പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കൊട്ടാരക്കര: എല്‍.പി. സ്‌കൂള്‍ പി.ടി.എ.പിടിക്കാന്‍ രാഷ്ട്രീയകക്ഷികള്‍ നടത്തിയത് പൊരിഞ്ഞ പോരാട്ടം. പരമ്പരാഗത കൂട്ടുകെട്ടുകള്‍ മാറിമറിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.-ബി.ജെ.പി. ഐക്യം സി.പി.എമ്മിനെ പരാജയപ്പെടുത്തി.
വെട്ടിക്കവല ഗവ. എല്‍.പി.സ്‌കൂള്‍ പി.ടി.എ.തിരഞ്ഞെടുപ്പാണ് പുത്തന്‍ രാഷ്ട്രീയപരീക്ഷണത്തിന്റെ വേദിയായത്.
സി.പി.ഐ. ലോക്കല്‍ കമ്മിറ്റി അംഗം ബാബുവായിരുന്നു സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ്. ഇക്കുറി പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്കുവേണമെന്ന് സി.പി.എം. ആവശ്യപ്പെട്ടതോടെ സി.പി.ഐ. ഉടക്കി.
ഇതോടെ പി.ടി.എ. പിടിക്കാന്‍ പാര്‍ട്ടി സഹകരണസംഘം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രംഗത്തിറങ്ങി. ചെറുക്കാനും പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്താനും സി.പി.ഐ.യും ഒരുങ്ങിയതോടെയാണ് തിരഞ്ഞെടുപ്പ് രാഷ്ടീയപരീക്ഷണവേദിയായത്.
ബി.ജെ.പി.യുമായി കൈകോര്‍ത്തായിരുന്നു സി.പി.ഐ.തിരഞ്ഞെടുപ്പിനെ നേരിട്ടത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.എം. അംഗമായ അനീഷ് മത്സരിച്ചപ്പോള്‍ എതിരാളി സി.പി.ഐ. അംഗം രാജിയെ പിന്തുണച്ചത് ബി.എം.എസ്. പത്തനാപുരം മണ്ഡലം ജനറല്‍ സെക്രട്ടറി ബാബുവായിരുന്നു.
മത്സരത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.ഐ. വിജയിച്ചു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച ബി.എം.എസ്. ഭാരവാഹി ബാബുവിനെ പിന്തുണച്ചത് സി.പി.ഐ. ചെങ്ങമനാട് ലോക്കല്‍ കമ്മിറ്റി അംഗം നിധീഷും വെട്ടിക്കവല ലോക്കല്‍ കമ്മിറ്റി അംഗം സെന്തിലുമാണ്. എതിരേ മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന വെട്ടിക്കവല സഹകരണസംഘം പ്രസിഡന്റും സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവുമായ അനോജ് തോല്‍വി ഉറപ്പായതോടെ പിന്മാറി.
ഒന്‍പതംഗ പി.ടി.എ.സമിതിയില്‍ സി.പി.എം. പ്രതിനിധികളായ രണ്ടുപേര്‍ മാത്രമാണ് വിജയിച്ചത്. മൂന്നുപേര്‍ സി.പി.ഐ.യും നാലുപേര്‍ ബി.ജെ.പി.യുമാണ്. മുന്നണിക്കു ചേരാത്ത കൂട്ടുകെട്ടാണ് സി.പി.ഐ.യുടേതെന്നും എല്‍.ഡി.എഫ്. മേല്‍ഘടകങ്ങളില്‍ പ്രതിഷേധം അറിയിക്കുമെന്നും സി.പി.എം. പറയുന്നു.
ഇരുനൂറിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ആദ്യമായാണ് വാശിയേറിയ പി.ടി.എ.തിരഞ്ഞെടുപ്പു നടന്നത്.
നടപടികള്‍ ബോധപൂര്‍വ്വം വൈകിച്ച് ഭൂരിഭാഗം രക്ഷിതാക്കളും പോയശേഷം തിരഞ്ഞെടുപ്പു നടത്തിയതാണ് പരാജയകാരണമായി സി.പി.എം. നേതാക്കള്‍ പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..