സുപ്രീം കോടതി | Photo: Mathrubhumi
ന്യൂഡല്‍ഹി: കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതിന് പുതിയ നടപടിക്രമം നിലവില്‍വന്നതിനാല്‍ ലാവലിന്‍ ഹര്‍ജികള്‍ നാളെയും സുപ്രീംകോടതി പരിഗണിക്കില്ല. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബര്‍ 20-നാണ് ലാവലിന്‍ ഹര്‍ജികള്‍ അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. അന്ന് ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് സി.ബി.ഐ.യുടെത് ഉള്‍പ്പെടെയുള്ള വിവിധ ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്. ഡിസംബര്‍ ഏഴിന് ഹര്‍ജികള്‍ പരിഗണിക്കാനായി മാറ്റുന്നുവെന്നാണ് അന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.
എന്നാല്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ശേഷം കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതില്‍ സമൂലമായ മാറ്റങ്ങളാണ് വരുത്തിയത്. ലിസ്റ്റിങ്ങിനുള്ള പുതിയ നടപടിക്രമങ്ങള്‍ പ്രകാരം നോട്ടീസ് അയച്ച ശേഷം വിശദമായ വാദം കേള്‍ക്കേണ്ട കേസുകള്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ലിസ്റ്റ് ചെയ്യില്ല. ലാവലിന്‍ ഹര്‍ജികള്‍ വിശദ വാദം കേള്‍ക്കേണ്ട ഹര്‍ജികളുടെ പട്ടികയിലാണെന്ന് സുപ്രീംകോടതി വൃത്തങ്ങള്‍ വ്യക്തമാക്കി. അതിനാലാണ് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുണ്ടെങ്കിലും ഏഴാംതീയതി പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതെന്ന് സുപ്രീംകോടതി വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ചീഫ് ജസ്റ്റിസ് രമണയ്ക്കും ചീഫ് ജസ്റ്റിസ് ലളിതിനും ശേഷം ഇനിയാര്?
എസ്.എന്‍.സി. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ആദ്യം പരിഗണിച്ചിരുന്നത് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചായിരുന്നു. ജസ്റ്റിസ് രമണ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍നിന്ന് പിന്മാറിയതോടെ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ ഹര്‍ജികള്‍ തീര്‍പ്പാകാതെ ജസ്റ്റിസ് യു.യു. ലളിത് വിരമിച്ചതോടെ ഹര്‍ജികള്‍ ഇനി പുതിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും. പുതിയ ബെഞ്ച് ഏതാണെന്നെന്നതിനെ സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് സൂചന.
Content Highlights: sc will not take lavalin case tomorrow
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..