പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുമെന്ന് തന്ത്രി കുടുംബം. വിധിയിലെ ആചാരങ്ങളെ ബാധിക്കുന്ന ഭാഗങ്ങള്‍ റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടും. വിധിക്കെതിരെ പന്തളം രാജകുടുംബവും തന്ത്രി കുടുംബത്തിനൊപ്പം സംയുക്തമായി പുന:പരിശോധനാഹര്‍ജി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

ക്ഷേത്രത്തില്‍ ശുദ്ധമായതൊന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെന്നും ശാസ്ത്രീയമായ പൂജകള്‍ നിലനിര്‍ത്തിയില്ലെങ്കില്‍ പരിശുദ്ധി പോകുമെന്നും തന്ത്രി കണ്ഠര് മോഹനര് പറഞ്ഞു. അടുത്ത ഒന്നാം തിയതിക്ക് മുമ്പ് കോടതിയെ സമീപിക്കുമെന്നും തന്ത്രി കുടുംബം അറിയിച്ചു.

ശബരിമല വിഷയത്തില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന പന്തളം കൊട്ടാരം പ്രതിനിധികളുമായി ശബരിമല തന്ത്രി കുടുംബം ഇന്ന് കൂടിക്കാഴ്ച്ച നടത്തി. എന്‍ എസ് എസും റിവ്യു ഹര്‍ജിയുമായി കോടതിയെ സമീപിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.