കൊച്ചി: പി.സി. ജോര്‍ജിനെതിരെ പരോക്ഷ വിമര്‍ശവുമായി സിറോ മലബാര്‍ സഭ എറണാകുളം - അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം. ചുവടുതെറ്റുന്ന മതേതര കേരളം എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് സഭയുടെ വിമര്‍ശം. റാസ്പുട്ടിന്‍ ഗാനത്തിന് ചുവടുവെച്ച തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ഥികളായ നവീനും ജാനകിയ്ക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മുഖപ്രസംഗം ആരംഭിക്കുന്നത്. ഡാന്‍സ് ജിഹാദ് എന്ന പുതിയ സംജ്ഞയുമായാണ് ചിലര്‍ രംഗത്ത് എത്തിയിരിക്കുന്നത്. വിദ്വേഷ പ്രചാരണം സാമൂഹിക മനോരോഗമായി മാറിയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. 

മതതീവ്രവാദത്തിന്റെ വില്പന മൂല്യത്തെ ആദ്യം തിരിച്ചറിഞ്ഞത് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം തന്നെയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നുണ്ട്.' കാലാകാലങ്ങളില്‍ അതിന്റെ തീവ്ര മൃദുഭാവങ്ങളെ സമര്‍ത്ഥമായി സംയോജിപ്പിച്ചു തന്നെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ ജനകീയ അടിത്തറയെ വിപുലീകരിച്ചതും, വോട്ട് ബാങ്കുറപ്പിച്ചതും. ഇക്കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ മതത്തിന്റെ പേരില്‍ പരസ്യമായി വോട്ട് പിടിക്കുവോളം മതബോധം ജനാധിപത്യ കേരളത്തെ നിര്‍വ്വികാരമാക്കുന്നതും നാം കണ്ടു. അയ്യപ്പനു വേണ്ടി ചെയ്തതും ചെയ്യാതിരുന്നതും എന്ന മട്ടില്‍ രണ്ട് തട്ടിലായി പാര്‍ട്ടികളുടെ പ്രചാരണ പ്രവര്‍ത്തന നയരേഖ! തീവ്ര നിലപാടുകളുടെ ഇത്തരം വൈതാളിക വേഷങ്ങളെ തുറന്നു കാട്ടുന്നതില്‍ പ്രീണനത്തിന്റെ ഈ പ്രതിനായകര്‍ രാഷ്ട്രീയമായി നിരന്തരം പരാജയപ്പെടുമ്പോള്‍ തോറ്റുപോകുന്നത് മതേതര കേരളം മാത്രമാണ്.'

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്ന് പരസ്യമായി ഒരു രാഷ്ട്രീയ നേതാവ് പറയുന്നത് ഗുരുതര സാഹചര്യമാണെന്ന് പി.സി.ജോര്‍ജിനെ പേരെടുത്ത് പറയാതെ സത്യദീപം കുറ്റപ്പെടുത്തി. 'മതേതരത്വത്തെ ഇനി മുതല്‍ പിന്തുണയ്ക്കേണ്ടതില്ലെന്ന മട്ടില്‍ ചില തീവ്ര ചിന്തകള്‍ ക്രൈസ്തവര്‍ക്കിടയില്‍പ്പോലും ചിലയിടങ്ങളിലെങ്കിലും സംഘാതമായി പങ്കുവയ്ക്കപ്പെടുന്നുവെന്നത് മാറിയ കാലത്തിന്റെ മറ്റൊരു കോലം. ഏറ്റവും ഒടുവില്‍ 2030-ല്‍ ഇന്ത്യയെ മുസ്ലീം രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണെന്നും അതുകൊണ്ട് ഉടന്‍ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നു പരസ്യമായിപ്പോലും ഒരു നേതാവ് പറയത്തക്കവിധം ഈ വിഷ വ്യാപനത്തിന്റെ വേരോട്ടം വ്യക്തമായിക്കഴിഞ്ഞു.' മുഖപ്രസംഗത്തില്‍ പറയുന്നു. 

മതം ഏകകമാകാത്ത ഐക്യകേരളമാണ് യഥാര്‍ത്ഥ ഐശ്വര്യകേരളമെന്നും അതാകട്ടെ ഭാവി യുവകേരളവുമെന്ന വാചകത്തോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്. 

Content Highlights:Sathyadeepam criticises P C George