പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടുലക്ഷത്തിലേറെ സ്‌കൂള്‍കുട്ടികളുടെ ആധാര്‍ വിവരങ്ങളില്‍ കൃത്യതയില്ലെന്ന് തസ്തികനിര്‍ണയത്തിനായി നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഒന്നേകാല്‍ ലക്ഷം കുട്ടികളുടെ ആധാര്‍ അസാധുവായതും 79,000 പേര്‍ക്ക് യു.ഐ.ഡി. ഇല്ലാത്തതുമടക്കമുള്ള പ്രശ്‌നങ്ങളാണ് വിദ്യാഭ്യാസ വകുപ്പിനുവേണ്ടി കൈറ്റ് നടത്തിയ വിശകലനത്തില്‍ കണ്ടെത്തിയത്.
എണ്ണായിരത്തിലേറെ കുട്ടികളുടെ ആധാര്‍രേഖകളില്‍ ഇരട്ടിപ്പുണ്ടെന്നും വിദ്യാഭ്യാസവകുപ്പില്‍നിന്ന് 'മാതൃഭൂമി'ക്കു ലഭിച്ച വിവരാവകാശരേഖ വ്യക്തമാക്കുന്നു. ആധാറിലെ വിവരങ്ങളും പൊരുത്തക്കേടുകളുമൊക്കെ തസ്തികനിര്‍ണയത്തിനു മുമ്പ് പരിശോധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.
മൊത്തം 33,44,858 കുട്ടികളുടെ വിവരങ്ങളാണ് തസ്തികനിര്‍ണയത്തിനായി പരിശോധിച്ചത്. ഇതില്‍ 31.51 ലക്ഷം കുട്ടികളുടെ (94.22 ശതമാനം) ആധാര്‍ സാധുവാണെന്നു കണ്ടെത്തി. 79,291 കുട്ടികള്‍ (2.37 ശതമാനം) യു.ഐ.ഡി. രേഖപ്പെടുത്തിയിട്ടില്ല. 1,13,959 കുട്ടികളുടെ (3.41 ശതമാനം) ആധാര്‍ അസാധുവാണെന്നും വെളിപ്പെട്ടു. അസാധുവായതും ആധാര്‍ ഇല്ലാത്തതുമായി 1,93,250 കുട്ടികളുണ്ട്. ഒരു സബ്ജില്ലയില്‍ ശരാശരി 1186 കുട്ടികളാണ് ഇത്തരത്തിലുള്ളത്.
2599 കുട്ടികളുടെ വിവരങ്ങളില്‍ 80-89 ശതമാനവും സമാനമെന്നു തിരിച്ചറിഞ്ഞു. ജനനത്തീയതി, ലിംഗം എന്നിവ കൃത്യമായും പേര്, അച്ഛന്റെയും അമ്മയുടെയും പേരുകള്‍ എന്നിവ ഭാഗികമായും സാമ്യമുള്ളതാണ്.
കണക്കുകള്‍ സംശയനിഴലില്‍
കേരളത്തിലെ ആധാര്‍ എന്റോള്‍മെന്റ് ഏകദേശം പൂര്‍ണമായതിനാല്‍ ഇത്രയേറെ കുട്ടികള്‍ക്ക് ആധാറില്ലെന്നു കരുതാനാവില്ല. മാത്രമല്ല, കുട്ടികളുടെ ആധാര്‍ ചേര്‍ക്കാന്‍ അക്ഷയവഴി പ്രത്യേക പദ്ധതിയും നടപ്പാക്കിയിരുന്നു. ആധാര്‍ അസാധുവായത് പോര്‍ട്ടലില്‍ നല്‍കിയ വിവരങ്ങളുടെ പൊരുത്തക്കേടുകൊണ്ടോ തെറ്റായി നല്‍കിയതുകൊണ്ടോ ആവാം. ഇതു തിരുത്താന്‍ അവസരമുണ്ടായിട്ടും ഇത്രയും കുട്ടികളുടേത് അസാധുവായതോടെ സ്‌കൂള്‍തിരിച്ചു പരിശോധന വേണമെന്നും കൈറ്റ് ആവശ്യപ്പെട്ടിരുന്നു. അണ്‍ എയ്ഡഡ് സ്‌കൂളിലെ കുട്ടികളുടെ ആധാര്‍വിവരങ്ങള്‍ ലഭ്യമല്ല. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിവരങ്ങള്‍ അതുമായി പൊരുത്തപ്പെടുത്തിനോക്കിയാലേ കണക്കില്‍ കൃത്രിമം കാണിച്ചിട്ടുണ്ടോ എന്ന് വ്യക്തമാവൂ.
കണ്ടെത്തല്‍ ഇങ്ങനെ
ആധാര്‍ അസാധുവായത്: 1,13,959
യു.ഐ.ഡി. ഇല്ലാത്തത്: 79,721
ആധാറില്‍ ഇരട്ടിപ്പ്: 8068
കൃത്യതയില്ലാത്തവ മൊത്തം: 2,01,748.
Content Highlights: School children aadhar details
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..