അന്നുസാറ അലി
കോട്ടയം: സ്കൂട്ടര്‍ ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. കോട്ടയം കൊല്ലാട് കളത്തില്‍ക്കടവില്‍ വടവറയില്‍ ആലിച്ചന്റെയും സിസിലിയുടെയും മകള്‍ അന്നു സാറാ അലി(17) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.45-നുണ്ടായ അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കോട്ടയം ബേക്കര്‍ സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അന്നു, സഹോദരന് അഡ്വിന് അലിക്കൊപ്പം പരീക്ഷ എഴുതാന്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച സ്കൂട്ടര്‍ എതിരേവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അഡ്വിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടുപേരും ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും അപകടത്തില്‍ ഹെല്‍മെറ്റുകള്‍ പൊട്ടിപ്പോയി.
മൃതദേഹം ബുധനാഴ്ച 12-ന് കളത്തില്ക്കടവിലെ വീട്ടില്‍നിന്ന് കോട്ടയം ബേക്കര്‍ സ്കൂളിലേക്ക് കൊണ്ടുവരും. കുട്ടികളുടെ അന്തിമോപചാരത്തിന് ശേഷം മൂന്നിന് മുട്ടമ്പലം ദി പെന്തക്കോസ്തു മിഷന് സെമിത്തേരിയില്‍ സംസ്കാരച്ചടങ്ങ് നടക്കും.
സ്വപ്നം ബാക്കിവെച്ച് അന്നു യാത്രയായി
പഠിച്ച് നഴ്സാകുകയായിരുന്നു കഴിഞ്ഞ ദിവസം സ്കൂട്ടര്‍ അപകടത്തില്‍ മരിച്ച അന്നു സാറാ അലിയുടെ സ്വപ്നം. അതിനായി മികച്ച രീതിയില്‍ പഠിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കോട്ടയം മൗണ്ട് കാര്‍മല്‍ സ്കൂളില്‍നിന്ന് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് പത്താംതരം ജയിച്ചത്. കോട്ടയം ബേക്കര്‍ സ്കൂളില്‍ പ്ലസ് ടു ബയോ-മാത്സ് ആണ് പഠിച്ചിരുന്നത്.
ഇതുവരെയുള്ള പരീക്ഷ നല്ല നിലയില്‍ എഴുതിയിരുന്നു. പരീക്ഷയ്ക് പോകുമ്പോഴായിരുന്നു അപകടം. മത്സരപരീക്ഷകള്‍ക്ക് പരിശീലിക്കുന്ന സഹോദരന് അഡ്വിനാണ് എല്ലാ ദിവസവും സഹോദരിയെ സ്കൂളില്‍ കൊണ്ടുവിട്ടിരുന്നത്. അഡ്വിന് മുഖത്തും കാലിനുമാണ് പരിക്കേറ്റത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..