സന്തോഷ് മാധവന്റെ ബിനാമി കമ്പനിക്ക് മിച്ച ഭൂമി പതിച്ചു നല്‍കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി.ഡി.സതീശന്റെ തുന്ന കത്ത്. തന്റെ നിയോജകമണ്ഡലത്തില്‍ 1600 കോടി നിക്ഷേപമുള്ള പദ്ധതിക്ക് ഭൂമി നല്‍കിയത് താന്‍ പോലും അറിഞ്ഞില്ല എന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്നും സതീശന്‍ പറയുന്നു. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് സതീഷന്‍ കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,


എന്റെ നിയോജകമണ്ഡലമായ പറവൂരിലെ പുത്തന്‍വേലിക്കര വില്ലേജില്‍ 95.44 ഏക്കര്‍ സ്ഥലത്തും തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കിലെ മടത്തുംപടി വില്ലേജിലെ 32.41 ഏക്കര്‍ സ്ഥലത്തും ഹൈടെക്ക് ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനായി M/s.RMZ Eco world Infrastructure Pvt Ltd. എന്ന കമ്പനിക്ക് മിച്ച ഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള പാടശേഖരം നല്കുന്നതായി 2.3.2016 ല്‍ ഒരു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി കാണുന്നു. എന്റെ നിയോജകമണ്ഡലത്തില്‍ 1600 കോടി രൂപ നിക്ഷേപമുള്ളതായി പറയുന്ന ഒരു പ്രോജക്റ്റ് തുടങ്ങുന്നത് ഞാന്‍ പോലും അറിഞ്ഞില്ല എന്നത് ഞെട്ടിക്കുന്നതാണ്. ഈ ഭൂമി സന്തോഷ് മാധവന്‍ എന്ന വ്യക്തി ബിനാമി ഇടപാടിലൂടെ വാങ്ങിക്കൂട്ടിയതാണെന്നുള്ള പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള ഭുപരിഷ്‌കരണ നിയമപ്രകാരം സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്തിട്ടുള്ളതാണ് . ഇത് കൃഷിക്ക് അനുയോജ്യമായ പാടശേഖരമാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.

മേല്‍ പ്രസ്താവിച്ച കമ്പനി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിവിഷന്‍ പെറ്റീഷന്‍ 23.3.2011 ലെ ഉത്തരവ് പ്രകാരം കോടതി തള്ളിക്കളഞ്ഞിട്ടുള്ളതാണ്. മിച്ചഭൂമി ഏറ്റെടുക്കുന്ന നടപടി നിയമപ്രകാരമുള്ള നഷ്ടപ്രകാരം നല്കുന്നതുമായി ബന്ധപ്പെട്ട് പറവൂര്‍ തഹസില്‍ദാര്‍ പുറപ്പെടുവിച്ച നോട്ടീസിനെതിരെ കമ്പനി കോടതിയില്‍ പോയിട്ടുള്ളതും കോടതി ഹര്‍ജ്ജിക്കാരനെ നേരില്‍ കേട്ട് മൂന്നു മാസത്തിനകം തീര്‍പ്പാക്കണമെന്ന് ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ചു നടത്തിയ നടപടിക്രമങ്ങളുടെ ഭാഗമായി പറവൂര്‍, കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍മാര്‍, എറണാകുളം, തൃശൂര്‍ ജില്ലാ കലക്ടര്‍മാര്‍ എന്നിവര്‍ യാതൊരു കാരണവശാലും ഭൂപരിഷ്‌കരണ നിയമം 81 [3] അനുസരിച്ച് ഇളവ് അനുവദിക്കാന്‍ പാടില്ല എന്ന് ഏകകണ്ഠമായി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 08.03.2013ല്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ കമ്പനിയുടെ അപേക്ഷ നിരസിച്ചിട്ടുള്ളതുമാണ് ഈ കമ്പനി വീണ്ടും 25.05.2015ല്‍ 81[3] പ്രകാരമുള്ള അപേക്ഷ റവന്യൂ മന്ത്രിക്ക് സമര്‍പ്പിക്കുകയും പറവൂര്‍ അഡീഷ്ണല്‍ തഹസില്‍ദാര്‍ 22.07.2015 ല്‍ നല്കിയ റിപ്പോര്‍ട്ട് പ്രകാരം ഈ അപേക്ഷയിലെ ആവശ്യം പരിഗനാര്‍ഹം അല്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണ്.

നെല്‍വയല്‍ - തണ്ണീര്‍തട നിയമത്തിനും പരിസ്ഥിതി സംരക്ഷണ നിയമത്തിനും കടക വിരുദ്ധമായിട്ടുള്ളതും നഷ്ടപ്പെട്ട മിച്ച ഭൂമി തിരിച്ചു പിടിക്കുവാനുള്ള ശ്രമമാണ് ഈ കമ്പനി ചെയ്യുന്നതെന്ന് വില്ലേജ് ഓഫീസര്‍മാര്‍ മുതല്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഈ പദ്ധതി നടപ്പാക്കുന്നത് നിയമ വിരുദ്ധമാണ്. ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങല്‍ എല്പ്പിക്കും. എന്റെ നിയോജക മണ്ഡലത്തില്‍ ഈ പദ്ധതി നടപ്പിലാക്കുവാന്‍ യാതൊരും കാരണവശാലും അനുവദിക്കില്ലായെന്ന് വിനയപൂര്‍വ്വം അങ്ങയെ അറിയിക്കട്ടെ. ആയതിനാല്‍ 02.03.2016 ലെ റവന്യൂ വകുപ്പ് പുറത്തിറക്കിയ ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

വിശ്വസ്തതയോടെ
വി.ഡി.സതീശന്‍ എം.എല്‍.എ

 

 

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ,എന്റെ നിയോജകമണ്ഡലമായ പറവൂരിലെ പുത്തൻവേലിക്കര വില്ലേജിൽ 95.44 ഏക്കർ സ്ഥലത്തും തൃശൂർ ...

Posted by V D Satheesan on Tuesday, March 22, 2016