ആലമരം പൊതുശ്മശാനം| ഫോട്ടോ: ഷഹീർ സി എച്ച്
കൊച്ചി: അട്ടപ്പാടിയിലെ പുതൂരില്‍ ചക്ലിയ വിഭാഗക്കാര്‍ക്ക് ശ്മശാനം നിഷേധിച്ച സംഭവത്തില്‍ സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗകമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാതൃഭൂമി ഡോട്ട് കോം വാര്‍ത്തയെ തുടര്‍ന്നാണ് കമ്മിഷന്‍ നടപടി.
അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ഉന്മത്താമ്പടിയിലാണ് ചക്ലിയ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് ശ്മശാനം നിഷേധിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ വനത്തിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് ശവസംസ്‌കാരം നടത്തി വന്നത്. എന്നാല്‍ ജെണ്ട കെട്ടി തിരിച്ചതോടെ ഇവര്‍ അടുത്തുള്ള ആലമരം ശ്മശാനത്തില്‍ ശവസംസ്‌കാരം നടത്തി വരുകയായിരുന്നു. എന്നാല്‍ ഇത് ലോക്ക്ഡൗണ്‍ സമയത്ത് ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് ഒരുവിഭാഗം തടയുകയായിരുന്നു.
പൊതുശ്മശാനത്തില്‍ പട്ടികവര്‍ഗക്കാരുടെ ശവസംസ്‌കാരം തടഞ്ഞിട്ടുണ്ടോയെന്ന് അടിയന്തിരമായി പരിശോധിച്ച് ഇത് ജാതീയ അയിത്തത്തിന്റെ ഭാഗമായാണെങ്കില്‍ അതിന് ഉത്തരവാദികളായ വ്യക്തികള്‍ക്കെതിരേ പട്ടികജാതി പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം നടപടിയെടുക്കേണ്ടതാണെന്ന് കമ്മിഷന്‍ നിര്‍ദ്ദേശിക്കുന്നു. ജാതീയമായ അടിച്ചമര്‍ത്തലിന്റെയും അയിത്തത്തിന്റെയും ഭാഗമായ ഈ അതിക്രമം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ കമ്മിഷന് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ചക്ലിയ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ ആദ്യസമയത്ത് അടുത്തുള്ള വനഭൂമിയിലാണ് ശവസംസ്‌കാരം നടത്തി വന്നത്. എന്നാല്‍ വനംവകുപ്പ് ഈ ഭൂമി ജെണ്ട കെട്ടി തിരിച്ചതോടെ ഇവിടെ ഇവര്‍ക്ക് ശവസംസ്‌കാരം നടത്താന്‍ കഴിയാതെ വരുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്തിന്റെ അനുമതിയോടുകൂടി രണ്ട് വര്‍ഷം മുന്‍പ് മരിച്ച ഒരാളുടെ മൃതദേഹം അടുത്തുള്ള ആലമരം ശ്മശാനത്തില്‍ സംസ്‌കരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് മരിച്ച ശകുന്തള എന്ന സ്ത്രീയുടെ മൃതദേഹം സംസ്‌കരിക്കുന്നത് ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് ഇവിടെയുള്ള ഒരു വിഭാഗം തടയുകയായിരുന്നു. നിലവില്‍ മറ്റുള്ള എല്ലാ വിഭാഗക്കാരും ആലമരത്തുള്ള പൊതുശ്മശാനത്തില്‍ മൃതദേഹം മറവു ചെയ്യുമ്പോള്‍ ചക്ലിയ വിഭാഗക്കാരെ മാത്രം തടയുകയാണ്.
content highlights: SC/ST commission filed a case in the incident where the chakliyas were denied burial
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..