കൊച്ചി: ക്രിസ്തു എന്തുകൊണ്ട് ലഹരിയാകുന്നില്ലെന്ന് ക്രൈസ്തവ യുവതി-യുവാക്കള്‍ സ്വയം ചോദിക്കണമെന്ന് സിറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപയുടെ പ്രസിദ്ധീകരണമായ സത്യദീപം. ക്രൈസ്തവ യുവതി-യുവാക്കള്‍ പ്രണയക്കുരുക്കില്‍ കുടുങ്ങി നഷ്ടപ്പെടുന്നെങ്കില്‍ അവര്‍ക്കാദ്യം ക്രിസ്തു നഷ്ടമാകുന്നതുകൊണ്ടാകമെന്ന് തിരിച്ചറിയണമെന്നും മുഖപ്രസംഗം പറയുന്നു. 

'അവര്‍ ആദ്യം പറയട്ടെ' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ അപരമത വിദ്വേഷത്തിലൂന്നിയുള്ള പാഠ്യരീതികളിലൂടെ ക്രിസ്തുമത പ്രചാരണം സാധ്യമാക്കുന്ന അഭിനവ അധ്യയന രീതികള്‍ മതബോധനമല്ല മതബോധ നിരാസം തന്നെയാണെന്ന് മനസിലാക്കണമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. 

'നമ്മുടെ യുവതീ-യുവാക്കള്‍ പ്രണയക്കുരുക്കില്‍ക്കുടുങ്ങി നഷ്ടപ്പെടുന്നുവെങ്കില്‍ അവര്‍ക്കാദ്യം ക്രിസ്തു നഷ്ടമാകുന്നതുകൊണ്ടാകാമെന്ന തിരിച്ചറില്‍ തിരികെ നടത്തണം. എന്തുകൊണ്ട് ക്രിസ്തു അവര്‍ക്ക് ലഹരിയാകുന്നില്ലെന്ന് നാം സ്വയം ചോദിക്കണം. വിശുദ്ധ കുര്‍ബാനയെക്കുറിച്ച് പഠിപ്പിച്ചു, കുര്‍ബാനയാകാന്‍ മറന്നു; സഭയെപ്പറ്റി പഠിപ്പിച്ചു, സഭാ സംരക്ഷണം ക്രിസ്തീയമാകണമെന്ന് പറയാന്‍ മറന്നു. 12 വര്‍ഷത്തെ വിശ്വാസ പരിശീലനത്തിനൊടുവില്‍ അവരില്‍ അവശേഷിക്കുന്നതെന്ത് എന്നതിനേപ്പറ്റി ആത്മപരിശോധന വേണം.'- മുഖപ്രസംഗം പറയുന്നു. 

Content Highlights: Sathyadeepam editorial on school opening