ടതായി നൃത്താദ്ധ്യാപകര്‍
കലോത്സവത്തിലെ കോഴയെക്കുറിച്ചുള്ള യുവാവിന്റെ വളിപ്പെടുത്തല്‍ മുന്‍നിര്‍ത്തി, വിജിലന്‍സില്‍ പരാതി നല്‍കിയതായി ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ഗിരിജാ ചന്ദ്രന്‍, പ്രസിഡന്റ് കലാമണ്ഡലം സത്യഭാമ എന്നിവര്‍ പ്രതികരിച്ചു. വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ അധികാരപ്പെട്ടവര്‍ക്കെല്ലാം പരാതി നല്‍കും. കളങ്കമില്ലാത്ത കലോത്സവമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു.